വിദ്യാർഥിപ്രക്ഷോഭത്തിന് ഐക്യദാർഢ്യം

കൊച്ചി
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിന് പിന്തുണയുമായി സിപിഐ എം. തിങ്കൾ വൈകിട്ട് വഞ്ചി സ്‌ക്വയറിൽ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ഐക്യദാർഢ്യസദസ്സ് കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാങ്‌ചുക്കിനെ തടങ്കലിലാക്കിയ ഏകാധിപത്യനടപടി പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്‌തു.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബിജെപി സർക്കാർ വിദ്യാർഥി സമരത്തെ ക്രൂരമായി അടിച്ചമർത്തുകയാണെന്ന് എസ് സതീഷ് പറഞ്ഞു. സമീപകാല ഇന്ത്യ കണ്ട തീക്ഷ്‌ണമായ സമരമാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. എന്നാൽ, സമരത്തെ കേൾക്കാനോ സമരക്കാരുമായി ചർച്ച നടത്താനോ കേന്ദ്രം തയ്യാറാകുന്നില്ല. ദേശീയ പരീക്ഷകൾ മാർക്കറ്റിൽ തൂക്കിവിൽക്കുകയാണ് ഇന്ന് ഇന്ത്യയിൽ. സമരത്തെ തല്ലിയൊതുക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. വരരുതെന്ന് പറയുന്പോഴും ആയിരങ്ങൾ സമരത്തിലേയ്‌ക്ക് ഒഴുകിയെത്തുകയാണെന്നും എസ് സതീഷ് പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ്, എറണാകുളം ഏരിയ സെക്രട്ടറി സി മണി, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ്, പി ആർ റെനീഷ്, വി വി പ്രവീൺ, ടി ഷൺമുഖദാസ്, ബീന മഹേഷ് എന്നിവർ സംസാരിച്ചു.
വിദ്യാർഥി സമരത്തിനൊപ്പം അഭിഭാഷകർ
കൊച്ചി
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് അഭിഭാഷകര്‍ ഐക്യദാര്‍ഢ്യസദസ്സ് നടത്തി. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാർഢ്യസദസ്സ് സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മറിയാമ്മ മേഴ്സി അധ്യക്ഷയായി. ടി പി രമേശ്, മായ കൃഷ്ണൻ, മുഹമ്മദ് ഇബ്രാഹിം, കെ എസ് ജിജോ എന്നിവർ സംസാരിച്ചു.
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യസദസ്സ് അഡ്വ. തോമസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. എം ശശീന്ദ്രൻ അധ്യക്ഷനായി. സി എം നാസർ, സി ഇ ഉണ്ണിക്കൃഷ്ണൻ, കെ ആർ ദീപ, ഇ സി ബിനീഷ് എന്നിവർ സംസാരിച്ചു.
ഡൽഹിയിലെ വിദ്യാർഥിപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി എറണാകുളം ബിഎസ്എൻഎൽ
ഓഫീസിനുമുന്നിലേക്ക് നടത്തിയ മാർച്ച്
പ്രതിഷേധിച്ച് എസ്എഫ്ഐ
കൊച്ചി
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവയ്ക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രകടനം നടത്തി.
പ്രതിഷേധ യോഗം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അശ്വിൻ അനിൽ, നാസിർ അബ്ദുൽറഹ്മാൻ എന്നിവർ സംസാരിച്ചു.
കെഎസ്ടിഎ ഐക്യദാർഢ്യസദസ്സ്
കൊച്ചി
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥിപ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യസദസ്സ് നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എം നിയാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ഷൈൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ അജിത എന്നിവർ സംസാരിച്ചു.










0 comments