പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികൾക്കെതിരെ നരവേട്ട; രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് എയിംസ് ഡോക്ടര്‍മാരുടെ സംഘടന

ന്യൂഡൽഹി: ജന്തർ മന്ദറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കും ഡോക്ടർമാർക്കും നേരെ പോലീസ് നടത്തിയ ബലപ്രയോഗത്തിലും ലാത്തിച്ചാർജ്ജിലും അടിയന്തരമായി സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി എയിംസിലെ റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (RDA) രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു.
രാജ്യത്തെ വിദ്യാഭ്യാസ രംഗം അഴിമതിയിലും കെടുകാര്യസ്ഥതയിലും വീണ് ദുര്‍ബലമാവുകയാണ്. പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ചും ഉത്തരവാദിത്തപ്പെട്ട മന്ത്രി ഉൾപ്പെടെയുള്ളവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും 'കോക്രോച്ച് ജനതാ പാർട്ടി' ആഹ്വാനം ചെയ്ത 'ചലോ സൻസദ്' മാർച്ചിൽ രാജ്യത്തെ വിവിധ സംഘടനകളും സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ഐക്യപ്പെട്ടു. ഡൽഹി പൂർണ്ണമായും സ്തംഭിച്ച സമരത്തിൽ പൊലീസ് നരനായാട്ട് തുടരുകയാണ്.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കും ഡോക്ടർമാർക്കും യുവാക്കൾക്കും നേരെ കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ ആർഡിഎ ചൂണ്ടിക്കാട്ടി. സുതാര്യതയും ഉത്തരവാദിത്തവും കാറ്റിൽപ്പറത്തി പല പോലീസ് ഉദ്യോഗസ്ഥരും തങ്ങളുടെ മുഖവും നെയിം ബാഡ്ജുകളും മറച്ചുവെച്ച നിലയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് പുറത്തുവന്ന വീഡിയോകൾ വ്യക്തമാക്കുന്നു.
സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ സൊനം വാങ്ചുക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ ആശുപത്രി വിടാൻ ('Leave Against Medical Advice' - LAMA) താല്പര്യം പ്രകടിപ്പിച്ചിട്ടും അതിന് അനുവദിച്ചില്ലെന്ന വാർത്തകൾ രോഗിയുടെ സ്വയം നിർണ്ണയാവകാശത്തിനും അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്നും, ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ചികിത്സ വേണ്ടെന്നുവെക്കാനും നിർത്തിവെക്കാനുമുള്ള ബോധമുള്ള ഒരു രോഗിയുടെ അവകാശം വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തത്ത്വമാണ്." എന്നും എയിംസ് ആർഡിഎ കത്തിൽ വ്യക്തമാക്കി.

തങ്ങൾ പൂർണ്ണമായും രാഷ്ട്രീയരഹിത സംഘടനയാണെന്ന് വ്യക്തമാക്കിയ ആർഡിഎ, സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എല്ലാ വിഷയങ്ങളും ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു. ഭരണഘടനയുടെ കാവലാളെന്ന നിലയിൽ രാഷ്ട്രപതി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.










0 comments