തിരിച്ചുവരുമെന്ന് നീരജ് ചോപ്ര
മറക്കാം, ടോക്യോ

ടോക്യോയിൽ നടക്കുന്ന ലോക അത്ലറ്റിക്--സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോ മത്സരത്തിനിടെ ഇന്ത്യയുടെ നീരജ് ചോപ്രയുടെ നിരാശ

Sports Desk
Published on Sep 19, 2025, 03:50 AM | 2 min read
ടോക്യോ
നാല് വർഷംമുമ്പ് ഒളിമ്പിക്‌സ് കിരീടമണിഞ്ഞ ടോക്യോ നാഷണൽ സ്‌റ്റേഡിയത്തിൽ ഇന്ത്യയുടെ ലോക ചാമ്പ്യൻ നീരജ് ചോപ്രയ്‌ക്ക് നിരാശയുടെ രാത്രി. ലോക വേദിയിൽ ഒരിക്കൽപ്പോലും കാലിടറാത്ത ഇരുപത്തേഴുകാരൻ അതേ വേദിയിൽ വീണ്ടുമെത്തിയപ്പോൾ നിരാശയിൽ പിടഞ്ഞു, അലറി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ് ജാവലിൻ ത്രോയിൽ എട്ടാം സ്ഥാനവുമായാണ് മടക്കം. ഇതോടെ ടോക്യോ ലോക മീറ്റിൽ മെഡലെന്ന ഇന്ത്യൻ സ്വപ്‌നം അവസാനിച്ചു.
നീരജിന്റെ നിരാശയ്‌ക്കിടയിലും സച്ചിൻ യാദവ് നാലാമതെത്തിയത് ഇന്ത്യക്ക് ആശ്വാസമായി. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ കെഷോൺ വാൽകോട്ടിനാണ് സ്വർണം– 88.16 മീറ്റർ. ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സൺ 87.38 മീറ്ററിൽ വെള്ളിയും അമേരിക്കയുടെ കുർടിസ് തോംപ്‌സൺ (86.67) വെങ്കലവും സ്വന്തമാക്കി. അരങ്ങേറ്റ ലോക മീറ്റിൽതന്നെ മിന്നി സച്ചിൻ 86.27 മീറ്റർ എറിഞ്ഞാണ് നാലാമതെത്തിയത്. നീരജിന്റെ മികച്ച ദൂരം 84.03 മീറ്ററായിരുന്നു.
ഒളിമ്പിക് ചാമ്പ്യനും ലോക മീറ്റിലെ നിലവിലെ റണ്ണറപ്പുമായ പാകിസ്ഥാന്റെ അർഷാദ് നദീമും നിരാശപ്പെടുത്തി. പത്താം സ്ഥാനത്താണ് നദീം പൂർത്തിയാക്കിയത്.
ജാവലിൻ ത്രോ ഫൈനലിൽ ലോകത്തെ മികച്ച താരങ്ങളെല്ലാം ടോക്യോയിൽ അണിനിരന്നു.
നീരജിനൊപ്പം നദീമും ജർമനിക്കാരൻ ജൂലിൻ വെബറും പീറ്റേഴ്‌സും വാൽകോട്ടും എത്തിയപ്പോൾ വമ്പൻ പോരിനാണ് അരങ്ങാെരുങ്ങിയത്. പക്ഷേ, പ്രകടനത്തിൽ അതുണ്ടായില്ല. ആരും 90 മീറ്റർ മറികടന്നില്ല. കളത്തിൽ സ്ഥിരതയുടെ മറുപേരായ നീരജിന്റെ ആദ്യ ഏറ് 83.65 മീറ്ററിൽ ഒതുങ്ങി. രണ്ടാമത്തേത് 84.03. മൂന്നാമത്തേത് ഫൗൾ. നാലാമത്തെ ഏറ് 82.86 മീറ്ററിൽ അവസാനിച്ചതോടെ നീരജിന്റെ മുഖം മങ്ങി.
ആത്മവിശ്വാസം നഷ്ടമായി. നിർണായകമായ അഞ്ചാമത്തെ ഏറും ഫലിച്ചില്ല. ഫൗളിൽ അവസാനിക്കുകയായിരുന്നു. ഇതോടെ അവസാന ശ്രമത്തിന് അവസരവും കിട്ടിയില്ല. ടോക്യോയിലെ ഇതേ വേദിയിൽവച്ചായിരുന്നു നാല് വർഷംമുമ്പ് ഒളിമ്പിക് ചാമ്പ്യനാകുന്നത്. പിന്നാലെ കഴിഞ്ഞവർഷം പാരിസിൽ വെള്ളിയും നേടി. ലോക മീറ്റിൽ 2022ൽ വെള്ളിയും കഴിഞ്ഞ പതിപ്പിൽ സ്വർണവുമായിരുന്നു. അവസാന 26 മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പായിരുന്നു. ആദ്യമായാണ് ഇത്രയും മോശം പ്രകടനം.
ഇൗവർഷം മികച്ച പ്രകടനവുമായാണ് ആരംഭിച്ചത്. മേയിൽ കളിജീവിതത്തിൽ ആദ്യമായി 90 മീറ്റർ കടന്നു. പുതിയ പരിശീലകൻ യാൻ സെലെസ്‌നിക്ക് കീഴിലെ ആ തുടക്കത്തിനുശേഷം മികവ് നിലനിർത്താനായില്ല. മേയിൽതന്നെ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ 82.27 മീറ്ററിലാണ് സ്വർണം കിട്ടിയത്. സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ 85.01 മീറ്ററിൽ രണ്ടാമനായി.
സച്ചിന്റേത് അപ്രതീക്ഷിത പ്രകടനമായിരുന്നു. നീരജും നദീമും യാക്കൂബ് വാദ്‌ലെജുമൊക്കെ ആദ്യ ആറിൽ ഉൾപ്പെടാതെ മടങ്ങിയപ്പോൾ സ്ഥിരതയുള്ള പ്രകടനവുമായി ഇരുപത്തഞ്ചുകാരൻ ഞെട്ടിച്ചു. ഒരുഘട്ടത്തിൽ മൂന്നാമതായിരുന്നു. ആദ്യ ഏറിൽ 86.27 മീറ്റർ എറിഞ്ഞ സച്ചിൻ തുടർന്നുള്ള ഏറുകളിൽ 85.71, 84.90, 85.96 എന്നിങ്ങനെയായിരുന്നു പ്രകടനം.
തിരിച്ചുവരുമെന്ന് നീരജ് ചോപ്ര
ടോക്യോ
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ എട്ടാം സ്ഥാനത്തായതിന്റെ കടുത്ത നിരാശയിൽ ഇന്ത്യയുടെ ജാലവിൻ ത്രോ താരം നീരജ് ചോപ്ര. പരിക്കിന്റെ ആശങ്കയുണ്ടായിരുന്നുവെന്നും നീരജ് പറഞ്ഞു. ‘രണ്ടാഴ്‌ച മുമ്പ് പുറംവേദനയുടെ അസ്വസ്ഥതയുണ്ടായിരുന്നു. പക്ഷേ, ഇക്കാര്യം ഞാനാരോടും പറഞ്ഞിരുന്നില്ല’– മത്സരശേഷം നീരജ് പറഞ്ഞു.
‘ഇന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. ടോക്യോയിലേക്ക് വരുന്നതിന് മുമ്പ് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാം മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. പക്ഷേ, ജാവലിൻ കടുപ്പമുള്ള മത്സരമാണ്. മികച്ച ശാരീരിക അവസ്ഥയിലല്ലെങ്കിൽ നിങ്ങൾ പുറത്താകും. ഞാൻ ഇന്ന് പഠിച്ച പാഠമാണിത്. സാങ്കേതിക മികവിനായി കൂടുതൽ പരിശീലനം ആവശ്യമുണ്ട്. പരിശീലനത്തിനായി കൂടുതൽ സമയവും. ഇൗ തിരിച്ചടി താൽക്കാലികം മാത്രം. ശക്തമായി തിരിച്ചുവരും’– നീരജ് വ്യക്തമാക്കി.









0 comments