സാംസങ്ങ് ഗാലക്സി നോട്ട് 7 ഉടന്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കമ്പനിയുടെ നിര്‍ദ്ദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2016, 10:19 AM | 0 min read

സോള്‍ > സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയില്‍പ്പെട്ട ഫോണുകള്‍ ഇനിമുതല്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും സാംസങ്ങ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഈ വിഭാഗത്തില്‍പ്പെട്ട ഫോണുകള്‍ തീപിടിക്കുന്നത് പതിവായതോടെയാണ് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ സാംസങ്ങിന്റെ നിര്‍ദ്ദേശം.

ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 25 ലക്ഷത്തോളം ഗാലക്സി നോട്ട് 7 ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവയ്ക്ക് പകരം ഫോണുകള്‍ മാറ്റി നല്‍കിയ സാംസങ്ങ് ഇവ പ്രശനമുള്ളതല്ല എന്നും അറിയിച്ചിരുന്നു. എന്നാല്‍ മാറ്റി നല്‍കിയ ഫോണുകളില്‍നിന്നടക്കം പുക ഉയരുന്ന സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പ്രശ്നങ്ങള്‍ പരിഹരിച്ച്നല്‍കിയ പുതിയ ഗാലക്സി നോട്ട് 7 അമേരിക്കയിലെ കെന്റക്കിയില്‍ പൊട്ടിത്തെറിച്ചിരുന്നു. ഗാലക്സി നോട്ട് 7 ഫോണില്‍നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന ഒരു വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു. കെന്റക്കി ലൂയിസ് വില്ലെയില്‍ നിന്നും മെറിലാന്റിലെ ബാള്‍ട്ടിമോറിലേക്ക് പോകുകയായിരുന്ന സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.

ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഫോണുകള്‍ ഉടന്‍ സ്വിച്ച് ഓഫ് ചെയ്യുവാനും ഉപയോഗിക്കുന്നത് നിര്‍ത്താനും കമ്പനി ഉപഭോക്താക്കളോട് നേരിട്ട് ആവശ്യപ്പെട്ടത്. ഗാലക്സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വില്‍പനകളും കമ്പനി നിര്‍ത്തിവയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ പരിഗണനയെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. ഗാലക്സി നോട്ട് 7ന്റെ ആദ്യ പതിപ്പും പകരമിറക്കിയ പതിപ്പും കൈവശമുള്ളവര്‍ അത് എത്രയും വേഗം സ്വിച്ച് ഓഫ് ചെയ്യുവാനും അതിനുപകരം കമ്പനി നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം കൈപ്പറ്റാനും പ്രസ്താവനയില്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home