സ്‌കൂൾ ഒളിംപിക്‌സ്; കിരീടപോരാട്ടത്തിന് രണ്ട് ദിനം മാത്രം ബാക്കി

അജിൻ ജി രാജ്
Published on Oct 27, 2025, 02:10 AM | 1 min read
തിരുവനന്തപുരം: രണ്ട് ദിനം ബാക്കി, സ്‌കൂൾ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ കിരീടപ്പോരാട്ടത്തിൽ ആവേശം നിറയുന്നു. 25 ഇനങ്ങൾ മാത്രം ബാക്കിനിൽക്കെ പാലക്കാടും മലപ്പുറവും തമ്മിൽ ഏഴ് പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.
നാല് ദിനവും പാലക്കാട് ഒന്നാംസ്ഥാനം വിട്ടുകൊടുത്തില്ല. സ്‌കൂളിൽ മലപ്പുറം ഐഡിയൽ ഇഎച്ച്‌എസ്‌എസ് കടകശേരി 58 പോയിന്റുമായി വൻ മുന്നേറ്റം നടത്തി. 38 പോയിന്റുമായി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്‌എസ് രണ്ടാമതുണ്ട്.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ ശ്രീഹരി കരിക്കൻ റെക്കോഡോടെ സ്വർണം നേടിയതായിരുന്നു ട്രാക്കിലെ ഉശിരൻ പ്രകടനം. ഏഴ് വർഷം പഴക്കമുള്ള റെക്കോഡാണ് തിരുത്തിയത്. നാലാംദിനം തുടക്കത്തിൽ ത്രോ ഇനങ്ങളിലൂടെ മലപ്പുറം മുന്നേറിയതാണ്.
എന്നാൽ, ട്രാക്ക് ഇനങ്ങളിൽ പാലക്കാട് കുതിക്കാൻ തുടങ്ങി. 400 മീറ്റർ ഹർഡിൽസ്, 800 മീറ്റർ എന്നിവയിലൂടെയായിരുന്നു പാലക്കാടിന്റെ മെഡൽക്കൊയ്‌ത്ത്. പെൺകുട്ടികളുടെ 800ൽ ജൂനിയറിലും സീനിയറിലും പാലക്കാടിനായിരുന്നു സ്വർണം. അവസാന രണ്ട് ദിനങ്ങളിലെ മത്സരങ്ങളിൽ പാലക്കാടിനും മലപ്പുറത്തിനും ഒരുപോലെ ആധിപത്യമുണ്ട്.
അവസാന ദിവസം നടക്കുന്ന 400 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയായിരിക്കും ചാമ്പ്യൻമാരെ നിർണയിക്കുക. സ്‌കൂളുകളിൽ ഐഡിയൽ വ്യക്തമായ മേധാവിത്തം നേടി. രണ്ടാംസ്ഥാനത്തുള്ള പുല്ലൂരാംപാറ സ്‌കൂളിന് പാലക്കാട് വിഎംഎച്ച്‌എസ് വടവന്നൂർ (37), മലപ്പുറം നാവാമുകുന്ദ എച്ച്‌എസ്‌എസ് തിരുന്നാവായ (36), പലക്കാട് മുണ്ടൂർ എച്ച്‌എസ് (34) എന്നീ സ്‌കൂളുകൾ ശക്തമായി വെല്ലുവിളി ഉയർത്തുന്നുണ്ട്.








0 comments