'വി എസ് അമര്‍ രഹേ'; എകെജി ഭവനിൽ വി എസ് അനുസ്മരണം

ന്യൂഡൽഹി: പാർടി സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനത്തിൽ
സിപിഐ എം ആസ്ഥാനമായ എകെജി ഭവനിൽ അനുസ്മരണം നടത്തി. ചടങ്ങിൽ ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ എം മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ നിലോൽപൽ ബസു, അരുൺ കുമാർ, വിജൂ കൃഷ്ണൻ, കേന്ദ്രകമ്മറ്റി അംഗങ്ങളായ പി കെ ശ്രീമതി, എളമരം കരീം തുടങ്ങിയവർ വിഎസിന്റെ ചിത്രത്തിൽ പുഷ്പ അർച്ചന നടത്തി.
വി എസ് എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസ്സിൽ വിപ്ലവസൂര്യനായി ജ്വലിച്ച ജനനേതാവിനെ സ്‌മരിക്കാൻ നാടെങ്ങും വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനത്തിൽ അനശ്വരരായ പുന്നപ്ര– വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നിർമിച്ച വി എസ് സ്‌മാരകം നാടിന് സമർപ്പിച്ചു. രാവിലെ ഒമ്പതിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്‌മാരകം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടത്തി.
പുന്നപ്ര– വയലാറിന്റെ സമരനായകനായ വി എസിന്റെ മൃതദേഹം വലിയ ചുടുകാട്ടിലാണ് സംസ്‌കരിച്ചത്. അവിടെത്തന്നെയാണ് സിപിഐ എം സ്‌മാരകം നിർമിച്ചത്. പ്രശസ്‌ത വാസ്‌തുശിൽപ്പി ജി ശങ്കറിന്റേതാണ് രൂപരേഖ. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, വി എസിന്റെ കുടുംബാഗങ്ങൾ തുടങ്ങി ആയിരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.










0 comments