print edition പവർ ഹ‍ൗസുകൾ ; ഇക്കുറി ചാമ്പ്യന്മാർ ആരാകും ?

State School Sports Meet

കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസിലെ താരങ്ങൾ പരിശീലനത്തിൽ

avatar
ബിജോ ടോമി

Published on Oct 23, 2025, 04:59 AM | 2 min read


തിരുവനന്തപുരം

അത്‌ലറ്റിക്‌സിൽ ജില്ലകളുടെ കുതിപ്പിൽ പവർ ഹ‍ൗസുകളായി ചില സ്‌കൂളുകളുണ്ട്‌. കഴിഞ്ഞ വർഷം മലപ്പുറത്തെ കപ്പടിപ്പിച്ച ഐഡിയലിന്റെ ലക്ഷ്യം തുടർച്ചയായ നാലാം ചാന്പ്യൻപട്ടം. എന്നാൽ വിട്ടുകൊടുക്കാൻ അയൽക്കാരായ നവാമുകുന്ദയ്‌ക്ക്‌ കഴിയില്ല. പാലക്കാടിന്റെ പവർ ഹ‍ൗസ്‌ പറളിക്ക്‌ ജില്ലയ്‌ക്കും സ്‌കൂളിനുമേറ്റ ക്ഷീണത്തിന്‌ മറുപടി നൽകാനുണ്ട്‌. എറണാകുളത്തിന്റെ മുഴുവൻ ഭാരവും ഏറെക്കുറെ ഒറ്റയ്‌ക്ക്‌ താങ്ങുന്ന മാർ ബേസിലിന്‌ ചാമ്പ്യൻ പട്ടത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്ക്‌ ക‍ൗമാര വേഗത്തെ പുൽകുമ്പോൾ ഇക്കുറി ചാമ്പ്യന്മാർ ആരാകും?


വാഴാൻ ഐഡിയലും 
നവാമുകുന്ദയും

ഹാട്രിക് ചാമ്പ്യൻ സ്‌കൂളായ കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസിന്‌ കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ല. 50 അംഗ ടീമുമായാണ്‌ വരവ്‌. 
 കഴിഞ്ഞ തവണ നേടിയ 80 പോയിന്റ്‌ മലപ്പുറത്തെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായകമായി. ഇക്കുറി 70–75 പോയിന്റാണ്‌ പ്രതീക്ഷ. ജമ്പ്‌, ത്രോ ഇനങ്ങളിലാണ്‌ മെഡൽ സ്വപ്‌നങ്ങൾ.

തിരുന്നാവായ നവാമുകുന്ദ എച്ച്‌എസ്‌എസിന്‌ 25 അംഗ ടീമാണ്‌. കഴിഞ്ഞ തവണ 2 സ്വർണവും 9 വെള്ളിയുമാണ്‌ നേടിയത്‌. മലപ്പുറത്തിന്‌ കരുത്തായി 17 അംഗ ആലത്തിയൂർ കെഎംഎച്ച്‌എസ്‌എസ്‌ ടീമും മൂർക്കനാട്‌ സുബുലുസലാം എച്ച്‌എസ്‌എസും ഉണ്ട്‌.


​പാലക്കാടൻ കോട്ടയ്‌ക്ക്‌ 
പറളിയുടെ കാവൽ

13 പെൺകുട്ടികളും 10 ആൺകുട്ടികളും അടങ്ങുന്ന ക‍ൗമാരപ്പടയാണ്‌ പറളിയുടെ കരുത്ത്‌. നഷ്‌ടപ്രതാപം വീണ്ടെടുക്കണം. മുണ്ടൂർ സ്‌കൂളിൽനിന്ന്‌ 29 പേരുണ്ട്‌. വടവന്നൂർ വിഎംഎച്ച്‌എസ്‌എസിൽ നിന്ന്‌ 13 കുട്ടികളും മാത്തൂർ സ്‌കൂളിലെ 8 കുട്ടികളും മത്സരിക്കുന്നു. കല്ലടി എച്ച്‌എസ്‌എസിന്‌ ഇക്കുറി 6 അംഗ പുതുനിരയാണ്‌.


​തിരിച്ചുപിടിക്കാൻ 
മാർ ബേസിൽ

കോതമംഗലം സെന്റ്‌ ജോർജിന്റെ പ്രതാപം മങ്ങിയതോടെ എറണാകുളത്തിന്റെ സ്വർണഖനി കോതമംഗലം മാർ ബേസിൽ സ്‌കൂളാണ്‌. 35 അംഗ ടീമാണ്‌ തലസ്ഥാനനഗരിയിൽ എത്തിയത്‌. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു. കീരന്പാറ സെന്റ്‌ സ്റ്റീഫൻ എച്ച്‌എസ്‌എസും മൂക്കന്നൂരും ശാലോം പബ്ലിക്‌ സ്‌കൂളും ചേരുന്നതോടെ 2019ൽ കൈവിട്ട കിരീടം എറണാകുളം സ്വപ്‌നം കാണുന്നു.


​ഒരേയൊരു രാജ

കഴിഞ്ഞ വർഷത്തെ വ്യക്തിഗത ചാമ്പ്യൻ മുഹമ്മദ്‌ അഷ്‌ഫാഖിന്റെ അഭാവം തിരുവനന്തപുരം ജി വി രാജ സ്‌കൂളിന്റെ ഉറച്ച മൂന്ന്‌ മെഡൽ സ്വപ്‌നങ്ങളാണ്‌ തല്ലിക്കൊഴിച്ചത്‌. അഷ്‌ഫാഖ്‌ നിലവിൽ സ‍ൗത്ത്‌ ഏഷ്യൻ ഗെയിംസിനായി റാഞ്ചിയിലാണ്‌. 26 വരെ റാഞ്ചിയിൽ മത്സരമുണ്ട്‌. 27ന്‌ നടക്കുന്ന 400 മീറ്ററിൽ ട്രാക്കിലിറങ്ങാൻ വിമാനത്തിൽ പറന്നെത്തും. 49 അംഗ ടീമുമായാണ്‌ ജി വി രാജ ഇറങ്ങുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home