'ഇനി നമ്മടെ പയ്യൻ യെല്ലോ'; 11-ാം നമ്പറിൽ സഞ്ജു ഇറങ്ങും; വരവേറ്റ് ബേസിലും
ചെന്നൈ: രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തിലേക്ക് മലയാളി സൂപ്പർതാരം സഞ്ജു സാംസണം എത്തിയതിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ആരാധകരെ ആവേശഭരിതരാക്കുന്ന വീഡിയോകളും പോസ്റ്ററുകളുമാണ് ചെന്നൈ ടീം പുറത്തുവിടുന്നത്. മലയാളികളുടെ പ്രിയതാരം ബേസിൽ ജോസഫ് അഭിനയിച്ച പുതിയ പ്രൊമോ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. 11-ാം നമ്പർ ജഴ്സി അണിഞ്ഞ സഞ്ജുവിനെയും വീഡിയോയിൽ കാണാം.
ഐപിഎൽ ക്രിക്കറ്റിൽ അടുത്ത സീസൺ മുതലാണ് സഞ്‌ജു മഹേന്ദ്രസിങ് ധോണിക്കൊപ്പം കളിക്കുക. താരകൈമാറ്റ ജാലകത്തിലൂടെ 18 കോടി രൂപയ്‌ക്കാണ് രാജസ്ഥാൻ റോയൽസ് ക്യാപ്‌റ്റനെ ചെന്നൈ റാഞ്ചിയത്. പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി. ഋതുരാജ് ഗെയ്‌ക്ക്‌വാദാണ് ചെന്നൈ ക്യാപ്‌റ്റൻ.
കഴിഞ്ഞ സീസൺ അവസാനിച്ചത് മുതൽ സഞ്‌ജു രാജസ്ഥാൻ വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ജോസ് ബട്‌ലറും ട്രെന്റ് ബോൾട്ടും ഉൾപ്പെടെയുള്ള താരങ്ങളെ ടീം വിടാൻ അനുവദിച്ചതിൽ മാനേജ്‌മെന്റിനോട് അസംതൃപ്‌തിയുണ്ടായിരുന്നു. പരിക്കേറ്റ് അധികം കളിക്കാനുമായില്ല. തുടക്കം തൊട്ട് ചെന്നൈ സഞ്‌ജുവിനായി രംഗത്തുണ്ടായിരുന്നു. മുൻനിരയിൽ ഒരു മുഖ്യ ഇന്ത്യൻ ബാറ്ററെ തേടുകയായിരുന്നു അവർ. വിക്കറ്റ് കീപ്പറാണെന്നതും നായക മികവുണ്ടെന്നതും കൂടുതൽ കരുത്തായി. പ്രായവും ഘടകമായി. നാൽപ്പത്തിനാലുകാരനായ ധോണിക്ക് പകരം വിക്കറ്റിന് പിന്നിൽ മുപ്പത്തൊന്നുകാരനായ സഞ്‌ജുവിനെ നിർത്താനും ചെന്നൈയെ പ്രേരിപ്പിച്ചു. ഭാവി മുന്നിൽകണ്ടാണ് എല്ലാമെല്ലാമായ ജഡേജയെ വിട്ടുനൽകി സഞ്‌ജുവിനെ ടീമിലെത്തിച്ചതെന്ന് ചെന്നൈ എംഡി കാശി വിശ്വനാഥൻ പറഞ്ഞു.
താരകൈമാറ്റ ജാലകത്തിലൂടെ പത്ത് ടീമുകളിലായി 72 കളിക്കാരെ ഒഴിവാക്കി. 163 താരങ്ങളെ നിലനിർത്തി. പഞ്ചാബ് കിങ്‌സാണ് കൂടുതൽ താരങ്ങളെ നിലനിർത്തിയത്. 21 പേർ തുടരും. അഞ്ച് കളിക്കാരെ മാത്രം ഒഴിവാക്കി. കൊൽക്കത്ത നൈറ്റ് റൈഡേ്‌ഴസ് ആന്ദ്രേ റസെൽ, വെങ്കടേഷ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങളെ നിലനിർത്തിയില്ല.








0 comments