Deshabhimani

പാരിസിൽ പൊന്നേറ്‌

neeraj chopra Paris Diamond League 2025
avatar
Sports Desk

Published on Jun 22, 2025, 01:45 AM | 1 min read

പാരിസ്‌

ഇന്ത്യയുടെ നീരജ്‌ ചോപ്ര പാരിസ്‌ ഡയമണ്ട്‌ ലീഗ്‌ അത്‌ലറ്റിക്‌സിൽ പുരുഷ ജാവലിൻ ത്രോയിൽ സ്വർണം നേടി. എറിഞ്ഞ ദൂരം 88.16 മീറ്റർ. രണ്ട്‌ വർഷത്തിനിടെ ആദ്യ ഡയമണ്ട്‌ ലീഗ്‌ കിരീടമാണ്‌. എട്ടുപേർ പങ്കെടുത്ത മത്സരത്തിൽ ആരും 90 മീറ്റർ മറികടന്നില്ല. ജർമനിയുടെ ജൂലിയൻ വെബർ 87.88 മീറ്റർ താണ്ടി രണ്ടാമതെത്തി. ബ്രസീലിന്റെ മൗറീഷ്യോ ഡിസിൽവയാണ്‌ (86.62) മൂന്നാമത്‌.


ഈ സീസണിൽ ദോഹ ഡയമണ്ട്‌ ലീഗിലും പോളണ്ടിൽ നടന്ന മീറ്റിലും ജൂലിയൻ വെബറിന്‌ പിന്നിൽ നീരജ്‌ രണ്ടാമതായിരുന്നു. ഇത്തവണ ആദ്യ ഏറിൽതന്നെ വിജയദൂരം കണ്ടെത്തി. രണ്ടാമത്തേത്‌ 85.10 മീറ്ററായിരുന്നു. അടുത്ത മൂന്നും ഫൗളായി. അവസാനത്തെ ത്രോ 82.89 മീറ്ററിൽ അവസാനിച്ചു. വെല്ലുവിളി ഉയർത്തുമെന്ന്‌ കരുതിയ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ 80.-29 മീറ്ററുമായി അഞ്ചാമതായി. ട്രിനിഡാഡ്‌ ടുബാഗോയുടെ കെഷോൺ വാൽക്കോട്ടിനാണ്‌ (81.66) നാലാംസ്ഥാനം.


2023ൽ നടന്ന ലുസെന്നെ മീറ്റിലാണ്‌ അവസാനമായി ഡയമണ്ട്‌ ലീഗ്‌ സ്വർണം നേടിയത്‌. അന്ന്‌ എറിഞ്ഞത്‌ 87.66 മീറ്ററായിരുന്നു. തുടർന്ന്‌ ആറ്‌ ലീഗുകളിൽ രണ്ടാംസ്ഥാനമായിരുന്നു. എട്ട്‌ വർഷത്തെ ഇടവേളക്കുശേഷമാണ്‌ നീരജ്‌ പാരിസ്‌ ഡയമണ്ട്‌ ലീഗിൽ പങ്കെടുക്കുന്നത്‌. 2017ൽ ലോക ജൂനിയർ ചാമ്പ്യനായിരിക്കെ പങ്കെടുത്തപ്പോൾ അഞ്ചാമതായി (84.67 മീറ്റർ).

ഈ സീസണിൽ നാലാത്തെ മത്സരത്തിനാണ്‌ നീരജ്‌ ഇറങ്ങിയത്‌. ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ മീറ്റിൽ 84.52 മീറ്റർ എറിഞ്ഞ്‌ ഒന്നാമതെത്തി. തുടർന്നായിരുന്നു ദോഹയിൽ ഡയമണ്ട്‌ ലീഗിൽ 90 മീറ്റർ മറികടന്ന പ്രകടനം. 90.23 മീറ്റർ എറിഞ്ഞെങ്കിലും വെബറിന്‌ പിന്നിലായി (91.06). പോളണ്ടിൽ നടന്ന മീറ്റിലും വെബറിനെ മറികടക്കാനായില്ല. അവിടെ 84.14 മീറ്ററാണ്‌ എറിഞ്ഞത്‌.


ചെക്ക്‌ റിപ്പബ്ലിക്കിൽ 24ന്‌ നടക്കുന്ന ഒസ്‌ട്രാവ ഗോൾഡൻ സ്‌പൈക്ക്‌ മീറ്റാണ്‌ അടുത്തത്‌. തുടർന്ന്‌ ജൂലൈ അഞ്ചിന്‌ ബംഗളൂരുവിൽ നടക്കുന്ന പ്രഥമ നീരജ്‌ ചോപ്ര ക്ലാസിക്കിനുണ്ടാവും. ലോക ചാമ്പ്യൻപട്ടം നിലനിർത്തുകയാണ്‌ അടുത്ത ലക്ഷ്യം. സെപ്‌തംബറിൽ ടോക്യോയിലാണ്‌ ലോക ചാമ്പ്യൻഷിപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Home