മയാമിയിലെ പ്രകടനം കൂടുതൽ കിരീടങ്ങൾ നേടാൻ പ്രചോദനം നൽകുന്നു: ജോക്കോവിച്ച്

PHOTO: Facebook/Miami Open
മൊണാക്കോ: മയാമി ഓപ്പണിന്റെ ഫൈനലിലെത്താൻ സാധിച്ചത് കൂടുതൽ കിരീടങ്ങൾ നേടാൻ തന്നെ പ്രചോദിപ്പിക്കുന്നുവെന്ന് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. മോണ്ടെ-കാർലോ മാസ്റ്റേഴ്സിൽ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് ജോക്കോവിച്ചിന്റെ പ്രതികരണം.
പാരിസ് ഒളിമ്പിക്‌സിലെ സ്വർണ മെഡൽ നേട്ടത്തിന് ശേഷം ജോക്കോവിച്ചിന് മറ്റ് കിരീടങ്ങളിലൊന്നും മുത്തമിടാൻ സാധിച്ചിട്ടില്ല. 24 തവണ ഗ്രാൻഡ്‌സ്ലാം ജേതാവായ ജോക്കോ 2023ൽ എടിപി ഫൈനൽസ് വിജയിച്ചതാണ് അവസാനത്തെ മറ്റൊരു സുപ്രധാന നേട്ടം.
മയാമിയിൽ 100 സിംഗിൾസ് കിരീടങ്ങളെന്ന ലക്ഷ്യവുമായെത്തിയ 37കാരൻ 19കാരനായ യാക്കൂബ് മെൻഷിക്കിനോട് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. ജിമ്മി കോണേഴ്‌സ് (109), റോജർ ഫെഡറർ (103) എന്നിവർ മാത്രമാണ് ഇപ്പോൾ സിംഗിൾസ് കിരീടങ്ങളുടെ എണ്ണത്തിൽ ജോക്കോയ്‌ക്ക് മുന്നിലുള്ളത്.
എന്റെ കരിയർ കൂടുതൽ കഠിനമായിക്കൊണ്ടിരിക്കുകയാണെങ്കിലും, മയാമിയിലെ പ്രകടനം എന്നെ മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുന്നു. ബോൾ നന്നായി സ്ട്രൈക്ക് ചെയ്ത് മത്സരങ്ങൾ ജയിക്കുമ്പോൾ അതിനൊരു പ്രത്യേക ഭംഗിയുണ്ട്. എന്നാൽ സീസൺ തുടക്കത്തിൽ തന്നെ തോൽവികളുണ്ടാകുമ്പോൾ മനസ്സിനകത്തെ ശങ്കകളും സംശയങ്ങളും ഉയരുകയും തുടർന്നുപോകണോ എന്ന് ആലോചിക്കുകയും ചെയ്യും. മയാമിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ പറ്റിയതിൽ സന്തോഷമുണ്ട്. ആ പ്രകടനം കളിമൺ കോർട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമോയെന്ന് നോക്കാം.– ജോക്കോവിച്ച് പറഞ്ഞു.









0 comments