വേഗത്തിൽ അനിമേഷ് ; ദേശീയ ഗെയിംസ് മീറ്റ് റെക്കോഡോടെ 100ൽ ചാമ്പ്യൻ

പുരുഷൻമാരുടെ 100 മീറ്ററിൽ ഒഡിഷയുടെ അനിമേഷ് കുജുർ (നടുവിൽ) ദേശീയ ഗെയിംസ് റെക്കോഡോടെ സ്വർണം നേടുന്നു /ഫോട്ടോ: പി ദിലീപ്കുമാർ
പ്രദീപ് ഗോപാൽ
Published on Feb 09, 2025, 01:45 AM | 2 min read
ഡെറാഡൂൺ : ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ ആദ്യദിനം കണ്ടത് മിന്നും പോരാട്ടങ്ങൾ. പുരുഷൻമാരുടെ 100 മീറ്റർ ഓട്ടത്തിൽ ഒഡിഷയുടെ അനിമേഷ് കുജുർ ദേശീയ ഗെയിംസ് റെക്കോഡിനൊപ്പമെത്തി. പതിനായിരം മീറ്ററിൽ ഹിമാചൽപ്രദേശിന്റെ സവാൻ ബർവാൾ മീറ്റ് റെക്കോഡ് തിരുത്തി ഏഷ്യൻ അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടി. വനിതകളിൽ പാരിസ് ഒളിമ്പ്യൻ അങ്കിത ധ്യാനിയെ മറികടന്ന് മഹാരാഷ്‌ട്രയുടെ സഞ്‌ജീവനി ജാദവ് ചാമ്പ്യനായി.
ഗെയിംസിന്റെ വേഗക്കാരനെ കണ്ടെത്തുന്നതിനുള്ള 100 മീറ്റർ പോര് ആവേശകരമായി. 10.28 സെക്കൻഡിൽ അനിമേഷ് ഒന്നാമതെത്തി.
അഹമ്മദാബാദ് ഗെയിംസിൽ അസമിന്റെ അംലൻ ബൊർഗോഹെയ്‌ൻ കുറിച്ച സമയത്തിനൊപ്പമാണ് എത്തിയത്. അംലന് ഇക്കുറി വെങ്കലമാണ്. മഹാരാഷ്‌ട്രയുടെ പ്രണവ് ഗൗരവ് 10.32 സെക്കൻഡിൽ വെള്ളി നേടി. നിലവിലെ ദേശീയ റെക്കോഡുകാരൻ സർവീസസിന്റെ മണികണ്‌ഠ ഹൊബ്ലിദാർ അഞ്ചാമതായി.
വനിതകളിൽ സുദേഷ്‌ണ ശിവാങ്കറാണ് വേഗതാരം (11.76). തെലങ്കാനയുടെ നിത്യാഗാന്ധി വെള്ളിയും തമിഴ്‌നാടിന്റെ ആർ ഗിരിധരണി വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ പതിനായിരത്തിൽ 28 മിനിറ്റ് 49. 93 സെക്കൻഡിലാണ് സവാൻ റെക്കോഡ് തിരുത്തിയത്. മെയ് 27 മുതൽ 31 വരെ ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യൻ മീറ്റിനാണ് ഹിമാചലുകാരൻ യോഗ്യത നേടിയത്. സർവീസസിന്റെ ഗുൽവീർ സിങ് 2022ൽ കുറിച്ച റെക്കോഡ് തിരുത്തി.
വനിതകളിൽ 33 മിനിറ്റ് 33.47 സെക്കൻഡിൽ സഞ്‌ജീവനി സ്വർണം നേടി. ഉത്തരാഖണ്ഡിന്റെ ധ്യാനി 34 മിനിറ്റ് 31. 03 സെക്കൻഡിൽ രണ്ടാമതായി. വനിതകളുടെ 1500 മീറ്ററിൽ ഡൽഹിയുടെ കെ എം ചന്ദയ്‌ക്കാണ് സ്വർണം. പുരുഷൻമാരിൽ സർവീസസിന്റെ യൂനുസ് ഷായും ഒന്നാമതെത്തി. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ ഹരിയാനയുടെ സീമ ചാമ്പ്യനായി.
ലവ്‌ലിനയ്‌ക്ക് സ്വർണം
ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് ലവ്‌ലിന ബൊർഗോഹെയ്‌ന് ദേശീയ ഗെയിംസ് വേദിയിൽ സ്വർണത്തിളക്കം. വനിതാ ബോക്‌സിങ് 75 കിലോവിഭാഗത്തിലാണ് നേട്ടം. പാരിസ് ഒളിമ്പിക്‌സിനുശേഷം ആദ്യ ചാമ്പ്യൻഷിപ്പിന് ഇറങ്ങിയ അസംകാരി ഛണ്ഡീഗഢിന്റെ യുവതാരം പ്രൻഷു റാത്തോഡിനെ 5–-0ന് തകർത്തു.
അതേസമയം, പുരുഷവിഭാഗത്തിൽ 63.5 കിലോ ഏഴുതവണ ഏഷ്യൻ ചാമ്പ്യനായ ശിവ്‌ഥാപ്പയെ സർവീസസിന്റെ വൻഷജ് തോൽപ്പിച്ചു. അഞ്ച് മെഡലുകളുമായി അസം ഇടിക്കൂട്ടിൽ തിളങ്ങി.









0 comments