ലോക കിരീടമണിയാൻ നീരജ്


Sports Desk
Published on Jun 26, 2025, 11:36 PM | 2 min read
ഒസ്‌ട്രാവാ (ചെക്ക്)
ഇന്ത്യൻ ജാവലിൻത്രോ ചാമ്പ്യൻ നീരജ് ചോപ്രയുടെ അടുത്ത ലക്ഷ്യം ലോകകിരീടം. ടോക്യോയിൽ സെപ്‌തംബർ 13ന് ലോക ചാമ്പ്യൻഷിപ്പ് തുടങ്ങും. നിലവിലെ ലോക ചാമ്പ്യനാണ് ഇരുപത്തേഴുകാരൻ. 2023ൽ ബുഡാപെസ്‌റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. 2024 പാരിസ് ഒളിമ്പിക്‌സിൽ വെള്ളി സ്വന്തമാക്കി. ഈവർഷം പങ്കെടുത്ത അഞ്ച് മീറ്റുകളിലും ഒന്നോ രണ്ടോ സ്ഥാനം ഉറപ്പിക്കാനായി.
അവസാനം ചെക്ക് റിപ്പബ്ലിക്കിലെ ഒസ്‌ട്രാവയിൽ നടന്ന ഗോൾഡൻ സ്‌പൈക്ക് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻത്രോയിൽ 85.29 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. ആദ്യത്തേയും അവസാനത്തേയും ത്രോ ഫൗളായി. രണ്ടാമത്തേത് 83.45 മീറ്റർ. മൂന്നാമത്തേതാണ് വിജയദൂരം. തുടർന്ന് 82.17 മീറ്ററും 81.01 മീറ്ററുമാണ് താണ്ടിയത്. ആദ്യമായാണ് ഈ മീറ്റിൽ പങ്കെടുത്തത്. കഴിഞ്ഞ രണ്ടുതവണയും പങ്കെടുക്കാൻ തീരുമാനിച്ചെങ്കിലും പരിക്കിനെത്തുടർന്ന് പിൻമാറുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ഡൗ സ്‌മിത്ത് 84.12 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി. ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 83.63 മീറ്ററോടെ മൂന്നാമതായി. ഒമ്പതുപേരാണ് മത്സരത്തിൽ പങ്കെടുത്തത്.
ഈ സീസണിലെ അഞ്ചാമത്തെ ചാമ്പ്യൻഷിപ്പിലാണ് നീരജ് പങ്കെടുക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നടന്ന മീറ്റിൽ 84.52 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയാണ് തുടക്കം. തുടർന്നായിരുന്നു ദോഹ ഡയമണ്ട് ലീഗ്. അവിടെ എറിഞ്ഞ 90.23 മീറ്ററാണ് മികച്ച ദൂരം. രണ്ടാംസ്ഥാനത്തായെങ്കിലും ആദ്യമായി 90 മീറ്റർ കടമ്പ താണ്ടി. പോളണ്ടിലെ ജാനുസ് കുസോസിൻസ്‌കി സ്‌മാരക മീറ്റിൽ 84.14 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനത്തായി. കഴിഞ്ഞദിവസം പാരിസ് ഡയമണ്ട് ലീഗിൽ 88.16 മീറ്ററോടെ ഒന്നാമതെത്തിയിരുന്നു. ദോഹയിലും പോളണ്ടിലും ഒന്നാംസ്ഥാനം നേടിയ ജർമനിയുടെ ജൂലിയൻ വെബറെ പാരിസിൽ പിന്തള്ളി.
ലോക ചമ്പ്യൻഷിപ്പിനുമുമ്പ് ബംഗളൂരുവിൽ നടക്കുന്ന നീരജ് ക്ലാസിക്കിൽ പങ്കെടുക്കുന്നുണ്ട്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മീറ്റ് ജൂലൈ അഞ്ചിനാണ്.
ഒസ്‌ട്രാവയിൽ ഗോൾഡൻ സ്‌പൈക്ക് കിരീടം കുട്ടിക്കാലത്തെ സ്വപ്‌നമായിരുന്നുവെന്ന് നീരജ് പറഞ്ഞു. ‘100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ടും ഇപ്പോഴത്തെ പരിശീലകൻ യാൻ സെലസ്‌നി ജാവലിൻത്രോയിലും കിരീടം നേടുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഒരിക്കൽ ജേതാവാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിപ്പോൾ സാധ്യമായി’. ലോക റെക്കോഡുകാരനായ ചെക്ക് താരം യാൻ സെലസ്‌നി പരിശീലകനായി എത്തിയശേഷമാണ് നീരജ് 90 മീറ്റർ മറികടക്കുന്നത്. സെലസ്‌നി ഒമ്പതുതവണ ഇവിടെ ചാമ്പ്യനായിട്ടുണ്ട്. 1996ൽ എറിഞ്ഞ 98.48 മീറ്ററാണ് ലോക റെക്കോഡ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് നീരജ് ഗോൾഡൻ സ്‌പൈക്ക് കിരീടം നേടുന്നത്.
0 comments