ഐഎംഇഐ മാറ്റിയ മൊബൈലും കൈമാറിയ സിം കാർഡും പണി തരും- മുന്നറിയിപ്പ്

ന്യൂഡൽഹി: സിം കാർഡുകൾ സൈബർ തട്ടിപ്പുകൾക്കോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കപ്പെട്ടാൽ ആ സിം കാർഡിന്റെ യഥാർത്ഥ ഉടമയും നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) മുന്നറിയിപ്പ്.
ഐഎംഇഐ നമ്പർ മായ്ച്ചതോ മാറ്റിയതോ ആയ മൊബൈൽ ഫോണുകൾ, കോൺഫിഗറബിൾ ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി ( IMEI) മാറ്റം വരുത്തിയിട്ടുള്ള മോഡങ്ങൾ, മോഡ്യൂളുകൾ, സിം ബോക്‌സുകൾ തുടങ്ങിയ അസംബ്ലഡ് ഉപകരണങ്ങളും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് ഓർമ്മപ്പെടുത്തുന്നു.
കള്ളരേഖ ഉപയോഗിച്ച് സിം എടുക്കുന്നതും, മറ്റൊരാൾക്ക് സ്വന്തം സിം കാർഡ് കൈമാറുന്നതും ഗുരുതര ശിക്ഷകൾക്ക് കാരണമാകും. ടെലികമ്മ്യൂണിക്കേഷൻസ് ആക്റ്റ്- 2023 പ്രകാരം ഐഎംഇഐ ഉൾപ്പെടെ ടെലികോം ഐഡന്റിഫയർ തകർക്കൽ/മാറ്റം വരുത്തൽ എന്നിവ കുറ്റകരമാണ്. ശിക്ഷയായി മൂന്ന് വർഷം വരെ തടവ്, ₹50 ലക്ഷം വരെ പിഴ, അല്ലെങ്കിൽ ഇവ രണ്ടും ലഭിക്കാൻ സാധ്യതയുണ്ട്.
മറ്റൊരാൾക്കു നൽകിയ സിം അവർ ദുരുപയോഗം ചെയ്താലും സിം കാർഡ് ഉടമ കുറ്റക്കാരായി കണക്കാക്കപ്പെടും.

അതോടൊപ്പം കോളിംഗ് ലൈൻ ഐഡന്റിറ്റി (CLI) അല്ലെങ്കിൽ മറ്റ് ടെലികമ്മ്യൂണിക്കേഷൻ തിരിച്ചറിയൽ സംഖ്യകൾ മാറ്റി കൃത്രിമം നടത്തുന്ന തരം ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. ടെലികമ്മ്യൂണിക്കേഷൻ (ടെലികോം സൈബർ സുരക്ഷ) നിയമങ്ങൾ- 2024 പ്രകാരം ഇത്തരം ഉപകരണങ്ങൾ കൈവശം വെക്കുന്നത് പോലും കുറ്റകരമാണ്.
ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് Sanchar Saathi പോർട്ടൽ അല്ലെങ്കിൽ മൊബൈൽ ആപ്പിലൂടെ ഉപകരണത്തിന്റെ IMEI വിശദാംശങ്ങൾ പരിശോധിച്ച്, ബ്രാൻഡ്, മോഡൽ, നിർമ്മാതാവ് തുടങ്ങിയ വിവരങ്ങൾ സ്ഥിരീകരിക്കാം.









0 comments