സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് സീരിസിൽ പുതിയ താരം; ഏറ്റവും കനംകുറഞ്ഞ മോഡലെന്ന് പ്രഖ്യാപനം

കൊച്ചി: ഫോൾഡബിൾ ഫോണുകളുടെ ശ്രേണിയിൽ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ച് സാംസങ്. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ജൂലൈ 9 ന് ന്യൂയോർക്കിലെ ബ്രുക് ലിനിൽ നടന്ന ചടങ്ങിലാണ് ഏറ്റവും ഭാരവും കനവും കുറഞ്ഞ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചത്. ഭാവിയിലെ ആവശ്യങ്ങൾക്കു കൂടി അനുയോജ്യമായ വിധത്തിലാണ് ഗാലക്‌സി ശ്രേണിയിലേക്ക് പുതിയ അതിഥിയെത്തുന്നത്. സാംസങിന്റെ ഏഴാം തലമുറയായി അവതരിപ്പിച്ച സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് സെവൻ ഫോൾഡബിൾ ഫോണുകളുടെ നിരയിലെ ഏറ്റവും ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമായ ഫോണാണെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
2019ലാണ് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ആദ്യമായി ഫോൾഡബിൾ ഫോൺ സാംസങ് പുറത്തിറക്കിയത്. സ്മാർട്ട് ഫോൺ പോലെ അനായാസം കൊണ്ടു നടക്കാവുന്ന അതേസമയം ടാബ്ലറ്റിന്റെ ഗുണം ചെയ്യുന്ന ഗാലക്സി ഇസഡ് ഫോൾഡ് ആയിരുന്നു അത്. പക്ഷേ ഉയർന്ന വിലയും ഈടിനെക്കുറിച്ചും ആയുർദൈർഘ്യത്തെപ്പറ്റിയുമുള്ള ആശങ്കയും മൂലം അതു വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല. 'ഗാലക്സി ഇസഡ് സീരീസിലെ ഓരോ ഫോണും മുൻ പതിപ്പിനെക്കാൾ ഈടോടെയും കനവും ഭാരവും കുറച്ചുമാണ് ഞങ്ങളുടെ ഡിസൈനർമാരും എഞ്ചിനീയർമാരും രൂപകൽപ്പന ചെയ്യുന്നതും നിർമിക്കുന്നതും ' - കമ്പനിയുടെ ഡിവൈസ് എക്‌സ്പീരിയൻസ് വിഭാഗം മേധാവി ടി എം റോഹ് പറയുന്നു.
പുതിയ ഫോണിലെ ക്യാമറ കൂടുതൽ മികവുറ്റതാണെന്നതിന്റെ സൂചന സാംസങ് പുറത്തുവിട്ട ടീസറുകളിലുണ്ട്. ഗാലക്സി എസ് 25 സീരീസിന്റെ അൾട്രാ ക്യാമറാ എക്‌സ്പീരിയൻസ് പുതിയ ഗാലക്സി ഇസഡ് ഫോൾഡ് 7-ൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഫോൾഡബിൾ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടും ക്യാമറ തൃപ്തികരമല്ലാത്തതു കൊണ്ടു മാത്രം അതിനു മടിച്ചു നിന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ഇക്കുറി സാംസങ്ങിനു കഴിയും. ഗാലക്‌സി എഐ ഉപയോഗിച്ച് കൂടുതൽ എഐ ഫീച്ചറുകളും മികച്ച ഹാർഡ്വെയർ സപ്പോർട്ടോടെ പുതിയ എഐ-പവർ ഇന്റർഫേസും ഫോണിലുണ്ടാവുമെന്നാണ് സൂചന.









0 comments