ഓണപ്പരീക്ഷ എത്തി
പഠനത്തെ വിഴുങ്ങുമോ പവർകട്ട്

കൊച്ചി
"പരീക്ഷയുടെ ടെന്‍ഷനുണ്ട്, അതിനിടയില്‍ രാത്രികാലങ്ങളിലെ പഠനസമയത്ത് കറന്റ് കൂടി ഇല്ലാതായാല്‍ എന്താകുമെന്ന് അറിയില്ല' – ഓണപ്പരീക്ഷ അടുത്തെത്തിയതോടെ രാത്രിയില്‍ മണിക്കൂറുകൾ നീളുന്ന വൈദ്യുതിമുടക്കം പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ആഗസ്ത് രണ്ടാംവാരമാണ് ഓണപ്പരീക്ഷ. വിദ്യാർഥികൾ പഠനവും തയ്യാറെടുപ്പുകളും ആരംഭിച്ചിരിക്കെ ദിവസം മൂന്നും നാലും തവണയാണ് കറന്റ് പോകുന്നത്. എത്രകാലം ഇത് തുടരുമെന്ന് മന്ത്രിക്കുപോലും പറയാനാകാത്ത അവസ്ഥയിൽ വരുംദിവസങ്ങളിൽ പവർകട്ട് സമയം കുറയുമെന്ന പ്രതീക്ഷ ആർക്കുമില്ല. കൂടിയേക്കുമെന്ന ആശങ്ക നെഞ്ചിടിപ്പേറ്റുന്നു.
കുട്ടികൾക്ക് വലിയ മാനസികസമ്മർദത്തിന്റെ സമയമാണ് പരീക്ഷാക്കാലം. പകൽസമയത്തെ സ്കൂൾ തിരക്കുകൾ കഴിഞ്ഞ് വിദ്യാർഥികൾ പഠനത്തിനായി പൂർണമായും മാറ്റിവയ്ക്കുന്നത് വൈകുന്നേരങ്ങളും രാത്രികളുമാണ്. ഈ സമയങ്ങളിൽത്തന്നെ വൈദ്യുതി മുടങ്ങുന്നത് കുട്ടികളുടെ അവസാനവട്ട ഒരുക്കങ്ങളെ ദോഷകരമായി ബാധിക്കുകയാണ്. അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായതോടെ പല വിദ്യാര്‍ഥികളും പഠനസമയം കുറയ്ക്കേണ്ട നിലയാണ്.
ചൂട് കൂടുന്നതിനാൽ ഫാൻപോലും പ്രവർത്തിപ്പിക്കാനാകാതെ വായുസഞ്ചാരം കുറഞ്ഞ മുറികളിലിരുന്ന് പഠിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും ഏകാഗ്രതയെയും ബാധിക്കും. ഓൺലൈൻ പഠനസാമഗ്രികളെയും ഡിജിറ്റൽ ക്ലാസുകളെയും ആശ്രയിക്കുന്ന പുതിയ കാലത്തെ കുട്ടികൾക്ക് പവർകട്ട് ഇരട്ടപ്രഹരമാണ്. യുട്യൂബ് ക്ലാസുകളും ഓൺലൈൻ നോട്സുകളും നോക്കി പഠിക്കുന്നവർക്ക് ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ നടന്ന ഞായറാഴ്ച പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇത് പരീക്ഷ കഴിയുന്നതുവരെയെങ്കിലും തുടരണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
എന്നാല്‍, എപ്പോള്‍ വൈദ്യുതി മുടങ്ങുമെന്നോ എത്രനേരം നീളുമെന്നോ ഇപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരമില്ല. അരമണിക്കൂര്‍ ‘കട്ട്' എന്നാണ് പലയിടത്തും അറിയിപ്പ് ലഭിക്കുക. എന്നാല്‍, അരമണിക്കൂര്‍വീതം മൂന്നുവട്ടം വൈദ്യുതി മുടങ്ങുന്ന ഇടങ്ങളുമുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ ‘പവര്‍കട്ട്' വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്നത് പവറില്ലാത്ത മാര്‍ക്കായിരിക്കുമെന്ന് മാതാപിതാക്കള്‍ പറയുന്നു.










0 comments