ഡൽഹിയിൽ പൊലീസിനൊപ്പം പ്രക്ഷോഭകരെ തല്ലിച്ചതയ്ക്കാന് സംഘപരിവാർ ഗുണ്ടകളും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സമരക്കാരെ നേരിടാൻ ഔദ്യോഗിക പൊലീസിന് പുറമെ, നെയിം ബോർഡുകളോ കൃത്യമായ തിരിച്ചറിയൽ രേഖകളോ ഇല്ലാത്ത വ്യാജ പൊലീസുകാരെയും സംഘപരിവാർ ഗുണ്ടകളെയും തെരുവിലിറക്കി കേന്ദ്രം. സമാധാനപരമായി പ്രതിഷേധിച്ച യുവതയെ ആർഎസ്എസ്-ബിജെപി ക്രിമിനലുകൾ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പലതും പുറത്തുവന്നിരിക്കുകയാണ്.
പ്രക്ഷോഭം നടത്തുന്നവരെ, ആർഎസ്എസ്- ബിജെപി അനുകൂലികൾ പൊലീസിന്റെ ഒത്താശയോടെ അവരുടെ മുന്നിലിട്ട് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലാത്തിയുപയോഗിച്ച് പ്രക്ഷോഭകരെ ക്രൂരമായി മർദിക്കുന്ന പലരും കേന്ദ്രം രംഗത്തിറക്കിയ സംഘപരിവാർ പ്രവർത്തകരാണ്. അതിൽകുറച്ചുപേരെ തിരിച്ചറിഞ്ഞതോടെയാണ് മോദിസർക്കാരിന്റെ ക്രൂരതയുടെ മറ്റൊരുമുഖം പുറത്തായത്.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിജെപി ഡൽഹിയിൽ നടത്തുന്ന വൻ ജനകീയ പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ക്വട്ടേഷൻ നൽകിയിരിക്കുന്നത്. ഫാസിസ്റ്റ് ഭരണകൂടങ്ങൾ ചരിത്രത്തിൽ ഉടനീളം പ്രയോഗിച്ച അതേ ഭീകരമുറയാണ് മോദി സർക്കാരും ഇപ്പോൾ ഡൽഹി തെരുവിൽ ആവർത്തിക്കുന്നത്.
പ്രതിഷേധക്കാരെ അടിച്ചമർത്താൻ റോഡിലിറങ്ങിയിരിക്കുന്ന 'പൊലീസുകാർ' എന്ന് അവകാശപ്പെടുന്ന ഭൂരിഭാഗം പേരുടെയും യൂണിഫോമിൽ നെയിം ബോർഡുകളോ, മറ്റ് തിരിച്ചറിയൽ അടയാളങ്ങളോ ഇല്ല. സാധാരണയായി ഒരു ജനാധിപത്യ രാജ്യത്ത് ക്രമസമാധാന പാലനത്തിന് ഇറങ്ങുന്ന പൊലീസുകാർ തങ്ങളുടെ പേര് വെളിപ്പെടുത്തണമെന്ന നിയമം നിലനിൽക്കെയാണ്, എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് ഗുണ്ടകളെപ്പോലെ ഒരു സംഘം തെരുവിൽ നരനായാട്ട് നടത്തുന്നത്.
സമരരംഗത്തുള്ള വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് അകാരണമായി മർദിക്കുക, സ്ത്രീകളെയടക്കം റോഡിലൂടെ വലിച്ചിഴയ്ക്കുക എന്നിവയാണ് ഈ നിഗൂഢ സംഘം ചെയ്യുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അക്രമാസക്തമാക്കി മാറ്റി, സമരത്തിന്റെ വീര്യം കെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇതിന് പിന്നിൽ.
കഴിഞ്ഞ ദിവസം അനിശ്ചിതകാല നിരാഹാരമിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കേന്ദ്ര സർക്കാർ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഭരണഘടനാപരമായ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെപ്പോലും ഇരുട്ടിന്റെ മറവിൽ തടവിലാക്കുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ തെരുവിൽ യുവാക്കളുടെ ചോരവീഴ്ത്തി ജനകീയ പ്രതിരോധങ്ങളെ ഭയപ്പെടുത്താമെന്നാണ് കരുതുന്നത്. രാജ്യതലസ്ഥാനം കത്തുമ്പോഴും, ജനങ്ങൾ ചോരയൊഴുക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത മൗനത്തിലാണ്.










0 comments