വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാൻശ്രമം; 3 പേർ അറസ്റ്റിൽ

കാസർകോട്: വാഹനപരിശോധനയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ബദിയഡുക്ക നെക്രാജെ സ്വദേശികളായ സഫ്‌വാൻ (32), അമീർ (18), കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിയായ മുഹമ്മദ് ഷമീൻ(20) എന്നിവരാണ് അറസ്‌റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 1.30ഓടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കൺട്രോൾ റൂം എസ്ഐയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടക്കുന്നതിനിടെയാണ് അക്രമം.
കറന്തക്കാട് ഭാഗത്തുനിന്ന് ബൈക്കിൽ എത്തിയ മൂന്നു പേരെ പൊലീസ് പരിശോധനയ്ക്കായി തടഞ്ഞുനിർത്തി. ബൈക്കിലുണ്ടായിരുന്നവർ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ബൈക്ക് യാത്രക്കാർ പൊലീസുകാരോട് തട്ടിക്കയറുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. പൊലീസുകാരെ കൈയേറ്റംചെയ്യാൻ ശ്രമിച്ചപ്പോൾ എ ആർ ക്യാമ്പിലെ പൊലീസുകാരനായ സന്ദീപ് ഇടപെട്ട് തടയാൻ ശ്രമിച്ചു. ഇതിനിടെ പ്രതികളിൽ ഒരാൾ കത്തികൊണ്ട് സന്ദീപിന്റെ കഴുത്തിൽ കുത്താൻ ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സന്ദീപിന്റെ വലതു കൈവെള്ളയിൽ ആഴത്തിൽ മുറിവേറ്റു. സ്ഥലത്തെത്തിയ മറ്റ് പൊലീസുകാർ പ്രതികളെ കീഴ്പ്പെടുത്തി അറസ്റ്റുചെയ്യുകയായിരുന്നു.










0 comments