ചാറ്റ് ജിപിടി ഇനി ഉപയോക്താക്കളുടെ പ്രായവും പരിശോധിക്കും; ലക്ഷ്യം കുട്ടികളുടെ സുരക്ഷയെന്ന് കമ്പനി

open ai
വെബ് ഡെസ്ക്

Published on Sep 17, 2025, 05:15 PM | 1 min read

സാൻഫ്രാൻസിസികോ: കൗമാരക്കാരുടെ സുരക്ഷക്കായി ചാറ്റ് ജിപിടി ഉപയോക്താക്കളുടെ ഏകദേശ പ്രായം കണക്കാക്കാനുള്ള പ്രായ പ്രവചന സംവിധാനം നിർമിക്കുന്നതായി ഓപ്പൺ എഐ. നൂതന സംവിധാനത്തിലൂടെ ആത്മഹത്യയെക്കുറിച്ചോ സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ ഉള്ള ചാറ്റുകളിൽ നിന്നും പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾക്ക് സംരക്ഷണം നൽകുമെന്ന് കമ്പനി പറയുന്നു.


പുതിയ സംവിധാനത്തിലൂടെ ചാറ്റ് ജിപിടിയിൽ നടത്തുന്ന സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉപയോക്താവിന്റെ പ്രായം കണക്കാക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. ഇതിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ കണ്ടുപിടിക്കും. ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കുക, തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങളും സംഭാഷണങ്ങളും ആ ഉപയോക്താക്കളിൽ നിന്ന് വിലക്കും.


പ്രായ പ്രവചന സംവിധാനം വഴി ഉപയോക്താവിന്റെ പ്രായം നിർണയിക്കാൻ കഴിഞ്ഞില്ലെങ്കിലും അത്തരം സംഭാഷണങ്ങൾക്ക് വിലക്കേർപ്പെടുത്തും. ചില സന്ദർഭങ്ങളിൽ ഐഡി ആവശ്യപ്പെടുമെന്നും ഓപ്പൺ എഐ പറയുന്നു. സ്വകാര്യതാ വിട്ടുവീഴ്ചയാണെന്ന് അറിയാമെങ്കിലും അനിവാര്യമായ വിട്ടുവീഴ്ചയാണെന്ന് ഓപ്പൺ എ ഐ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു.


പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ആത്മഹത്യയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് തിരയുന്നതെങ്കിൽ രക്ഷിതാക്കളുമായി ബന്ധപ്പെടാനും വിവരം അറിയിക്കാനുമുള്ള സംവിധാനം തയാറാക്കുമെന്നാണ് ഓപ്പൺ എഐ പറയുന്നത്. അത് സാധ്യമല്ലാത്ത പക്ഷം അധികാരികളെ അറിയിക്കാനും ശ്രമിക്കും.


എന്നാൽ ഈ സംവിധാനം എത്രമാത്രം പ്രാവർത്തികമാകുമെന്നത് സംശയമാണെന്ന് കമ്പനി സിഇഒ തന്നെ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യത, സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉപയോക്താക്കൾ ഉയർത്തുന്നുണ്ട്. ഇത് വിദ​ഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ആൾട്ട്മാൻ വ്യക്തമാക്കി.


ടെക് കമ്പനികൾ നിർമ്മിക്കുന്ന എഐ ചാറ്റ്ബോട്ടുകൾ കുട്ടികളെയും കൗമാരക്കാരെയും എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്താൻ ഫെഡറൽ ട്രേഡ് കമ്മീഷൻ ഈ മാസം ആദ്യം അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകൻ ജീവനൊടുക്കാൻ എഐ ചാറ്റ്ബോട്ട് ഉത്തരവാദിയാണെന്ന് ആരോപിച്ച് ഓപ്പൺ എഐക്കെതിരെ ഒരു കുടുംബം കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് ശേഷമാണ് ചാറ്റ്ജിപിടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഓപ്പൺ എഐ അറിയിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home