പുതിയ എഐ മോഡലുകൾ അവതരിപ്പിച്ച് ഓപ്പൺ എഐ

open ai
വെബ് ഡെസ്ക്

Published on Apr 17, 2025, 07:18 PM | 1 min read

സാൻഫ്രാൻസിസ്കോ : പുതിയ രണ്ട് നിർമിത ബുദ്ധി മോഡലുകൾ അവതരിപ്പിച്ച് ഓപ്പൺ എഐ. ഒ3, ഒ4 (o3, o4) എന്നിവയാണ് പുതിയ മോഡലുകൾ. വെബ് സെർച്ചിങ്, ഫയൽ വിശകലനം, ചിത്രങ്ങൾ നിർമിക്കൽ തുടങ്ങിയവയ്ക്കുള്ള ടൂളുകളെ സംയോജിപ്പിക്കാനും ഉപയോ​ഗിക്കാനും സാധിക്കുന്ന ആദ്യ എഐ റീസണിങ് മോഡലുകളാണ് ഇവയെന്ന് കമ്പനി വ്യക്തമാക്കി.


കൃത്യമായ ഫോർമാറ്റിൽ വിശദമായ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതിന് ഈ ഉപകരണങ്ങൾ എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാൻ എഐ മോഡലുകൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. സങ്കീർണ്ണമായ, പല തലങ്ങളിലുള്ള കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് പുതിയ മോഡലുകൾക്ക് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താവിന്റെ പേരിൽ സ്വതന്ത്രമായി ജോലികൾ നിർവഹിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ഏജന്റ് ചാറ്റ്ജിപിടി നിർമ്മിക്കുന്നതിനുള്ള പ്രാരംഭ ഘട്ടമാണിതെന്നും കമ്പനി പറയുന്നു.


കോഡിംഗ്, ഗണിതം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ് പുതിയ o3 മോഡലെന്നാണ് ഓപ്പൺ എഐയുടെ വാദം. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും യുക്തിസഹമായ മോഡലാണിതെന്നും ഉത്തരങ്ങൾ പെട്ടെന്ന് വ്യക്തമല്ലാത്ത പല തലങ്ങളിലുള്ള ചോദ്യങ്ങൾ പരിഹരിക്കുന്നതിന് o3 അനുയോജ്യമാണെന്നും കമ്പനി പറഞ്ഞു. ചിത്രങ്ങൾ, ചാർട്ടുകൾ, ഡയഗ്രമുകൾ എന്നിവ വിശകലനം ചെയ്യുന്നതിലും o3 മികവ് പുലർത്തുന്നുവെന്നാണ് പറയുന്നത്.


വേഗത്തിലും ചെലവ് കുറവിലും കാര്യങ്ങൾ ചെയ്യാൻ വേണ്ടി തയാറാക്കിയ ചെറിയ മോഡലാണ് o4-മിനി. ഗണിതം, കോഡിംഗ്, വിഷ്വൽ റീസണിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഡാറ്റാ സയൻസ് പോലുള്ള മേഖലകളിൽ ഇത് അതിന്റെ മുൻഗാമിയായ o3-മിനിയെ മറികടക്കുന്നുണ്ടെന്നും ഓപ്പൺ എഐ പറഞ്ഞു. ചിത്രങ്ങൾ കാണുക മാത്രമല്ല, അവയെപ്പറ്റി ചിന്തിക്കുന്നതാണ് പുതിയ എഐ മോഡലുകളെന്നാണ് കമ്പനിയുടെ വാദം.


ചാറ്റ് ജിപിടി ഫോർ പ്ലസ്, പ്രോ, ടീം സബ്‌സ്‌ക്രൈബർ എന്നിവർക്ക് ചാറ്റ്ജിപിടിയിലെ മോഡൽ സെലക്ടർ മെനുവിൽ ഇവ ലഭ്യമാണെന്ന് ഓപ്പൺഎഐ പറഞ്ഞു. സൗജന്യ ഉപയോക്താക്കൾക്ക് സെർച്ചിനു മുമ്പ് കമ്പോസറിൽ 'തിങ്ക്' തിരഞ്ഞെടുത്ത് പുതിയ o4-മിനി മോഡൽ പരീക്ഷിക്കാമെന്നും കമ്പനി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home