ഷീന മിന്നി, സാന്ദ്രയ്‌ക്ക് ഡബിൾ ; വനിതാ ട്രിപ്പിളിൽ കേരളത്തിന് വെള്ളിയും വെങ്കലവും

നിഹാരിക (ട്രിപ്പിൾ ജമ്പ്, സ്വർണം) /എൻ വി ഷീന (വെള്ളി) / സാന്ദ്ര ബാബു (വെങ്കലം)
ഡെറാഡൂൺ : ദേശീയ ഗെയിംസ് ട്രിപ്പിൾ ജമ്പിൽ തുടർച്ചയായ നാലാംമെഡലുമായി എൻ വി ഷീന. 13.19 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. ഈയിനത്തിൽ കേരളത്തിന്റെതന്നെ സാന്ദ്ര ബാബു 13.12 മീറ്ററോടെ വെങ്കലം നേടി. ഗെയിംസിന്റെ 14–-ാംദിനം രണ്ട് മെഡലുകൾമാത്രമാണ് കേരളത്തിന്. ആകെ 12 വീതം സ്വർണവും വെള്ളിയും 19 വെങ്കലവുമായി ഒമ്പതാം സ്ഥാനം–- 43 മെഡലുകൾ. 45 സ്വർണമുൾപ്പെടെ 80 മെഡലുകളുമായി സർവീസസ് ഒന്നാമത് തുടർന്നു.
തുടർച്ചയായ മൂന്നാംസ്വർണം പ്രതീക്ഷിച്ചെത്തിയ ഷീനയെ പഞ്ചാബിന്റെ നിഹാരിക വസിഷ്‌ഠ പിന്നിലാക്കി. ആദ്യ ചാട്ടത്തിൽത്തന്നെ 13 മീറ്റർ മറികടന്ന നിഹാരിക നാലാംശ്രമത്തിൽ 13.37 ചാടി സ്വർണം ഉറപ്പാക്കി. ഷീന അവസാന ചാട്ടത്തിലാണ് വെള്ളിയിൽ എത്തിയത്. വെങ്കലം കിട്ടിയ സാന്ദ്ര കഴിഞ്ഞദിവസം ലോങ്‌ജമ്പിൽ വെള്ളിയും നേടിയിരുന്നു.
വനിതകളുടെ ഹാമർത്രോയിൽ ഉത്തർപ്രദേശിന്റെ അനുഷ്‌ക യാദവ് 62.89 മീറ്ററിൽ ഗെയിംസ് റെക്കോഡിട്ടു. പുരുഷ ഷോട്ട്‌പുട്ടിൽ ഒളിമ്പ്യൻ പഞ്ചാബിന്റെ തജീന്ദർ പാൽ സിങ് ടൂർ 19.74 മീറ്റർ എറിഞ്ഞ് ചാമ്പ്യനായി. പുരുഷ 4–-400 റിലേയിൽ തമിഴ്‌നാടും വനിതകളിൽ പഞ്ചാബും സ്വർണം നേടി. വനിതകളിൽ കേരളം നാലാമതാണ്. പുരുഷ ടീം ആറാമതും.
പുരുഷ–വനിതാ വിഭാഗം 800 മീറ്റർ ഫെെനൽ ഇന്ന് നടക്കും. പുരുഷ വിഭാഗത്തിൽ സഹോദരങ്ങളായ ബിജോയിയും റിജോയിയും മത്സരിക്കും.









0 comments