‘ഇന്ത്യൻ ജേഴ്‌സിയണിയുന്നതിന്റെ അഭിമാനം ആത്മാവിൽ എന്നുമെന്നും പ്രതിധ്വനിക്കും’; ഹോക്കി താരം വന്ദന കടാരിയ വിരമിച്ചു

വന്ദന കടാരിയ. PHOTO: Facebook
ന്യൂഡൽഹി: പതിനഞ്ച് വർഷമായി ഇന്ത്യൻ ജേഴ്‌സി അണിയുന്ന വന്ദന കടാരിയ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ കളിയവസാനിപ്പിക്കണം എന്ന ആഗ്രഹമുള്ളത് കൊണ്ടാണ് ഇപ്പോൾ വിരമിക്കൽ തീരുമാനം എടുത്തിരിക്കുന്നതെന്ന് വന്ദന പറഞ്ഞു.
2009ൽ ഇന്ത്യൻ ജെഴ്‌സിയണിഞ്ഞ വന്ദന ടീമിന്റെ പല നേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ചു. 2020 ടോക്യോ ഒളിമ്പിക്‌സിൽ ഹോക്കിയിൽ ഇന്ത്യ നാലം സ്ഥാനം നേടുമ്പോൾ ടീമിലെ പ്രധാന താരമായിരുന്നു. ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി ഹാട്രിക് നേടുന്ന ആദ്യ വനിതാ താരമാവാനും വന്ദനയ്‌ക്കായി.
320 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി സ്റ്റിക് എടുത്ത 32കാരി 158 ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും വന്ദനയാണ്.
‘ക്ഷീണിതയായതിനാൽ അല്ല ഞാൻ ടീമിൽ നിന്ന് ഞാൻ വിടവാങ്ങുന്നത്, മികച്ച രീതിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ വിരമിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കാണികളുടെ ആരവം, ഓരോ ഗോളിന്റെയും ആവേശം, ഇന്ത്യൻ ജേഴ്‌സിയണിയുന്നതിന്റെ അഭിമാനം എന്നിവ എന്റെ ആത്മാവിൽ എന്നുമെന്നും പ്രതിധ്വനിക്കും.’– വിരമിക്കൽ സന്ദേശത്തിൽ വന്ദന പറഞ്ഞു.









0 comments