വൈറലായി നാസ പകർത്തിയ വീഡിയോ
ഭൂമിയിലേക്ക് സുനിതയെ വരവേൽക്കാൻ നീന്തിയെത്തി ഡോൾഫിനുകൾ
സുനിത വില്യംസിനേയും സംഘത്തെയും വഹിച്ചുള്ള പേടകം സമുദ്രത്തിൽ വീണപ്പോൾ ആദ്യം നീന്തിയെത്തിയത് ഡോൾഫിനുകൾ. പേടകത്തിന് ചുറ്റും വട്ടമിട്ട് നീന്തുന്ന ഡോള്‍ഫിന്‍ കൂട്ടങ്ങളുടെ വീഡിയോ ഇപ്പോൾ വൈറലാണ്.
286 ദിവസങ്ങൾ സ്പേസ് സ്റ്റേഷനിൽ കഴിഞ്ഞാണ് സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തിയത്. 121 ദശലക്ഷം മൈലുകൾ ഇതിനിടെ അവർ യാത്ര ചെയ്തതായാണ് കണക്ക്. സങ്കൽപിക്കാവുന്നതിലും അപ്പുറം ദൂരം.

ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ലാന്‍ഡ് ചെയ്തത്. സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേരുമ്പോൾ അതിനിടയിലും ഡോൾഫിനുകളുടെ സാന്നിധ്യം കാണാം.
പേടകത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനുമുന്‍പ് ഒരുനിമിഷം അവരെ നിവര്‍ന്നുനില്‍ക്കാന്‍ അനുവദിച്ചിരുന്നു. നാലു പേരും ഭൂമിയിലെ മനുഷ്യരെ അഭിവാദ്യം ചെയ്തു.

അവർ നാലു പേർ
നിക്ക് ഹേഗും, അലക്സാണ്ടര്‍ ഗോര്‍ബുനോവും, ബുച്ച് വില്‍മോറുമാണ് സുനിതയെ കൂടാതെ ഭൂമിയിലെത്തിയത്. പൈലറ്റിന്‍റേയും കമാന്‍ഡറിന്‍റേയും ഇരിപ്പിടങ്ങളില്‍ നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു വാർത്തകൾ. പക്ഷെ, സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇവർക്ക് ശാരീരിക വെല്ലുവിളികൾ മറികടക്കേണ്ടി വരും.










0 comments