print edition പന്തൽ ജർമനാ... കളി തീപാറും

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുങ്ങിയ കൂറ്റൻ ജർമൻ പന്തൽ. സമാന്തരമായ 2 പന്തലിൽ 67,812 ചതുരശ്ര അടിയിലാണ് വേദി സജ്ജമാക്കിയത്. അഞ്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ഇതിനുള്ളിലുണ്ട്. 6000 താരങ്ങൾ ഇവിടെ മത്സരിക്കും. പന്തലിന്റെ അവസാനവട്ട മിനുക്കുപണികളിൽ ഏർപ്പെടുന്ന അധ്യാപകരും വിദ്യാർഥികളും ഫോട്ടോ: എ ആർ അരുൺ രാജ്

ബിജോ ടോമി
Published on Oct 21, 2025, 01:24 AM | 1 min read
തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ തീപാറുന്ന പോരാട്ടത്തിന് പ്രധാന വേദിയായ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ കൂറ്റൻ ജർമൻ പന്തൽ വേദിയാകും. സമാന്തരമായ 2 പന്തലിൽ 67,812 ചതുരശ്ര അടിയിലാണ് വേദി സജ്ജമാക്കിയത്. അഞ്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ഇതിനുള്ളിലുണ്ട്. 6000 താരങ്ങൾ ഇവിടെ മാറ്റുരയ്ക്കും. ആദ്യമായാണ് സംസ്ഥാന സ്‌കൂൾ കായികമേളക്ക് താൽക്കാലിക ഇൻഡോർ സ്‌റ്റേഡിയം ഒരുക്കുന്നത്. ഇടയ്ക്ക് തൂണുകളില്ല, വെയിലും തീയും തൊടില്ല എന്നിവയാണ് പ്രത്യേകത. ചൂട് നിയന്ത്രിക്കാൻ ഫാനും കൂളറുമുണ്ട്. ചുറ്റും സിമന്റുകട്ട ഉപയോഗിച്ചുകെട്ടി ക്വാറിവേസ്റ്റും പാറപ്പൊടിയും നിരത്തിയാണ് പ്രതലം തയ്യാറാക്കിയത്.
ഇതിനുമുകളിൽ വിവിധ കോർട്ടുകളും തയ്യാറാക്കി. ഒന്നര ഇഞ്ച് കനമുള്ള സിന്തറ്റിക് മാറ്റ് ഉപയോഗിച്ചാണ് കബഡി, ഖോ ഖോ മത്സരത്തിനുള്ള തറ ഒരുക്കിയത്. കാണികൾക്ക് പന്തലിന്റെ ഒരുവശത്ത് മൂന്ന് തട്ടുള്ള ഗാലറിയും സജ്ജമാണ്. ഒരേസമയം അഞ്ച് കോർട്ടിലും മത്സരം നടത്താം. ആദ്യദിവസമായ ബുധനാഴ്‌ച ബോക്‌സ് ബോൾ, തയ്‌ക്വാൻഡോ, കബഡി, ഖോ ഖോ, ജൂഡോ മത്സരമാണിവിടെ. തുടർന്നുള്ള ദിവസങ്ങളിൽ കരാട്ടെ, ഫെൻസിങ്, കളരിപ്പയറ്റ്, യോഗ, റസ്‌ലിങ്, പവർലിഫ്‌റ്റിങ് എന്നിവയും നടക്കും. സെൻട്രൽ സ്‌റ്റേഡിയത്തിൽ തന്നെയുള്ള വോളിബോൾ കോർട്ടാകും വോളിബോൾ മത്സരത്തിന് ഉപയോഗിക്കുക.
വടംവലി മത്സരവും സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. ഇതിനായി സ്‌റ്റേഡിയത്തിലെ ട്രാക്കിലും പ്രത്യേക പന്തൽ ഒരുക്കിയിട്ടുണ്ട്. അതും ജർമനാണ്.









0 comments