അമേരിക്കക്കാരിയുടെ രണ്ടാം ഗ്രാൻഡ്സ്ലാം
കൊകൊ മധുരം ; സബലേങ്കയെ തോൽപ്പിച്ച് ഗഫിന് ഫ്രഞ്ച് ഓപ്പൺ


Sports Desk
Published on Jun 09, 2025, 12:00 AM | 1 min read
പാരിസ്
കളിമൺ കോർട്ടിൽ കൊകൊ ഗഫിന് വിജയച്ചിരി. ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ആദ്യമായി വനിതാ കിരീടം. ഫൈനലിൽ ബെലാറസിന്റെ അരീന സബലേങ്കയെ 6–--7, 6-–-2, 6–--4ന് കീഴടക്കി. രണ്ട് മണിക്കൂറും 38 മിനിറ്റുമെടുത്താണ് അമേരിക്കൻ താരം ചാമ്പ്യനായത്. ഇരുപത്തൊന്നുകാരിക്ക് രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമാണ്. 2023ൽ യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്.
ഫ്രഞ്ച് ഓപ്പണിൽ 2022ൽ ഫൈനലിലെത്തിയെങ്കിലും പോളണ്ടുകാരി ഇഗ ഷ്വാടെക്കിനോട് തോറ്റിരുന്നു. മൂന്ന് വർഷത്തിനുശേഷം എല്ലാ നിരാശയും മായ്ച്ചാണ് വിജയം. ആത്മവിശ്വാസവും പൊരുതിക്കയറാനുള്ള ദൃഢനിശ്ചയവും കരുത്തായി.
വനിതാ ടെന്നീസിലെ ആദ്യ രണ്ട് റാങ്കുകാർ തമ്മിലുള്ള മുഖാമുഖം കാണികൾക്ക് വിരുന്നായി. ഒന്നാം റാങ്കിന്റെ ഗരിമയിൽ റാക്കറ്റ് വീശിയ സബലേങ്ക ആദ്യ സെറ്റിൽ 4–--1 ലീഡുമായി കുതിച്ചു. എന്നാൽ, പ്രതിരോധം തകർക്കുന്ന ഷോട്ടുകളുമായി രണ്ടാം റാങ്കുകാരി ഗഫ് കളംപിടിച്ചു. ആ സെറ്റ് ടൈബ്രേക്കിലേക്ക് നീട്ടാനായി. 7–--5ന്റെ ആധിപത്യത്തോടെ സബലേങ്ക സെറ്റ് 7-–-6ന് സ്വന്തമാക്കി. എന്നാൽ, ഒന്നാം സെറ്റിൽ തുടങ്ങിവച്ച പ്രത്യാക്രമണം ഗഫ് രണ്ടാം സെറ്റിൽ കടുപ്പിച്ചു. മികച്ച ഷോട്ടുകളും റിട്ടേണുകളുമായി പൂർണാധിപത്യം നേടി. അതിനൊപ്പം സബലേങ്കയുടെ പിഴവുകളും നേട്ടമായി. രണ്ടാം സെറ്റ് 6-–-2ന് അനായാസം കരസ്ഥമാക്കി.
അതോടെ മൂന്നാം സെറ്റ് നിർണായകമായി. എന്നാൽ, മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ അനുഭവസമ്പത്ത് മുതലാക്കാൻ സബലേങ്കക്കായില്ല. പിഴവുകൾ മുതലെടുത്ത് ഗഫ് വർധിത വീര്യത്തോടെ മുന്നേറി. മൂന്ന് സെറ്റിലായി സബലേങ്ക വരുത്തിയ 70 പിഴവുകൾ കളിയിൽ നിർണായകമായി. 6-4ന് അവസാന സെറ്റും കളിയും കിരീടവും നേടിയ ഗഫ് അവിശ്വസനീയതയോടെ കളിമൺ കോർട്ടിൽ കിടന്നു. പിന്നെ എഴുന്നേറ്റ് കാണികളെ അഭിവാദ്യംചെയ്തശേഷം സബലേങ്കയെ കെട്ടിപ്പിടിച്ചു.
തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലിലെ തോൽവി സബലേങ്കയ്ക്ക് ആഘാതമായി. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ മാഡിസൺ കീസിനോട് തോറ്റിരുന്നു. സമ്മാനദാന ചടങ്ങിലും ഇരുപത്തേഴുകാരി കണ്ണീർവാർത്തു. ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടമെന്ന സ്വപ്നമാണ് പൊലിഞ്ഞത്.








0 comments