അധികാരത്തിന്റെ ലെെംഗിക ദ്വീപ്

ഡോ. കീർത്തി പ്രഭ [email protected]
Published on Mar 08, 2026, 08:34 AM | 6 min read
ലോകത്തെ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന രാഷ്ട്രത്തലവർ, ശതകോടീശ്വരന്മാർ, അതികായന്മാരായ ബിസിനസ് മാഗ്നറ്റുകൾ... ഇവരെയെല്ലാം ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു പേരുണ്ട്– ജെഫ്രി എപ്‌സ്റ്റീൻ. വൈറ്റ് ഹൗസിലെ അധികാരക്കസേരകളിൽ ഇരുന്നവർമുതൽ ലോകപ്രശസ്തരായ ശാസ്ത്രജ്ഞർവരെ എപ്‌സ്റ്റീന്റെ അതിഥിപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഡോണൾഡ് ട്രംപും ബിൽ ക്ലിന്റനും ഉൾപ്പെടെയുള്ള ലോകനേതാക്കളുടെ വിശ്വസ്തസുഹൃത്തായിരുന്ന ഇയാൾ പടുത്തുയർത്തിയത് വെറുമൊരു സാമ്പത്തികസാമ്രാജ്യമായിരുന്നില്ല, മറിച്ച് സ്ത്രീത്വത്തെയും ബാല്യത്തെയും കശക്കിയെറിയുന്ന ഒരു പൈശാചിക അധോലോകമായിരുന്നു.
കരീബിയൻ കടലിന്റെ നീലിമയിൽ മറഞ്ഞിരിക്കുന്ന വിർജീനിയ ഐലൻഡിൽ എപ്‌സ്റ്റീൻ സ്വന്തമാക്കിയ ‘ലിറ്റിൽ സെന്റ് ജയിംസ്' എന്ന സ്വകാര്യ ദ്വീപ് ഈ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു. ആളുകൾ അതിനെ വിളിച്ചിരുന്നത് ‘പീഡോഫൈൽ ഐലൻഡ്' അഥവാ ബാലപീഡകരുടെ പറുദീസ എന്നാണ്. അധികാരത്തിന്റെ തണലിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും ലൈംഗിക അടിമകളാക്കി മാറ്റിയ ഈ ദ്വീപിലെ യാതനകൾ പതിറ്റാണ്ടുകളോളം ആരും കാണാതെ മൂടിവച്ചു.
പുറംലോകം അറിയാത്ത ഈ ക്രൂരതകളുടെ സാക്ഷ്യപത്രങ്ങൾ ഇരുട്ടറകളിൽനിന്ന് ‘എപ്‌സ്റ്റീൻ ഫയലുകൾ' എന്ന പേരിൽ ഓരോന്നായി പുറത്തുവരികയാണ്. 2019 ആഗസ്‌തിൽ അതീവസുരക്ഷയുള്ള ജയിൽ സെല്ലിൽവച്ച് എപ്‌സ്റ്റീൻ മരിച്ചെങ്കിലും, അയാൾക്കു ചുറ്റുമുള്ള നിഗൂഢതകൾ ഇന്നും അവസാനിച്ചിട്ടില്ല.
അധികാരത്തിന്റെ ഉന്നതശ്രേണികളിലിരിക്കുന്നവർ ലൈംഗികചൂഷണങ്ങളെ എങ്ങനെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മറച്ചുവയ്‌ക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഈ ഫയലുകൾ. വ്യക്തികളുടെ സ്വകാര്യ താൽപ്പര്യങ്ങൾക്കപ്പുറം, ബ്ലാക്ക്മെയിലിങ്ങിനും രാഷ്ട്രീയസ്വാധീനത്തിനുമായി ഈ ബന്ധങ്ങളെ എപ്‌സ്റ്റീൻ എങ്ങനെ ഉപയോഗിച്ചെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ലോകത്തെ വരേണ്യവർഗത്തിന്റെ മറയ്ക്കപ്പെട്ട മുഖങ്ങൾ തുറന്നുകാട്ടുന്ന ഈ രേഖകൾ, ഇരകളാക്കപ്പെട്ടവരുടെ ദീർഘകാലത്തെ പോരാട്ടത്തിന്റെ ഫലംകൂടിയാണ്. തങ്ങൾ നേരിട്ട അതിക്രമങ്ങൾ വെറുമൊരു വേദനയായി ഒതുക്കാതെ, ലോകത്തെ ഞെട്ടിച്ച ഈ ഗൂഢാലോചനയെ വെളിച്ചത്തുകൊണ്ടുവരാൻ അവർ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. നിയമവ്യവസ്ഥപോലും നിശ്ശബ്ദമായ ഇടങ്ങളിൽ, തങ്ങളുടെ ശബ്ദം ഒരു ആയുധമാക്കിമാറ്റിയ ആ ധീരരായ സ്ത്രീകളിലൂടെയാണ് എപ്‌സ്റ്റീന്റെ ഇരുണ്ടലോകം ഇന്ന് ലോകത്തിനുമുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.
ഗബ്രിയേല റിക്കോ ജിമെനെസ് നിശ്ശബ്ദമാക്കപ്പെട്ട നിലവിളി
2009 ആഗസ്ത് മൂന്ന്. മെക്സിക്കോയിലെ മോണ്ടെറിയിലുള്ള ഫിയസ്റ്റ ഇൻ ഹോട്ടലിനുമുന്നിൽ തടിച്ചുകൂടിയവർ കണ്ടത് തകർന്നുപോയ ഒരു പെൺമനസ്സിന്റെ ആക്രോശമായിരുന്നു.
ഗബ്രിയേല റിക്കോ ജിമെനെസ് എന്ന 21 വയസ്സുള്ള മോഡൽ, വരേണ്യവർഗത്തിന്റെ രഹസ്യ പാർട്ടികളിൽ നടക്കുന്ന ക്രൂരതകളെക്കുറിച്ച് അലറിവിളിച്ച് പറഞ്ഞു: "അവർ മനുഷ്യമാംസം ഭക്ഷിക്കുന്നു’ ഗബ്രിയേലയുടെ വാക്കുകൾ കേട്ടവർക്ക് അന്നത് വെറുമൊരു മാനസികവിഭ്രാന്തിയായിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം ജെഫ്രി എപ്‌സ്റ്റീൻ എന്ന ശതകോടീശ്വരന്റെ ‘ലൈംഗികദ്വീപിനെ'ക്കുറിച്ചും അവിടെ നടന്ന പൈശാചികതകളെക്കുറിച്ചും ലോകമറിഞ്ഞപ്പോൾ, ഗബ്രിയേലയുടെ വാക്കുകൾ വെറും വിഭ്രാന്തിയല്ല, മറിച്ച് പുറംലോകം അറിയാത്ത കയ്‌പേറിയ സത്യങ്ങളായിരുന്നുവെന്ന് തിരിച്ചറിയുന്നു.
ഗബ്രിയേലയുടെ വെളിപ്പെടുത്തലുകൾക്കുപിന്നാലെ അവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഒരു തുമ്പുമില്ലാതെ അപ്രത്യക്ഷയാവുകയും ചെയ്തു. ലോകത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരും ബിസിനസുകാരും ഉൾപ്പെട്ട ഒരു വലിയ മാഫിയയെക്കുറിച്ചായിരുന്നു അവൾ വിരൽചൂണ്ടിയത്. ഇന്നും ഗബ്രിയേല എവിടെയാണെന്ന് ആർക്കും അറിയില്ല. എപ്‌സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകൾ വരുമ്പോൾ, ഇത്തരം വൻതോക്കുകൾക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകൾ എങ്ങനെയാണ് വ്യവസ്ഥാപിതമായി നിശ്ശബ്ദമാക്കപ്പെടുന്നത് എന്നതിന്റെ ഉത്തമോദാഹരണമായി ഗബ്രിയേല മാറുന്നു.
വിർജീനിയ ഗ്യൂഫ്രെ
രാജകൊട്ടാരങ്ങളെ വിറപ്പിച്ചവൾ
"എന്നെ ഒരു ഇരുമ്പുചങ്ങലയിൽ ബന്ധിച്ചിരുന്നില്ലായിരിക്കാം. പക്ഷേ, ലോകത്തെ നിയന്ത്രിക്കുന്ന ആ അതിശക്തരായ മനുഷ്യരായിരുന്നു എന്റെ ചങ്ങലകൾ’– 2019-ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വിർജീനിയ ഗ്യൂഫ്രെ പറഞ്ഞ ഈ വാക്കുകൾ മതി, അവൾ അനുഭവിച്ച ക്രൂരതയുടെ ആഴം മനസ്സിലാക്കാൻ. കേവലം 17 വയസ്സുള്ളപ്പോൾ എപ്‌സ്റ്റീന്റെ ചതിക്കുഴിയിൽ വീണ വിർജീനിയ, പിന്നീട് ലോകംകണ്ട ഏറ്റവും വലിയ ലൈംഗികക്കടത്തുശൃംഖലയിലെ ഇരയായി മാറി.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ആൻഡ്രൂ രാജകുമാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൻ നിർബന്ധിക്കപ്പെട്ടുവെന്ന വിർജീനിയയുടെ വെളിപ്പെടുത്തൽ ആഗോളതലത്തിൽ വലിയ ചർച്ചയായി. എപ്‌സ്റ്റീന്റെ നിർദേശപ്രകാരം ‘ഒരു തളികയിലെ പഴംപോലെ' തന്നെ പലർക്കായി കൈമാറിയെന്ന് അവൾ വേദനയോടെ ഓർത്തെടുത്തു.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, 2025-ൽ അവളുടെ ഓർമക്കുറിപ്പുകൾ പുറത്തുവന്നതോടെ ആൻഡ്രൂ രാജകുമാരന് തന്റെ പദവികൾ പൂർണമായും ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തം മക്കളുടെ പ്രായം മാത്രമുള്ള പെൺകുട്ടികളെ വേട്ടയാടുന്ന അധികാരവർഗത്തിന്റെ തനിനിറം വിർജീനിയ ലോകത്തിനുമുന്നിൽ തുറന്നുകാട്ടി.
ചൂഷണത്തിന്റെ നരകതുല്യമായ നാളുകളിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ വിർജീനിയ അവിടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചു. 2011-ൽ തന്റെ അജ്ഞാതത്വം വെടിഞ്ഞ് പുറത്തുവന്ന അവൾ, തന്നെപ്പോലെ ഇരയാക്കപ്പെട്ടവരെ സഹായിക്കാനായി ‘എസ് ഒ എ ആർ' (സ്പീക്ക്, ഔട്ട്, ആക്ട്, റിക്ലയിം) എന്ന സംഘടനയ്ക്ക് രൂപംനൽകി. നിയമപോരാട്ടങ്ങളിലൂടെ ലഭിച്ച ദശലക്ഷക്കണക്കിന് ഡോളർ അവൾ ഈ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.
പുറമെ ശക്തയായി കാണപ്പെട്ടെങ്കിലും വിർജീനിയയുടെ സ്വകാര്യജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഭർത്താവിൽനിന്നുള്ള പീഡനങ്ങളും സാമ്പത്തികത്തകർച്ചയും ആരോഗ്യപ്രശ്നങ്ങളും അവളെ തളർത്തി. "വേദന വളരെ ആഴമേറിയതാണ്, എനിക്കിത് ഇനി സഹിക്കാനാകില്ല’ എന്ന് അവസാന നാളുകളിൽ അവൾ പറഞ്ഞിരുന്നു.
2025 ഏപ്രിലിൽ 41–-ാംവയസ്സിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ തന്റെ ഫാമിൽ വിർജീനിയയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു. ഒരുപക്ഷേ വർഷങ്ങളോളം നീണ്ട മാനസികവും ശാരീരികവുമായ പീഡനങ്ങൾ ആ പോരാളിയെ തളർത്തിയിരിക്കാം. എങ്കിലും അധികാരത്തിന്റെ അന്ധകാരത്തിൽ പെട്ടുപോയ അനേകം സ്ത്രീകൾക്ക് ശബ്ദം നൽകിയാണ് വിർജീനിയ ഗ്യൂഫ്രെ വിടവാങ്ങിയത്.
കോർട്ട്നി വൈൽഡ്
ഭയത്തെ അതിജീവിച്ചവൾ
പണവും സ്വാധീനവുമുള്ളവർക്കുമുന്നിൽ നിയമം വഴിമാറിക്കൊടുത്തപ്പോൾ, നീതിക്കായി വർഷങ്ങളോളം പൊരുതിയ പെൺകരുത്താണ് കോർട്ട്നി വൈൽഡ്. കേവലം 14–-ാംവയസ്സിൽ ജെഫ്രി എപ്‌സ്റ്റീന്റെ ക്രൂരതകൾക്ക് ഇരയാകേണ്ടി വന്ന കോർട്ട്നി, തന്നെ ഉപദ്രവിച്ച ആ ഭയാനകനായ മനുഷ്യനെതിരെ കോടതിയിൽ സധൈര്യം വിരൽചൂണ്ടി. അളവറ്റ സമ്പത്തും രാജ്യാന്തര ബന്ധങ്ങളുമുള്ള എപ്‌സ്റ്റീന്റെ അധികാരത്തിനുമുന്നിൽ പതറാതെ അവൾ തന്റെ അനുഭവം ലോകത്തോട് വിളിച്ചുപറഞ്ഞു.
കോടതിമുറിയിൽ അവളുടെ മൊഴികൾക്കുമുന്നിൽ എപ്‌സ്റ്റീൻ നിശ്ശബ്ദനായിരുന്നുവെങ്കിലും, വിദ്വേഷം നിറഞ്ഞ നോട്ടത്തിലൂടെയും ഭീഷണിയിലൂടെയും അയാൾ ഇരകളെ തളർത്താൻ ശ്രമിച്ചിരുന്നു.
ആ രൂക്ഷമായ നോട്ടങ്ങളെ അതിജീവിച്ചുകൊണ്ട്, തെരുവിലൂടെ നടക്കുമ്പോൾപ്പോലും ഭയം തോന്നിക്കുന്ന അത്രയും ക്രൂരനായ ഒരു മനുഷ്യനാണ് എപ്‌സ്റ്റീനെന്ന് കോർട്ട്നി ലോകത്തോട് പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട അനേകം പെൺകുട്ടികൾക്കുവേണ്ടി നിയമപോരാട്ടത്തിന്റെ മുൻനിരയിൽ നിന്നുകൊണ്ട്, അധികാരത്തിന്റെ തണലിൽ മറഞ്ഞിരിക്കുന്ന വേട്ടക്കാർക്ക് അവളൊരു താക്കീതായി മാറി.
ആനി ഫാർമർ
കെണികൾ തുറന്നുകാട്ടിയവൾ
ജെഫ്രി എപ്‌സ്റ്റീന്റെ ക്രൂരതകൾക്കെതിരെ കോടതിയിൽ സധൈര്യം മൊഴി നൽകിയവരിൽ പ്രധാനിയായിരുന്നു ആനി ഫാർമർ. തന്റെ 16–ാംവയസ്സിൽ ന്യൂയോർക്കിൽവച്ചുണ്ടായ ആ നിർഭാഗ്യകരമായ കൂടിക്കാഴ്ച തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ആനി കോടതിയിൽ വിശദീകരിച്ചു. ന്യൂയോർക്കിൽനിന്ന് ന്യൂ മെക്സിക്കോയിലേക്കുള്ള എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിലെ യാത്രകൾ കേവലം സുഖസൗകര്യങ്ങളായിരുന്നില്ല. മറിച്ച് കെണികളായിരുന്നുവെന്ന് ആനി വെളിപ്പെടുത്തി. വർഷങ്ങൾക്കിപ്പുറം എപ്‌സ്റ്റീന്റെ ന്യൂയോർക്കിലെ ബംഗ്ലാവിൽനിന്ന് ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ അനേകം നഗ്നചിത്രങ്ങൾ അധികൃതർ കണ്ടെടുത്തപ്പോൾ ആനി നടത്തിയ നിരീക്ഷണം ഏറെ ശ്രദ്ധേയമായിരുന്നു. ആ ചിത്രങ്ങൾ പുറത്തുവരുന്നത് താനുൾപ്പെടെയുള്ള ഇരകളെ വർഷങ്ങൾക്കുശേഷം വീണ്ടും വേട്ടയാടുന്നതിനു തുല്യമാണെന്നായിരുന്നു ആനിയുടെ പക്ഷം. പണവും സ്വാധീനവും ഉപയോഗിച്ച് ഇരകളെ വീണ്ടും അപമാനഭയത്തിന്റെ മുനയിൽ നിർത്തുന്ന എപ്‌സ്റ്റീന്റെ തന്ത്രങ്ങളെ ആനി സധൈര്യം ലോകത്തിനുമുന്നിൽ തുറന്നുകാട്ടി.
ലോലിത എക്സ്പ്രസ്
അധികാരത്തിന്റെ ആകാശയാത്രകൾ
ഒരുകാലത്ത് ലോകത്തെ വരേണ്യവർഗത്തെയും രാഷ്ട്രത്തലവന്മാരെയും വഹിച്ചുകൊണ്ട് ആകാശങ്ങളിൽ പറന്നുയർന്നിരുന്ന ജെഫ്രി എപ്‌സ്റ്റീന്റെ ‘ബോയിങ് 727' ജെറ്റ് വിമാനം ഇന്ന് അമേരിക്കയിലെ ഒരു വിമാനത്താവളത്തിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.
എന്നാൽ, ഇത് വെറുമൊരു വിമാനമല്ല. ഒരു വലിയ കുറ്റകൃത്യശൃംഖലയുടെ ചലിക്കുന്ന തെളിവാണ്. വ്ലാഡിമിർ നബക്കോവിന്റെ ‘ലോലിത’ എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കി "ലോലിത എക്സ്പ്രസ്’ എന്ന് വിളിക്കപ്പെടുന്ന ഈ വിമാനം, എപ്‌സ്റ്റീന്റെ മനുഷ്യക്കടത്ത് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു.
ബിൽ ക്ലിന്റൻ, ആൻഡ്രൂ രാജകുമാരൻ തുടങ്ങി ലോകത്തെ നിയന്ത്രിച്ചിരുന്ന പല പ്രമുഖരും ഈ വിമാനത്തിലെ പതിവുയാത്രക്കാരായിരുന്നുവെന്നത് ഇന്നും വലിയ ചർച്ചാവിഷയമാണ്. ആഡംബരയാത്രകൾക്കപ്പുറം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അതിർത്തികൾ കടത്താനും അവരെ ചൂഷണത്തിന്റെ ഇരകളാക്കാനും ഇത് ഉപയോഗിച്ചു. വർഷങ്ങളായി പറക്കാതെ കിടക്കുന്ന ഈ വിമാനത്തിനുള്ളിൽ ഇന്നും പഴയ കിടക്കകളും വിമാനരേഖകളും ഉപേക്ഷിച്ചനിലയിലുള്ള ശുചിമുറിസാധനങ്ങളും കാണാം. ഓരോ വസ്തുവും അവിടെ നടന്ന ക്രൂരതകളുടെ നിശ്ശബ്ദസാക്ഷികളായി അവശേഷിക്കുന്നു. മാലിന്യവും തുരുമ്പും പിടിച്ച് ഇനി ഒരിക്കലും പറക്കാനാകാത്തവിധം നശിച്ച ഈ വിമാനം, എപ്‌സ്റ്റീന്റെ മരണശേഷവും ലോകത്തെ നടുക്കിയ ആ ലൈംഗികവ്യാപാരശൃംഖലയുടെ മങ്ങാത്ത അടയാളമായി തുടരുന്നു. ആഡംബരങ്ങളുടെ മറവിൽ എത്രത്തോളം ഭീകരമായ കുറ്റകൃത്യങ്ങളാണ് നടന്നതെന്നതിന്റെ ഓർമപ്പെടുത്തലായി ‘ലോലിത എക്സ്പ്രസ്' മണ്ണടിയുകയാണ്.
നിഗൂഢമായ കോഡ് ഭാഷകൾ
എപ്‌സ്റ്റീൻ ശൃംഖലയിലെ ആശയവിനിമയങ്ങൾ പുറംലോകം അറിയാതിരിക്കാൻ അതീവജാഗ്രതയോടെയുള്ള കോഡ് ഭാഷകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഭക്ഷണസാധനങ്ങളുടെയും പാനീയങ്ങളുടെയും പേരുകളാണ് ഇ–മെയിലുകളിലും സന്ദേശങ്ങളിലും ഇവർ മറയാക്കിയിരുന്നത്. ‘ബീഫ് ജേക്കി' എന്ന വാക്ക് വിപരീതലിംഗത്തിലുള്ള കുട്ടികളെ ലൈംഗികവൈകൃതങ്ങൾക്കായി എത്തിക്കുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. ‘ഗ്രേപ്പ് ജ്യൂസ്' എന്നത് ഗ്രൂപ്പായ ലൈംഗികാതിക്രമങ്ങളെ സൂചിപ്പിക്കാനായിരുന്നു. ഏറ്റവും ഭയാനകമായത് ‘ചീസ് പിസ' എന്ന കോഡാണ്; ഇതിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്തുള്ള (സി പി) എന്നത് 13 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപദ്രവിക്കുന്നതിനെ അർഥമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലെ ഇടപാടുകൾക്കായി പിസ സ്ലൈസിന്റെയും ചീസ് പീസിന്റെയും ഇമോജികളാണ് ഇവർ ഉപയോഗിച്ചിരുന്നത്.
കുഞ്ഞുങ്ങളെ ചരക്കുകളായി കണ്ട് കൈമാറ്റം ചെയ്യുന്ന ഈ മാഫിയയുടെ ക്രൂരതകൾ എത്രത്തോളം ആസൂത്രിതമായിരുന്നു എന്നതിന്റെ തെളിവുകളാണ് എഫ്ബിഐ ഡീകോഡ് ചെയ്തെടുത്ത ഈ വിവരങ്ങൾ.
സാത്താനിക് ആചാരങ്ങൾ
‘ലിറ്റിൽ സെന്റ് ജയിംസ്’ ദ്വീപിൽ ജെഫ്രി എപ്‌സ്റ്റീന്റെ നേതൃത്വത്തിൽ നടന്നുവെന്ന് പറയപ്പെടുന്ന നിഗൂഢമായ ‘ഡാർക്ക് റിച്വലുകളെ'ക്കുറിച്ച് ഭീതിജനകമായ നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. പുരാതന ആരാധനാമൂർത്തിയായ മൊള്ളോക്കിന് കുഞ്ഞുങ്ങളെ ബലിനൽകുന്ന ആചാരംമുതൽ, പ്രശസ്തിക്കും അധികാരത്തിനുമായി മനുഷ്യമാംസം ഭക്ഷിക്കുന്നതും അഡ്രിനോക്രോം വേർതിരിച്ചെടുക്കാൻ കുട്ടികളുടെ രക്തം ഉപയോഗിക്കുന്നതുംവരെയുള്ള ഗൗരവമുള്ള ആരോപണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ‘ദ ഗ്രേറ്റ് അവേക്കനിങ് മാപ്പ്' പോലുള്ള രേഖകളിൽ പരാമർശിക്കുന്ന സാത്താനിക് ആചാരങ്ങളും അമേരിക്കൻ നടിയായ റോസന്ന ബാറിനെപ്പോലെയുള്ള പ്രമുഖരുടെ വെളിപ്പെടുത്തലുകളും ഈ നിഗൂഢതയുടെ ആഴം വർധിപ്പിക്കുന്നു.
മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു
ജെഫ്രി എപ്‌സ്റ്റീന്റെ പതനവും ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ഈ ‘ഫയലുകളും' വെറുമൊരു ക്രിമിനൽ കേസിലെ രേഖകളല്ല; മറിച്ച് അധികാരത്തിന്റെയും സമ്പത്തിന്റെയും മറവിൽ സ്ത്രീത്വത്തെ വെറും ഉപഭോഗവസ്തുവായി കാണുന്ന ഒരു വർഗത്തിനുള്ള കൃത്യമായ താക്കീതാണ്. പണക്കൊഴുപ്പിൽ എന്തും വിലയ്ക്കുവാങ്ങാമെന്നും സ്വാധീനമുപയോഗിച്ച് ഏതു ക്രൂരതയും മൂടിവയ്‌ക്കാമെന്നും കരുതിയവരുടെ മുഖംമൂടികൾ ഓരോന്നായി ഇവിടെ അഴിഞ്ഞുവീഴുകയാണ്. മനുഷ്യശരീരങ്ങളെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ ജീവിതങ്ങളെ ആവശ്യാനുസരണം ഉപയോഗിച്ച് വലിച്ചെറിയാവുന്ന കേവലം കച്ചവടച്ചരക്കുകളായി കണ്ട ഒരു പൈശാചികസംസ്കാരത്തിനേറ്റ തിരിച്ചടിയാണിത്.
എങ്കിലും എപ്‌സ്റ്റീൻ ഫയലുകൾ മറ്റൊരു കയ്പേറിയ സത്യംകൂടി നമുക്കുമുന്നിൽ അവശേഷിപ്പിക്കുന്നുണ്ട്. അധികാരം കൈകളിലുള്ളവർക്ക് ഏതൊരു വലിയ കുറ്റകൃത്യത്തിനുശേഷവും സുരക്ഷിതമായി ഒളിച്ചിരിക്കാൻ സാധിക്കുന്ന പഴുതുകൾ ഇപ്പോഴും നമ്മുടെ വ്യവസ്ഥിതിയിലുണ്ടെന്ന യാഥാർഥ്യമാണത്. എപ്‌സ്റ്റീൻ എന്ന വ്യക്തി ഇല്ലാതായെങ്കിലും, അയാൾക്ക് തണലൊരുക്കിയ വലിയ സ്വാധീനശൃംഖല ഇന്നും പൂർണമായും വെളിച്ചത്ത് വന്നിട്ടില്ല. ആധുനികലോകത്തും സ്ത്രീയുടെ അന്തസ്സും സുരക്ഷയും ഇത്രമേൽ ഭീഷണി നേരിടുന്നത് അധികാരത്തിന്റെ അന്ധമായ ഗർവ് കാരണമാണ്. അധികാരത്തിന്റെ ഈ അദൃശ്യചങ്ങലകൾ തകർക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന പ്രഖ്യാപനമാണ് ഓരോ എപ്‌സ്റ്റീൻ ഫയലും നമുക്ക് നൽകുന്നത്.










0 comments