ട്രാക്കിൽ തിളങ്ങി വനിതാരത്നം

ടി പി സുന്ദരേശൻ
Published on Mar 08, 2025, 12:00 AM | 1 min read
ചേർത്തല (ആലപ്പുഴ) : പ്രായം വാസന്തിക്ക് അക്കം മാത്രമാണ്. എഴുപത്തഞ്ചാംവയസ്സിലും ട്രാക്കിൽ വിസ്‌മയമായി കുതിക്കുന്നു. ഈ താരത്തിളക്കത്തിന് സംസ്ഥാന സർക്കാരിന്റെ വനിതാരത്നം പുരസ്‌കാരം ലഭിച്ചു. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം വാരനാട് തെക്കേവെളിയിൽ വാസന്തിയുടെ കായികരംഗത്തെ മികവിനുള്ള അംഗീകാരം.
മൂന്ന് പതിറ്റാണ്ടിലേറെയായി വാസന്തി ട്രാക്കിലുണ്ട്. ഓട്ടവും ചാട്ടവും നടത്തവും അതിൽപ്പെടും. ചേർത്തല വാരനാട് മക്‌ഡവൽ കമ്പനിയിൽ 22 വർഷം ജോലി ചെയ്‌തു. 33 വർഷംമുമ്പ് മെയ്‌ദിന കായികമേളയിൽ കമ്പനിയെ പ്രതിനിധാനംചെയ്‌താണ് ആദ്യമായി മത്സരിക്കാനിറങ്ങിയത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. ജില്ലാ മാസ്‌റ്റേഴ്‌സ് മീറ്റിൽ തുടങ്ങിയ കുതിപ്പ് നാല് ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽവരെയെത്തി. കഴിഞ്ഞവർഷം അഞ്ച് കിലോമീറ്റർ നടത്തത്തിലും ലോങ്‌ജമ്പിലും വിജയിയായി. സംസ്ഥാന–-ദേശീയ മീറ്റുകളിൽ ധാരാളം മെഡൽ നേടിയിട്ടുണ്ട്. 2023ൽ ദുബായ് ഓപ്പൺമീറ്റിലും തിളങ്ങി.
സ്വയം പരിശീലിച്ചാണ് ഈ നേട്ടമെല്ലാം എന്നതാണ് ശ്രദ്ധേയമായ കാര്യം. സംസ്ഥാന സർക്കാരിന്റെ വയോസേവന പുരസ്‌കാരം നേടിയിട്ടുണ്ട്.
പരേതനായ വിജയന്റെ ഭാര്യയാണ്. മക്കൾ: വിനോദ്കുമാർ, മധു, മനോജ്കുമാർ.









0 comments