ആദ്യ ക്ലിക്കില്‍ ചൊവ്വ വ്യക്തം

തിരു: ചുവന്ന ഗ്രഹത്തിന്റെ ഉള്ളറകളിലേക്ക് മംഗള്‍യാന്‍ കണ്‍തുറന്നു. പേടകത്തിലെ മാഴ്സ് കളര്‍ ക്യാമറ പകര്‍ത്തിയ ചൊവ്വയുടെ ആദ്യചിത്രങ്ങള്‍ നല്ല വ്യക്തം. ചൊവ്വയെ ഭ്രമണംചെയ്യാനാരംഭിച്ചയുടന്‍ പേടകം എടുത്ത ചിത്രം ധാതുസമ്പുഷ്ടമായ ഭാഗത്തിന്റേതെന്ന് സൂചന.
7300 കിലോമീറ്ററിന് മുകളില്‍നിന്ന് പകര്‍ത്തിയ ചിത്രം വ്യാഴാഴ്ചയാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. തുടര്‍ന്ന് 8449 കിലോമീറ്ററിന് മുകളില്‍ നിന്നുള്ള ചിത്രവും. ഇവ വ്യക്തവും ഗുണനിലവാരമുള്ളതുമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അഞ്ചിലധികം ചിത്രങ്ങള്‍ മംഗള്‍യാന്‍ എടുത്തു. ബംഗളൂരുവിലെ ഡാറ്റാസെന്ററില്‍ ചിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആദ്യചിത്രത്തില്‍ ഗര്‍ത്തങ്ങളും ഉയര്‍ന്ന കുന്നുകള്‍ പോലെയുള്ള ഭാഗങ്ങളും കാണുന്നുണ്ട്. ഇരുണ്ട മേഖലയുമുണ്ട്. പൊടിക്കാറ്റിന്റെ സൂചന ചിത്രങ്ങളിലുള്ളതായും വിലയിരുത്തുന്നു. രണ്ടാമത്തെ ചിത്രത്തില്‍ ചൊവ്വയുടെ അന്തരീക്ഷപാളി വ്യക്തമാണ്.
പേടകത്തിലെ അഞ്ച് പരീക്ഷണ ഉപകരണങ്ങളിലൊന്നായ കളര്‍ ക്യാമറ ഏറ്റവും ആധുനിക സാങ്കേതികസംവിധാനത്തോടുകൂടിയുള്ളതാണ്. 1.27 കിലോഗ്രാം ഭാരമുള്ള ക്യാമറ ചൊവ്വയുടെ ഉപരിതലം, കാലാവസ്ഥ തുടങ്ങിയവയെ പറ്റി പഠിക്കാനുള്ള വിവരങ്ങള്‍ ശേഖരിക്കും. ചൊവ്വയുടെ ലോലമായ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, മറ്റ് ഉപകരണങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ എന്നിവ ഭൂമിയിലേക്ക് അയക്കും. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡിമോസ് എന്നിവയുടെ ചിത്രങ്ങളും എടുക്കും. ചൊവ്വയുടെ ഏറ്റവും അടുത്ത 421.3 കിലോമീറ്ററിനും അകലെ 76,993 കിലോമീറ്ററിനും ഇടയിലുള്ള ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ചൊവ്വയുടെ ഏറ്റവും അടുത്തെത്തും. ഒരുതവണ വലംവയ്ക്കാന്‍ മൂന്നുദിവസം വേണം.
മംഗള്‍യാന്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ശനിയാഴ്ച മുതല്‍ പേടകത്തിലെ മറ്റ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും. പേടകത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു.









0 comments