ശ്രീശങ്കറും അബ്‌ദുള്ളയും ലോക ചാമ്പ്യൻഷിപ്പിന്

എം ശ്രീശങ്കർ / അബ്ദുള്ള അബൂബക്കർ

Sports Desk
Published on Aug 28, 2025, 12:15 AM | 1 min read
ന്യൂഡൽഹി
അടുത്തമാസം നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് മലയാളി അത്‌ലീറ്റുകളായ എം ശ്രീശങ്കറും അബ്‌ദുള്ള അബൂബക്കറും യോഗ്യത നേടി. പരിക്കുമാറി തിരിച്ചുവന്ന ശ്രീശങ്കർ തുടർച്ചയായി നാലാം തവണയാണ് ലോക ചാമ്പ്യൻഷിപ്പ് ലോങ്ജമ്പിൽ മത്സരിക്കുന്നത്. അബ്‌ദുള്ള മൂന്നാംതവണയാണ്. കോഴിക്കോട് നാദാപുരത്തിനടുത്ത് വളയം സ്വദേശിയായ അബ്‌ദുള്ളയുടെ മത്സരയിനം ട്രിപ്പിൾ ജമ്പാണ്. ഇന്ത്യയിൽനിന്ന് 19 അത്‌ലീറ്റുകൾക്കാണ് യോഗ്യത. അതിൽ ശ്രീശങ്കറും അബ്‌ദുള്ളയും അടക്കം 13 അത്‌ലീറ്റുകൾ ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് അർഹത നേടിയത്.
സെപ്‌തംബർ 13മുതൽ 21വരെ ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിലാണ് ചാമ്പ്യൻഷിപ്പ്.
നീരജ് ചോപ്രയ്‌ക്ക് ജാവലിൻ ത്രോയിലെ നിലവിലെ ചാമ്പ്യൻ എന്ന നിലയിൽ വീണ്ടും മത്സരിക്കാൻ അവസരം കിട്ടി. അവിനാഷ് സാബ്‌ലേ (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്), പാരുൾ ചൗധരി (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്), ഗുൽവീർ സിങ് (5000 മീറ്റർ), പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജമ്പ്) എന്നിവർ നേരിട്ട് യോഗ്യത നേടി. പരിക്കുള്ള സാബ്‌ലേ മത്സത്തിനുണ്ടാകില്ല.
അന്നുറാണി (ജാവലിൻ ത്രോ), പ്രിയങ്ക ഗോസ്വാമി (നടത്തം), അനിമേഷ് കുജൂർ (200 മീറ്റർ), സച്ചിൻ യാദവ് (ജാവലിൻ ത്രോ), യാഷ് വീർ (ജാവലിൻ ത്രോ), സെർവിൻ സെബാസ്‌റ്റ്യൻ (നടത്തം), അക്ഷദീപ് (നടത്തം), റാം ബാബു (നടത്തം), അനിൽ സർവേഷ് (ഹൈജമ്പ്), അങ്കിത ധ്യാനി (3000 മീറ്റർ സ്‌റ്റീപ്പൾിചേസ്), പൂജ (800 മീറ്റർ) എന്നിവർക്കാണ് റാങ്കിങ് തുണയായത്.
രോഹിത് യാദവ് (ജാവലിൻ), ഗുൽവീർ (10,000), പൂജ (1500 മീറ്റർ), സന്ദീപ് (നടത്തം) എന്നിവർക്ക് ഒറ്റ റാങ്കിന്റെ വ്യത്യാസത്തിൽ യോഗ്യത കിട്ടിയില്ല. തേജസ് ഷിർസെ (110 മീറ്റർ ഹർഡിൽസ്)യ്‌ക്ക് രണ്ട് റാങ്കിന് പിറകിലാണ്. ഏതെങ്കിലും അത്‌ലീറ്റുകൾ പിൻമാറിയാൽ ഇവർക്ക് അവസരം കിട്ടും.









0 comments