ഇന്ത്യയുടെ ഗഗൻയാൻ: 2021ൽ യുവതിയടക്കം 3 പേർ ബഹിരാകാശത്തേക്ക‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 12, 2019, 04:21 AM | 0 min read

ബംഗളൂരു>മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ‌്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ. ഒരു യുവതിയടക്കം മൂന്നു പേരെ ഏഴുദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി. 30000 കോടിയാണ‌് ചെലവ‌് പ്രതീക്ഷിക്കുന്നതെന്ന‌് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ അറിയിച്ചു. രണ്ടാം ചന്ദ്ര ദൗത്യമായ ചാന്ദ്രയാൻ–-2 ഏപ്രിൽ അവസാനത്തേക്ക‌് മാറ്റി.

ജിഎസ‌്എൽവി മാർക്ക‌്–-3 റോക്കറ്റിലാകും യാത്രികർ കുതിക്കുക. ഇതിനു മുന്നോടിയായി ആളില്ലാ പരീക്ഷണ വിക്ഷേപണങ്ങൾ ശ്രീഹരിക്കോട്ടയിൽനിന്ന‌് നടത്തും. 2020 ഡിസംബറിലും 2021 ജൂലൈയിലുമാകുമിത‌്. ദൗത്യത്തിന‌് റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സഹായവും ലഭ്യമാക്കും.

സഞ്ചാരികൾ വ്യോമനോട്ട‌് എന്നാണ‌് അറിയപ്പെടുക. വ്യോം എന്നത‌് സംസ‌്കൃത വാക്കാണ‌്. ബഹിരാകാശം എന്നർഥം. വ്യോമനോട്ടുകളുടെ ആദ്യ പരിശീലനം ഇന്ത്യയിൽ തന്നെ നടക്കും. വിദഗ്‌ധ പരിശീലനം റഷ്യയിലും. ഇവരെ  തെരഞ്ഞെടുക്കാനുള്ള പ്രാരംഭ നടപടി ഉടൻ തുടങ്ങും.

മലയാളിയായ ഡോ. എസ‌് ഉണ്ണികൃഷ്‌ണൻ നായർക്കാണ് ദൗത്യത്തിന്റെ മുഖ്യ ചുമതല. ഗഗൻയാൻ ദൗത്യം വിജയകരമായാൽ ഈ രംഗത്ത് ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തും. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇതിനുമുമ്പ‌് സ്വന്തം പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home