ഫോൺ നഷ്ട്ടപ്പെട്ട് പോയാൽ എന്ത് ചെയ്യും..? സർക്കാർ സംവിധാനത്തിലൂടെ ബ്ലോക്ക് ചെയ്യാം...

ഫോൺ നഷ്ട്ടപ്പെട്ട് പോയാൽ എന്ത് ചെയ്യും. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി നിയമനടപടിക്കായി കാത്ത് നിൽക്കും മുൻപ് നഷ്ട്ടപെട്ട ഫോൺ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം സർക്കാരിന് തന്നെയുണ്ട്. പോലീസിൽ പരാതി രജിസ്റ്റർ ചെയ്തയുടനെ ഒരു ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഡ്യൂപ്ലിക്കേറ്റ് സിം അത്യാവശ്യമാണ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് 24 മണിക്കൂറിനുള്ളിൽ തന്നെ ആ സിം ആക്ടിവേറ്റ് ആവും.
സിം ആക്ടിവേറ്റ് ആയശേഷം https://www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്‌സൈറ്റിൽ ബ്ലോക്ക് സ്റ്റോളൻ/ ലോസ്റ്റ് മൊബൈൽ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അവിടെ നിങ്ങൾക്ക് ഒരു ഫോം പൂരിപ്പിക്കേണ്ടതായുണ്ട്. അതിൽ ഫോൺ നഷ്ട്ടപ്പെട്ട സമയം, സ്ഥലം, തിയതി, പരാതി കൊടുത്ത പോലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെ പകർപ്പ് എന്നിവ നൽകുക. ഇതിനു ശേഷം നഷ്ടപ്പെട്ട ഫോണിന്റെ ഉടമയുടെ തിരിച്ചറിയൽ രേഖയും മറ്റ് വ്യക്തിഗത വിവരങ്ങളും നൽകി ഫോൺ ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കുക. ഇത് നൽകി 24 മണിക്കൂറിനുള്ളിൽ തന്നെ ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യപ്പെടും.
പിന്നീട് ഫോൺ ലഭിച്ചയാൾ മറ്റേതെങ്കിലും സിം കാർഡ് ഉപയോഗിച്ച് ആ ഫോൺ പ്രവൃത്തിപ്പിക്കാൻ ശ്രമിച്ചാലും അത് സാധിക്കില്ല. പിന്നീട് ഫോൺ തിരിച്ചുകിട്ടിയാൽ ഇതേ വെബ്‌സൈറ്റിൽ കയറി ഫോൺ അൺബ്ലോക്ക് ചെയ്യാവുന്നതാണ്. ഫോണിന്റെ ഐഎംഇഐ നമ്പർ ഫോണിന്റെ പാക്കേജിന് പുറത്ത് തന്നെ നിങ്ങൾക്ക് കാണാനാകും. രണ്ട് സിം കാർഡ് ഉള്ള ഫോണുകളിൽ രണ്ട് ഐഎംഇഐ നമ്പർ ഉണ്ടാകും. പാക്കേജ് നഷ്ടമായാൽ നിങ്ങളുടെ ഫോണിൽ നിന്ന് *#06# എന്ന് ഡയൽ ചെയ്ത് ഐഎംഇഐ നമ്പർ കണ്ടെത്താവുന്നതാണ്. ഫോൺ നഷ്ട്ടപ്പെട്ടുപോകുന്ന സാഹചര്യങ്ങളിലേക്ക് ഈ നമ്പർ ആവശ്യമുള്ളതിനാൽ നേരത്തെ കണ്ടെത്തി സൂക്ഷിച്ചുവയ്ക്കാം.









0 comments