കണ്ണൂരിൽ വരുന്നു വോളി അക്കാദമി

കണ്ണൂർ സ്പോർട്സ് സ്കൂളിലെ കുട്ടികൾ വോളിബോൾ പരിശീലനത്തിൽ /ഫോട്ടോ: പി ദിലീപ്കുമാർ
സുപ്രിയ സുധാകർ
Published on Jun 13, 2025, 01:24 AM | 1 min read
കണ്ണൂർ
എതിരാളിയുടെ കളത്തിൽ തീപാറുന്ന സ്‌മാഷുകൾ ഉതിർക്കാൻ കണ്ണൂരിൽ പരിശീലനക്കളരിയൊരുങ്ങുന്നു. കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലാണ് പെൺകുട്ടികൾക്കായി വോളിബോൾ അക്കാദമി സ്ഥാപിക്കുക. ബിരുദ–-ബിരുദാനന്തര വിദ്യാർഥിനികൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനമാണ് അക്കാദമി ലക്ഷ്യംവയ്ക്കുന്നത്. കായികവകുപ്പിനുകീഴിലുള്ള എലൈറ്റ് സ്‌കീമിലെ വോളിബോൾ അക്കാദമിയിലേക്ക് സെലക്‌ഷൻ ട്രയൽ 16ന് കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലും 19ന് ജി വി രാജ സ്‌കൂളിലും നടക്കും.
കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിൽ എട്ടുമുതൽ പ്ലസ്‌ടുവരെയുള്ള ക്ലാസുകളിലെ 31 കുട്ടികളാണ് നിലവിൽ വോളിബോൾ പരിശീലിക്കുന്നത്. ദേശീയതലംവരെയെത്തിയ താരങ്ങൾക്ക് പ്ലസ്‌ടുവിനുശേഷം ഒരുമിച്ച് പഠിക്കാനും പരിശീലിക്കാനും അവസരം ലഭിക്കുന്നില്ല. ഇത് മനസ്സിലാക്കിയാണ് കായികവകുപ്പ് എലൈറ്റ് സ്‌കീമിൽ അക്കാദമി ആരംഭിക്കുന്നത്. ബിരുദ–-ബിരുദാനന്തരബിരുദ പഠനം കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജിലാണ് ഒരുക്കുക. താമസവും ഭക്ഷണവും സ്‌പോർട്‌സ് സ്‌കൂൾ ഹോസ്‌റ്റലിലായിരിക്കും.
കണ്ണൂർ സ്പോർട്സ് സ്‌കൂളിലെ അഞ്ചുപേർ 16 വയസിനുതാഴെയുള്ളവരുടെ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റിതിക വി പിള്ള, സി പി ചന്ദന, ആരതി രാജേഷ്, ശ്രദ്ധദേവ്, ആരാധ്യ എസ് നായർ എന്നിവരാണ്. നവ്യകലേഷ്, കെ ഇ ശിൽപ എന്നിവരാണ് പരിശീലകർ. ദേശീയ സ്‌കൂൾ ഗെയിംസിൽ മൂന്ന് വിഭാഗങ്ങളിലായി 12 പേർ കേരളത്തെ പ്രതിനിധീകരിച്ചു. പങ്കെടുത്ത ആറ് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നാല് സ്വർണവും രണ്ട് വെള്ളിയും ലഭിച്ചു.
16ന് രാവിലെ ഒമ്പതിന് കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിലാണ് സെലക്‌ഷൻ നടക്കുന്നത്. പ്ലസ്‌ടു, ബിരുദം കഴിഞ്ഞ പെൺകുട്ടികളിൽ 175 സെന്റീമീറ്റർ ഉയരമുള്ളവർക്ക് പങ്കെടുക്കാം. രണ്ട് ഫോട്ടോ, ആധാർ കാർഡ്, ജനന സർടിഫിക്കറ്റ്, സ്‌പോർട്‌സ് സർടിഫിക്കറ്റ്, പ്ലേയിങ് കിറ്റ് എന്നിവയുമായി എത്തണം.









0 comments