പാലായിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസായി; ദിയാ ബിനു പുറത്തേക്ക്

പാലാ: പാലാ നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.അവിശ്വാസ പ്രമേയത്തെ 17 കൗൺസിലർമാർ അനുകൂലിച്ചു. ആറു അംഗങ്ങളുള്ള കോൺഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു യുഡിഎഫ് നേതൃത്വം കോൺഗ്രസ്, കേരള കോൺഗ്രസ്, കെഡിപി കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നു.
കോൺഗ്രസിൻറെ കൗൺസിലർമാരായ ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തത്. കോൺഗ്രസ് വിമതയായി മത്സരിച്ച് വൈസ് ചെയർപേഴ്‌സനായ മായാ രാഹുലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു.
26 അംഗ കൗൺസിലിൽ എൽഡിഎഫ് 12, യുഡിഎഫ് 10, സ്വതന്ത്രർ നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഭരണസഖ്യത്തിലെ തർക്കങ്ങളെ തുടർന്ന് ആറംഗ കോൺഗ്രസ് പ്രതിനിധികളടക്കം പാർട്ടി മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് ചെയർപേഴ്സണിൽ അവിശ്വാസം പ്രഖ്യാപിച്ച് പിന്തുണ പിൻവലിച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭയിൽ ഭരണസ്തംഭനം ഒഴിവാക്കാനും വികസന പദ്ധതികളുടെ സുഗമ നടത്തിപ്പിനും പൊതുജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനും ബദൽ സംവിധാനം ഒരുക്കാൻ ലക്ഷ്യമിട്ടാണ് എൽഡിഎഫ് അവിശ്വാസ നോട്ടിസ് നൽകിയത്.
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ സഖ്യത്തിന്റെ പാർലമെന്ററി പാർടി യോഗത്തിൽ കോൺഗ്രസ് അംഗം ബിജു മാത്യൂസിനെ സ്വതന്ത്ര കൂട്ടായ്മയിലെ രണ്ട് അംഗങ്ങൾ കൈയേറ്റം ചെയ്തിരുന്നു. ഇതിലെ പരാതിയിൽ പൊലീസ് കേസ് എടുത്തതോടെ ചെയർപേഴ്സന്റെ ഓഫിസിൽനിന്ന് ഫയലും വാച്ചും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിജു മാത്യൂസിനെതിരെ ചെയർപേഴ്സണും സെക്രട്ടറിയും പരാതി നൽകി.
ഇതിനിടെ ഭരണസഖ്യത്തിലെ തർക്കത്തെ തുടർന്ന് യുഡിഎഫിലെ രണ്ട് ഘടകകക്ഷികളെ അടർത്തിമാറ്റി നാല് അംഗങ്ങളെ സ്വതന്ത്ര കൂട്ടായ്മ കൂടെ ചേർത്തിരുന്നു. ഇതോടെയാണ് കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്സണ് എതിരെ രംഗത്തെത്തിയത്.










0 comments