ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ ജീവനൊടുക്കി

മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. ഹുൻസൂർ നഗരത്തിലെ ന്യൂ മാരുതി ലേഔട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഹരീഷ് (40), ഭാര്യ നിഷിത (36), 8,14 വയസുള്ള രണ്ട് പെണ്മക്കൾ എന്നിവരാണ് മരിച്ചത്. വീടിന്റെ ഒന്നാംനിലയിലെ മുറിയിൽ ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴത്തെ നിലയിലെ കിടപ്പുമുറിയിലാണ് ഭാര്യയെയും മക്കളെയും കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂവരുടെയും മുഖത്ത് ഒട്ടിക്കുന്ന ടേപ്പ് പതിച്ച നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്വാസംമുട്ടിയാകാം മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
വീട്ടിൽനിന്ന് രണ്ട് കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. സ്വത്തുവിവരങ്ങൾ, ബാധ്യതകൾ, രേഖകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം, അവ കൈമാറേണ്ട വ്യക്തികൾ തുടങ്ങിയ വിവരങ്ങളാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് മൈസൂരു പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബൽദണ്ടി പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് ഹരീഷ് അമ്മയെ ബന്ധുവീട്ടിലേക്ക് അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണോ സംഭവത്തിന് കാരണമെന്നും കുടുംബപ്രശ്നങ്ങളോ മറ്റ് കാരണങ്ങളോ ഉണ്ടായിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്.










0 comments