അമ്മയുടെ മൃതദേഹം പുറത്തെടുത്ത് ബൈക്കിൽ കൊണ്ടുപോയി; സഹോദരന്മാർക്കെതിരെ കേസ്

ദാവണഗെരെ: അമ്മയുടെ മൃതദേഹം സംസ്കരിച്ച സ്ഥലത്തുനിന്ന് നിയമാനുമതിയില്ലാതെ പുറത്തെടുത്ത് ബൈക്കില്‍ കൊണ്ടുപോയ സംഭവത്തിൽ രണ്ട് സഹോദരന്മാർക്കെതിരെ കേസ്. കർണാടകയിലെ ദാവണഗെരെ ജില്ലയിലെ ഹരിഹർ താലൂക്കിലെ അഡാപുർ ഗ്രാമത്തിലാണ് സംഭവം.
മഞ്ജുനാഥ്, മൂത്ത സഹോദരൻ വെങ്കടേഷ് എന്നിവർക്കെതിരെയാണ് മാലെബെന്നൂർ പൊലീസ് കേസെടുത്തത്. ജൂലൈ 18ന് രാത്രി ഒമ്പതിനും 11.30നും ഇടയിലാണ് ഇരുവരും കൃഷിയിടത്തിൽ സംസ്കരിച്ചിരുന്ന അമ്മ ഈരമ്മയുടെ (58) മൃതദേഹം പുറത്തെടുത്തത്.
ഏപ്രിൽ 29നാണ് ഈരമ്മ മരിച്ചത്. അസ്വാഭാവിക മരണമായി മാലെബെന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കുടുംബത്തിന്റെ കൃഷിയിടത്തിലാണ് സംസ്കരിച്ചത്.
അമ്മയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലായിരുന്നു സഹോദരന്മാർ. പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലാതിരുന്ന ഇരുവരും രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തുന്നതിനായാണ് മൃതദേഹം പുറത്തെടുത്തതെന്നാണ് വിവരം. മൃതദേഹം കിടക്കവിരിയിൽ പൊതിഞ്ഞ് മോട്ടോർസൈക്കിളിൽ കൊണ്ടുപോകുന്നതിനിടെ ദാവണഗെരെ നഗരത്തിലെ രാത്രി പട്രോളിങ് സംഘം ഇവരെ തടയുകയായിരുന്നു.
മൃതശരീരം പിന്നീട് ദാവണഗെരെയിലെ സി ജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമവിരുദ്ധമായി മൃതദേഹം പുറത്തെടുക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട അസ്വാഭാവിക മരണകേസിലും അന്വേഷണം തുടരുകയാണ്.










0 comments