ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് 200 മീറ്റർ ; നാലാമതും ലെയ്‌ൽസ്

ടോക്യോ
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നോഹ ലെയ്‌ൽസിന്റെ കുതിപ്പ്. പുരുഷ 200 മീറ്ററിൽ തുടർച്ചയായ നാലാം തവണയും അമേരിക്കക്കാരൻ ചാമ്പ്യനായി. വനിതകളിൽ അമേരിക്കയുടെ തന്നെ മെലീസ ജെഫേഴ്‌സൺ വുഡെൻ സ്‌പ്രിന്റ് ഡബിൾ കുറിച്ചു. ചാമ്പ്യൻഷിപ് നാളെ സമാപിക്കെ 11 സ്വർണവുമായി അമേരിക്ക മുന്നേറ്റം തുടരുകയാണ്.
ഇരുനൂറിൽ 19.52 സെക്കൻഡിലാണ് ലെയ്‌ൽസിന്റെ നേട്ടം. 2019ലായിരുന്നു ഇൗയിനത്തിലെ ആദ്യ സ്വർണം. 2022ലും 2023ലും നേട്ടമാവർത്തിച്ചു. നാലാം സ്വർണത്തോടെ സ്‌പ്രിന്റ് ഇതിഹാസം ജമൈക്കയുടെ യുസൈൻ ബോൾട്ടിന്റെ നേട്ടത്തിനൊപ്പമെത്തി. നൂറിൽ ഇക്കുറി ലെയ്‌ൽസിന് വെങ്കലമായിരുന്നു.
അമേരിക്കയുടെതന്നെ കെന്നി ബെദ്‌നാറെക്കിനാണ് വെള്ളി– 19.58. ഒളിമ്പിക് ചാമ്പ്യൻ ബോട്‌സ്വാനയുടെ ലെസ്‌റ്റിലെ ടെബോഗോയെ പിന്തള്ളി ജമൈക്കയുടെ ബ്രയാൻ ലെവെൽ വെങ്കലം സ്വന്തമാക്കി (19.64).
വനിതകളിൽ 21.68 സെക്കൻഡിലാണ് മെലീസയുടെ നേട്ടം. ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ സമയമാണിത്. ബ്രിട്ടന്റെ ആമി ഹണ്ട് (22.14) വെള്ളിയും ജമൈക്കയുടെ ഷെറീക്ക ജാക്‌സൺ (22.18) വെങ്കലവും സ്വന്തമാക്കി.
പുരുഷ 400 മീറ്റർ ഹർഡിൽസിലും അമേരിക്കക്കാണ് സ്വർണം. റായ് ബെഞ്ചമിൻ 46.52 സെക്കൻഡിൽ ഒന്നാമതെത്തി. വനിതകളിൽ നെതർലൻഡ്‌സിന്റെ ഫെംകെ ബോൽ (51.54) സ്വർണം നിലനിർത്തി.
ട്രിപ്പിൾ ജന്പിൽ പോർച്ചുഗലിന്റെ പെഡ്രോ പിച്ചാർഡോയ്‌ക്കാണ് സ്വർണം (17.91 മീറ്റർ).
വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണി യോഗ്യതാ റൗണ്ടിൽ പുറത്തായി. 36 പേര്‍ മത്സരിച്ചതിൽ 29–ാം സ്ഥാനം.








0 comments