അസമിൽ പ്രളയക്കെടുതി രൂക്ഷം; 3.62 ലക്ഷത്തോളം പേർ ദുരിതത്തിൽ; മരണം പത്തായി ഉയർന്നു

Photo Credit:NDTV
ഗുവാഹത്തി: കനത്ത മഴയെത്തുടർന്ന് അസമിൽ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3.62 ലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്.
ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രമുഖ നദികളെല്ലാം അപകടാവസ്ഥയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നതെന്നും അധികൃതർ അറിയിച്ചു.
അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെകണക്കുകൾ പ്രകാരം 16 ജില്ലകളിലെ 45 റവന്യൂ സർക്കിളുകൾക്ക് കീഴിലുള്ള 794 ഗ്രാമങ്ങളിലെ 3,62,933 ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. ശിവസാഗർ, ചറായിദിയോ, ജോർഹത്ത്, ദിബ്രുഗഡ് തുടങ്ങിയ ജില്ലകളാണ് പ്രളയത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.
ഉത്തരാസമിലെ പല ഭാഗങ്ങളിലും വെള്ളം ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറുകയും റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു. ഗതാഗത സൗകര്യങ്ങൾ തടസ്സപ്പെട്ട താഴ്ന്ന പ്രദേശങ്ങളിൽ വള്ളങ്ങൾ മാത്രമാണ് നിലവിൽ ആശ്രയം. കനത്ത മഴയിൽ ഏകദേശം 19,100 ഹെക്ടറിലധികം കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
പ്രളയക്കെടുതിക്കിടെ അഞ്ച് പേർ കൂടി മരണപ്പെട്ടതോടെ ഈ വർഷത്തെ പ്രളയത്തിൽ അസമിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം പത്തായി ഉയർന്നു. ജോർഹട്ടിൽ നാലുപേരുടെയും കാർബി ആങ്ലോങ്ങിൽ ഒരാളുടെയും മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്.
ശിവസാഗറിലാണ് ഏറ്റവും കൂടുതൽ ആളുകൾ ദുരിതബാധിതരായിട്ടുള്ളത്. ബ്രഹ്മപുത്ര, ബുർഹിദിഹിംഗ്, ദിസാംഗ്, ധൻസിരി, ദിഖൗ തുടങ്ങിയ പ്രധാന നദികളെല്ലാം നിലവിൽ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മഴ തുടരുകയാണെങ്കിൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യം എന്നിവയുടെ നേതൃത്വത്തിൽ ബോട്ടുകൾ ഉപയോഗിച്ച് ഇതുവരെ 6,710 ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ 101 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഇവിടെ 9,606 ആളുകളാണ് നിലവിൽ കഴിയുന്നത്. പ്രളയത്തിൽ നിരവധി റോഡുകളും ജോർഹത്ത് ജില്ലയിലെ ആറ് ഡാമുകളും തകർന്നിട്ടുണ്ട്. അസമിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments