പിള്ളാരുടെ ഇടപാടിന‌് ഖാലിജേബ്

പണമിടപാടുകൾ വേഗത്തിലാക്കാൻ ഇപ്പോൾ ഒരുപാട് ആപ്ലിക്കേഷനുകൾ സ‌്മാർട‌് ഫോണിൽ ലഭ്യമാണ്. ആ നിരയിലേക്ക് ഇതാ പുതിയൊരുപേരുകൂടി, ഖാലിജേബ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട് അപ‌് കമ്പനിയാണ് ഖാലിജേബിന് പിന്നിൽ. രാജ്യത്തെ മറ്റ് യുപിഐ ആപ്പുകളെപ്പോലെ നാഷണൽ പേമെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് ഖാലിജേബ് എത്തുന്നത്. പക്ഷേ ഇവയിൽ നിന്ന് ഖാലിജേബിനെ വ്യത്യസ്തമാക്കുന്നത് ആപ്പ് വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ളതാണെന്നതാണ്.
നിലവിൽ അധികം ബാങ്ക് വിവരങ്ങൾ നൽകാതെ ഇടപാടുകൾ എളുപ്പത്തിൽ നടത്തുക മാത്രമാണ് ആപ്പിൽ സാധ്യമാകുന്നതെങ്കിലും മറ്റ് രണ്ട് പ്രത്യേകതകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അതിലൊന്നാണ് വിദ്യാർഥികൾക്കായൊരുക്കുന്ന ഡിസ്‌കൗണ്ട് പ്രോഗ്രാം. കൂടുതലായി നടത്തുന്ന പണമിടപാടുകളിൽ വിദ്യാർഥികൾക്ക് ന്യായമായ കിഴിവ് ലഭിക്കുന്നതാണ് പ്രോഗ്രാം.
വിദ്യാർഥി ആണോ അല്ലയോ എന്ന് സ്‌കൂൾ ഐഡി കാർഡ് വച്ച് പരിശോധിക്കും. ഇതുകൂടാതെ ഇടപാടുകൾ ട്രാക്ക് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഖാലിജേബ് വെബ്‌സൈറ്റിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിൽ വന്നിട്ടില്ല. വിദ്യാർഥികൾക്കുള്ള ആപ്പായതിനാൽ മറ്റ് യുപിഐ ആപ്പുകളുമായി മത്സരത്തിനില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇപ്പോൾ ചെറിയ സംഘമാണ് തങ്ങൾ, ഉപയോക്താവിന് ലോകോത്തര അനുഭവം നൽകുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.









0 comments