കോവിഡിന് പിന്നാലെ യുദ്ധം
വിനോദസഞ്ചാരം ചെലവേറിയതാവുന്നു, യാത്രികരുടെ പിൻമാറ്റത്തിൽ തളര്‍ന്ന് രാജ്യങ്ങൾ

ബാങ്കോക്ക്: കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിലെ ടൂറിസം മേഖല പൂർണ്ണമായി മുക്തമാകുന്നതിന് മുൻപ് തന്നെ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി ഇറാൻ യുദ്ധം. ഇന്ധനവില വർദ്ധനവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദത്തിലാണെന്ന് റിപ്പോര്‍ടുകൾ.
വേനൽക്കാല ടൂറിസം സീസൺ ആരംഭിക്കാനിരിക്കെ, വിമാന സർവീസുകൾ റദ്ദാക്കുന്നതും ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നതും ഈ മേഖലയിലെ വലിയൊരു തിരിച്ചടിയായി മാറിയിരിക്കുന്നു.
യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ വിമാന ഇന്ധനത്തിന് കടുത്ത ക്ഷാമവും വിലവർദ്ധനവും നേരിടുന്നുണ്ട്. ഇതേത്തുടർന്ന് വിയറ്റ്നാം എയർലൈൻസ്, എയർ ഏഷ്യ, കാഥേ പസഫിക്, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തു.
യുദ്ധത്തിന്റെ തുടക്കത്തിൽ പേർഷ്യൻ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതും ചില പ്രധാന വിമാനത്താവളങ്ങളുടെ താൽക്കാലിക അടച്ചുപൂട്ടലും ഏഷ്യയിലേക്കുള്ള സർവീസുകളെ ബാധിച്ചു. സുരക്ഷിതമായ മറ്റ് പാതകൾ തെരഞ്ഞെടുക്കേണ്ടി വന്നതോടെ യാത്രാസമയവും ചെലവും ഗണ്യമായി വർദ്ധിച്ചു. വിമാനക്കമ്പനികൾ ഇന്ധന സർചാർജ് വൻതോതിൽ വർദ്ധിപ്പിച്ചു. കാഥേ പസഫിക് എന്ന കമ്പനി മാത്രം തങ്ങളുടെ ദീർഘദൂര സർവീസുകളുടെ സർചാർജ് യുദ്ധത്തിന് മുൻപുള്ള 73 ഡോളറിൽ നിന്ന് 174 ഡോളറായി ഉയർത്തി. ടിക്കറ്റ് നിരക്കുകൾ താങ്ങാനാകാത്ത സാഹചര്യത്തിൽ പല വിദേശ സഞ്ചാരികളും തങ്ങളുടെ ഏഷ്യൻ യാത്രകൾ ഉപേക്ഷിക്കുകയാണെന്ന് ട്രാവൽ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.
സമ്പദ്‌വ്യവസ്ഥകളെ ബാധിച്ച ആഘാതം
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ (ASEAN) ജിഡിപി-യുടെ വലിയൊരു പങ്ക് ടൂറിസം മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. നിലവിലെ പ്രതിസന്ധി ഈ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന് മൂഡീസ് അനലിറ്റിക്സ് വിലയിരുത്തുന്നു. യുദ്ധം കാരണം 2026-ൽ ഏഷ്യാ പെസിഫിക് മേഖലയുടെ സാമ്പത്തിക വളർച്ചയിൽ 0.1 മുതൽ 0.4 ശതമാനം വരെ ഇടിവ് ഉണ്ടായേക്കാം.
എണ്ണ ഇറക്കുമതിക്കായി വലിയ തുക ചിലവഴിക്കുന്ന ഫിലിപ്പീൻസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് വിദേശനാണ്യം ലഭ്യമാക്കിയിരുന്നത് ടൂറിസമായിരുന്നു. എന്നാൽ സഞ്ചാരികളുടെ കുറവ് ഈ രാജ്യങ്ങളുടെ വിദേശനാണ്യ ശേഖരത്തെയും പ്രതികൂലമായി ബാധിച്ചു.
തായ്‌ലൻഡിന്റെ ജി.ഡി.പി-യുടെ 13 ശതമാനവും ടൂറിസം സംഭാവനയാണ്. എന്നാൽ ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 7% കുറവുണ്ടായി. മിഡിൽ ഈസ്റ്റിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 57 ശതമാനത്തിന്റെയും യൂറോപ്യൻ സഞ്ചാരികളുടെ എണ്ണത്തിൽ 16 ശതമാനത്തിന്റെയും ഇടിവാണ് രേഖപ്പെടുത്തിയത്. കംബോഡിയയിലെ പ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്ന സീം റീപ് (Siem Reap) പ്രവിശ്യയിൽ ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ 37.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ജിഡിപി-യുടെ 9 ശതമാനം ടൂറിസത്തെ ആശ്രയിക്കുന്ന വിയറ്റ്നാമിലെ ഹനോയ്, ഹോ ചി മിൻ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം കാരണം ആളുകൾ ആഡംബര യാത്രകൾ ഒഴിവാക്കി ബഡ്ജറ്റ് യാത്രകളിലേക്ക് മാറുന്നതായി ഹോട്ടൽ ഉടമകൾ പറയുന്നു.
സാധാരണക്കാരുടെ ഉപജീവനം
ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
കംബോഡിയയിലെ സീം റീപിൽ തുക് തുക് (ഓട്ടോറിക്ഷ) ഓടിക്കുന്ന ശിവ് പെച്ച് എന്ന 58-കാരൻ പറയുന്നു- "മുൻപ് ഒരു ദിവസം 20 ഡോളർ വരെ വരുമാനം കിട്ടിയിരുന്നു. ഇപ്പോൾ അത് 5 ഡോളറായി ചുരുങ്ങി. ഇതിൽ പകുതിയും ഇന്ധന വിലയ്ക്കായി മാറ്റിവെക്കണം. ബാക്കി തുക കൊണ്ട് വേണം ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ. ചില ദിവസങ്ങളിൽ ഒരു പൈസ പോലും വരുമാനം കിട്ടാറില്ല."
സഞ്ചാരികളുടെ കുറവിന് പുറമെ പാചക വാതകം നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റവും റസ്റ്റോറന്റ് ഉടമകളെയും ചെറുകിട കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളുമെന്ന് പ്രാദേശിക ബിസിനസ്സ് ഉടമകൾ വ്യക്തമാക്കുന്നു. അഞ്ച് വർഷത്തിനിടയിൽ കോവിഡും യുദ്ധവും തുടർച്ചയായി ആഞ്ഞടിച്ചതോടെ, ഏഷ്യൻ ടൂറിസം വ്യവസായം എപ്പോൾ പൂർണ്ണസ്ഥിതിയിലാകും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.










0 comments