IFFK 2024
സിനിമയിൽ തലമുറമാറ്റം, ചലച്ചിത്രമേളയിൽ ഏറെയും യുവാക്കളും വിദ്യാർഥികളും
ടാഗോർ തിയറ്ററിൽ സിനിമ കാണാനായി ക്യൂ നിൽക്കുന്നവർ
സിനിമയ്ക്ക് മുന്നിൽ തലമുറ മാറുകയാണ്. 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വിദ്യാർഥികളും യുവാക്കളുമായിരുന്നു പങ്കാളിത്തത്തിൽ മുന്നിൽ. സിനിമകൾ തന്നെയും യുവ തലമുറയിലേക്ക്, പലപ്പോഴും വിദ്യാർഥികളിലേക്ക് ലാൻഡ് ചെയ്തിരിക്കുന്നു.
ഗ്രേറ്റ് മാസ്റ്റേഴ്സിന്റെ സിനിമകൾ. ആർട് സിനിമകൾ, ബുജി സിനിമകൾ എന്നിങ്ങനെ കലാ മൂല്യം കല്പിച്ചു നൽകുന്നതിന് ചേർത്തിരുന്ന മുൻവിനയച്ചങ്ങൾ മാറി. ക്ഷമയോടെ ക്യൂ നിന്നും ആഘോഷ പൂർവ്വം കൂട്ടുകൂടി നടന്നും അവർ ചലച്ചിത്രമേളയുടെ ഓളമായി. മാസ്റ്റേഴ്സിനെയും ക്ലാസിക്കുകളെയും അവർ ചർച്ച ചെയ്യുന്നു.
ചലച്ചിത്രമേളകൾ, ഫിലിം സൊസൈറ്റികൾ എന്നിങ്ങനെ പരിമിതപ്പെട്ടിരുന്ന ഇത്തരം സിനിമകൾ കൂടുതൽ ചെറു പ്രായക്കാരിലേക്ക് എത്തുന്നത് കഴിഞ്ഞ് ഒരു ദശാബ്ദത്തിന് ഇടയിലുണ്ടായ മാറ്റമാണെന്ന് ചലച്ചിത്ര നിരൂപകനും സൊസൈറ്റി പ്രവർത്തകനുമായി പ്രേമചന്ദ്രൻ പി പറയുന്നു. സ്കൂൾ സിലബസിൽ സിനിമയും തിരക്കഥയും എത്തിയത് വലിയ തുടക്കമായിരുന്നു.
ഇതിനു പുറമെ സിനിമ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും വർധിച്ചു. ഇവയെക്കാൾ എല്ലാം സ്വാധീനമായി തീർന്നത് ലോക സിനിമയിലെ തന്നെ മാറ്റവുമാണ്. അത് പുതിയ അഭിരുചികളെ പുതു സംവേദനങ്ങളെ സ്വാംശീകരിച്ചു.
വലിയ മാറ്റമാണ്, സിനിമയും സിനിമയുടെ പ്രേക്ഷക സമൂഹവും ഈ ചലച്ചിത്രമേളയോടെ അടയാളപ്പെടുത്തുന്നത്. വിക്ടോറിയ എന്ന സിനിമ ചെയ്ത ശിവരജ്ഞിനി വിദ്യാർഥിയാണ്. അജന്തയിലെ രണ്ടാമത്തെ പ്രദർശനത്തിനും തിക്കിതിരക്കിയത് പുതുതലമുറയായിരുന്നു. പതിവ് പോലെ എല്ലാവർക്കും ഹാളിനകത്ത് പ്രവേശിക്കാനായില്ല.
ഇത്തവണ 13000 പോരാണ് റജിസ്റ്റർ ചെയ്തത്. മണിക്കൂറുകൾ വെയിലത്ത് കാത്തു നിന്നാണ് ക്ഷമയോടെ സിനിമകൾ കണ്ടത്. പിഴവുകളില്ലാതെ പരാതിയില്ലാതെ മേള മുന്നേറി.










0 comments