ad
Deshabhimani

ഓൺലൈൻ ടാക്സി സർവീസുകൾ ഇന്നുമുതൽ സ്തംഭിക്കും: ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

 Online Taxi .jpg
വെബ് ഡെസ്ക്

Published on Jul 21, 2026, 12:17 PM | 1 min read

കൊച്ചി: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി സർവീസുകൾ ഇന്നുമുതൽ സ്തംഭിക്കും. പ്രമുഖ സ്വകാര്യ കമ്പനികളായ ഓല, യൂബർ, റാപ്പിഡോ എന്നിവയിലെയും സർക്കാർ സംരംഭമായ ‘കേരള സവാരി’യിലെയും ഡ്രൈവർമാർ സംയുക്തമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ന്യായമായ നിരക്ക് നിശ്ചയിക്കുക, അമിത കമ്മീഷൻ ഒഴിവാക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരം.


സമരത്തിന് മുന്നോടിയായി ഡ്രൈവർമാരുടെ സംഘടനകൾ കമ്പനികൾക്ക് കത്ത് നൽകിയിരുന്നെങ്കിലും അനുകൂലമായ ചർച്ചകൾക്കൊന്നും അധികൃതർ തയ്യാറായിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സർവീസ് പുനരാരംഭിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡ്രൈവർമാർ.

1000 രൂപയുടെ റൈഡ് ലഭിച്ചാൽ അതിൽ പകുതിയോളം (500 രൂപയോളം) കമ്പനികൾ കമ്മീഷനായി പിടിച്ചെടുക്കുന്നുവെന്നാണ് ഡ്രൈവർമാരുടെ പ്രധാന പരാതി.


ഇന്ധനവില വർദ്ധനവ് കൂടിയായതോടെ കടുത്ത പ്രതിസന്ധിയിലാണ് ഇവർ. സർക്കാർ പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യും വൻതോതിൽ കമ്മീഷൻ ഈടാക്കുന്നുണ്ടെന്നും ഇതിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. നിലവിൽ ആവശ്യത്തിലധികം വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. അതിനാൽ പുതിയ വാഹനങ്ങളെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് ചേർക്കുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് ഡ്രൈവർമാരുടെ പക്ഷം. നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ബൈക്ക് ടാക്സികൾ പൂർണ്ണമായും നിരോധിക്കണം.


ഡ്രൈവർമാർ തങ്ങളുടെ ഓൺലൈൻ ആപ്പുകൾ ഓഫ് ചെയ്ത് ഓഫ്ലൈൻ ആയാണ് സമരത്തിൽ പങ്കെടുക്കുന്നത്. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇത് വലിയ യാത്രാപ്രതിസന്ധിക്ക് കാരണമാകും. ഐടി ജീവനക്കാർ, ഓഫീസുകളിലേക്ക് പോകുന്നവർ, വിമാനത്താവള-റെയിൽവേ സ്റ്റേഷൻ യാത്രക്കാർ എന്നിവരെ സമരം കടുത്ത ദുരിതത്തിലാക്കും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home