ad
Deshabhimani

വഖഫ്: സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുന്നു- പിണറായി

Pinarayi Vijayan Press Meet

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jul 21, 2026, 08:33 PM | 3 min read

തിരുവനന്തപുരം: കേരളത്തില്‍ അധികാരമാറ്റം നടന്ന ഉടന്‍ തന്നെ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ എല്ലാ പ്രതിരോധവും അവസാനിച്ചുപോകുന്നത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുകയും അതേസമയം സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്യുകയാണ് യുഡിഎഫ് സര്‍ക്കാര്‍. വഖഫ് ബോര്‍ഡില്‍ അനുചിതമായി ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി ഹൈക്കോടതിയില്‍ ഹര്‍ജിക്കാരുമായി ഒത്തുകളിച്ച് നേടിയെടുത്ത ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്ത സുപ്രീംകോടതി ഉത്തരവ് ആശ്വാസകരമാണ്. എന്നാല്‍, പുതിയ വഖഫ് നിയമത്തിലെ 14-ാം വകുപ്പ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുമെന്ന നിലപാട് അതേപടി സുപ്രീംകോടതിയിലും സംസ്ഥാന സർക്കാർ ആവര്‍ത്തിച്ചത് ആശങ്കാജനകമാണെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.


പുതിയ നിയമത്തിലെ സെക്ഷന്‍ 14 പ്രകാരമാണ് വഖഫ് ബോര്‍ഡ് രൂപീകരിക്കേണ്ടത്. ഇതില്‍ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടെ നിന്നുള്ള ഒരംഗത്തേയും ഇതിനോടകം വിവാദമായ അമുസ്ലീം അംഗങ്ങളെയും എല്‍ഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നുമാത്രമല്ല ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ബോധിപ്പിച്ച ഇന്‍റര്‍വെന്‍ ഷന്‍ ഹര്‍ജിയില്‍ വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ നിയമിക്കാന്‍ പാടുള്ളതല്ലെന്ന കൃത്യമായ നിലപാടും സ്വീകരിച്ചിട്ടുണ്ട്.


ഹര്‍ജിയിലെ പരാമര്‍ശം ഇപ്രകാരമാണ്. "There is no rational behind inclusion of non-Muslim members in the Waqf Boards and there is strong legal contention that such inclusion of non-Muslims violates articles 14, 25 & 26 of the Constitution of India. As per the amended section 14 of the Act, members from Muslim Community will be a minority in the board. Except the 4 members under clause (c) of sub-section (1) of section 14 all the seven members can be non-Muslims and it is left to the State Government to nominate members of their choice in the Waqf Board".


ഭേദഗതി ചെയ്ത പുതിയ വഖഫ് നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന ശക്തമായ വാദമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഈ കേസിന്‍റെ വാദം പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ സെക്ഷന്‍ 14 പ്രകാരമുള്ള മുഴുവന്‍ അംഗങ്ങളെയും നിയമിക്കേണ്ട ഒരു അത്യാവശ്യഘട്ടവും സംസ്ഥാന സര്‍ക്കാരിന് മുമ്പിലില്ലാത്തതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അമുസ്ലീങ്ങളായ അംഗങ്ങളെ വഖഫ് ബോര്‍ഡില്‍ നിയമിച്ചില്ല. കേസ് നിലവിലിരിക്കെ അമുസ്ലീം അംഗങ്ങളെ കൂടി നിയമിച്ചാല്‍ കേസ് തന്നെ ദുര്‍ബ്ബലപ്പെട്ടുപോകും. ഇതറിയാത്തവരല്ല നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മുസ്ലീംലീഗ് അടക്കമുള്ളവര്‍. എന്നാല്‍ ഇപ്പോഴത്തെ ഈ നയം മാറ്റം സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന റിട്ട് ഹര്‍ജികള്‍ മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. ന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ ബലികഴിക്കപ്പെടും.


നിലവിലെ വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് എന്തോ ചില അയോഗ്യത ഉണ്ടെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഫയല്‍ ചെയ്ത സ്റ്റേറ്റ്മെന്‍റിലും അത്തരത്തില്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് അയോഗ്യതയുണ്ടെങ്കില്‍ നിയമപ്രകാരം നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിന് അധികാരവും ബാധ്യതയുമുണ്ട്. എന്നാല്‍ അത്തരത്തില്‍ നിയമം അനുശാസിക്കുന്ന ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പകരം മാധ്യമങ്ങളിലൂടെയും കോടതിയടക്കമുള്ള ഫോറങ്ങളെ തെറ്റിദ്ധരിപ്പിച്ചും പുകമറ സൃഷ്ടിക്കുകയാണ്. പുതിയ വഖഫ് നിയമത്തിനെ എതിര്‍ക്കുന്ന എല്ലാ വിഭാഗം ആള്‍ക്കാരും സംഘടനകളും അമുസ്ലീങ്ങളുടെ നിയമനത്തെ തള്ളിക്കളയുകയാണ്. എന്നാല്‍ അതടക്കം നടപ്പിലാക്കുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.


അധികാരമാറ്റത്തിന് ശേഷം വഖഫ് ബോര്‍ഡ് പിടിച്ചടക്കാനുള്ള ഗൂഡനീക്കമാണ് ഇതിനെല്ലാം പിറകിലുള്ളത്. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിന് മുമ്പത്തെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡിനെ കാലാവധി കഴിയും വരെ (2019) തുടരാന്‍ അനുവദിക്കുകയുണ്ടായി. ഇത്തരം സ്റ്റാറ്റ്യൂട്ടറി ബോഡികളില്‍ രാഷ്ട്രീയ അട്ടിമറി നടത്തുവാനാണ് ഇപ്പോള്‍ യുഡിഎഫ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും വഖഫ് നിയമത്തിന്‍റെ ഉദ്ദേശ ശുദ്ധിയേയും വഖഫ് എന്ന ആശയത്തെ തന്നെയും ചോദ്യം ചെയ്യുന്ന സംഘപരിവാര്‍ സ്പോണ്‍സേര്‍ഡ് നിയമത്തെ അതേടപടി സ്വീകരിക്കുന്ന നിലയിലേക്ക് യുഡിഎഫ് അധഃപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളം ഉയര്‍ത്തിയ നിയമപോരാട്ടങ്ങള്‍ ദുര്‍ബ്ബലപ്പെടാതിരിക്കാന്‍ ഇപ്പോഴത്തെ വഖഫ് ബോര്‍ഡിന്‍റെ പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home