കതാരിയ: കളിക്കളത്തിലെ കൊടുങ്കാറ്റ്

kataria hockey
avatar
ബിമൽ പേരയം

Published on Apr 20, 2025, 10:41 AM | 2 min read

ഹോക്കി സ്റ്റിക്‌ ഉയർത്തിപ്പിടിച്ച്‌ കതാരിയ കളിത്തട്ട്‌ ഒഴിയുമ്പോൾ കായികലോകം തേങ്ങി. ഉള്ളിലെ തീ അണഞ്ഞതിനാലോ തന്റെ ടാങ്കിലെ ഹോക്കി വറ്റിപ്പോയതിനാലോ അല്ല, മികച്ച അവസ്ഥയിലായിരിക്കുമ്പോൾ കരിയറിന്റെ ഉന്നതിയിൽനിന്ന്‌ തല കുനിക്കാൻ ആഗ്രഹിക്കുന്നതിനാലാണ്‌ കളിക്കളത്തിൽനിന്ന്‌ പിന്മാറുന്നതെന്നു പറഞ്ഞാണ്‌ അന്താരാഷ്ട്രവേദിയിൽനിന്ന്‌ കതാരിയ മടങ്ങിയത്‌. മധുരവും കയ്‌പും ഒന്നിച്ചനുഭവിക്കുന്ന വൈകാരിക നിമിഷങ്ങളിൽ തലയുയർത്തിപ്പിടിച്ചുതന്നെ ഒന്നരപ്പതിറ്റാണ്ട്‌ നീണ്ട തിളക്കമാർന്ന കരിയറിന്‌ വിരാമമിട്ട്‌ ഹരിദ്വാറിന്റെ കൊടുങ്കാറ്റ്‌ മടങ്ങി. ഗോൾമുഖത്ത്‌ കത്തിക്കയറുമ്പോൾ ആവേശത്തോടെ ആരവം മുഴക്കിയിരുന്നതും കാണികൾക്ക്‌ ഇനി ഓർമ.

രാജ്യത്തിന്റെ ജഴ്‌സിയിൽ ഏറ്റവും അധികം അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച വനിതാതാരമാണ്‌ ഈ മുപ്പത്തിരണ്ടുകാരി. ഏപ്രിൽ ഒന്നിന്‌ വന്ദന കതാരിയയുടെ വിരമിക്കൽ പ്രഖ്യാപനം ഹോക്കി പ്രേമികൾ ഞെട്ടലോടെയാണ്‌ കേട്ടത്‌. ക്ഷീണത്തിൽനിന്നുള്ള വിടവാങ്ങലല്ല, സ്റ്റിക്‌ ജ്വലിപ്പിച്ചാണ്‌ താൻ മടങ്ങുന്നതെന്ന ഇതിഹാസതാരത്തിന്റെ വാക്കുകൾ കേട്ട്‌ ഗ്യാലറിയിലെ കാണികൾ കണ്ണീർ പൊഴിച്ചു. 15 വർഷത്തിനിടെ 320 അന്താരാഷ്‌ട്ര മത്സരവും 158 ഗോളും നേടി ഇന്ത്യൻ ഹോക്കി ടീമിൽ പകരംവയ്‌ക്കാനില്ലാത്ത ഒരാളായി മാറി. 2009ൽ പതിനേഴാം വയസ്സിലാണ്‌ ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി മാറിയത്‌. 2013ൽ ജർമനിയിലെ മൊൻചെൻഗ്ലാഡ്‌ബാച്ചിൽ നടന്ന എഫ്‌ഐഎച്ച്‌ ജൂനിയർ വനിതാ ലോകകപ്പിലായിരുന്നു കായികജീവിതത്തിൽ വഴിത്തിരിവ്‌ ഉണ്ടായത്‌. ടോപ്‌ സ്‌കോററായിട്ടായിരുന്നു ഫിനിഷിങ്. ആക്രമണനിരയിൽ കുന്തമുനയായപ്പോൾ ടീം വെങ്കലം തൊട്ടു. രണ്ട്‌ സമ്മർ ഒളിമ്പിക്‌സ്‌ ഗെയിംസ്‌, രണ്ട്‌ എഫ്‌ഐഎച്ച്‌ വനിതാ ഹോക്കി ലോകകപ്പ്‌, മൂന്ന്‌ കോമൺവെൽത്ത്‌ ഗെയിംസ്‌, മൂന്ന്‌ ഏഷ്യൻ ഗെയിംസ്‌ എന്നിവ പിന്നിട്ടപ്പോൾ ഈ പോരാളിയെ കായികലോകം ഏറ്റെടുത്തു. നിർണായകനിമിഷങ്ങളിൽ എതിരാളികൾക്കു മുന്നിൽ കൊടുങ്കാറ്റായി മാറി. ഒളിമ്പിക്‌സിൽ ഹാട്രിക്‌ നേടിയ ആദ്യ ഇന്ത്യൻ വനിത എന്ന കിരീടവും സ്വന്തം പേരിലാക്കി.

ടോക്യോ ഒളിമ്പിക്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എതിരെയായിരുന്നു ഹാട്രിക്‌ നേട്ടം. ടോക്യോ ഒളിമ്പിക്‌സ്‌ സെമിയിൽ ഇന്ത്യ അർജന്റീനയോട്‌ പരാജയപ്പെട്ടപ്പോൾ മേൽജാതിക്കാർ വന്ദനയുടെ വീട്‌ ആക്രമിച്ചിരുന്നു. ഇന്ത്യൻ സ്‌ത്രീകളുടെ നേട്ടത്തിലുള്ള ചക്‌ദേ നിമിഷം രാജ്യം മുഴുവൻ ഹൃദയപൂർവം ആഘോഷിച്ചപ്പോൾ കതാരിയയുടെ അയൽക്കാർ അവരെ കുറ്റപ്പെടുത്തുന്ന തിരക്കിലായിരുന്നു. ജാതി പറഞ്ഞ്‌ അധിക്ഷേപിച്ചു. ദളിതന്മാരായിട്ടുള്ളവർ ടീമിൽ ഇടം നേടുന്നതിനാലാണ്‌ തോറ്റുപോകുന്നതെന്ന്‌ അവർ ആരോപിച്ചു. കളിയിൽ പൊരുതിത്തോറ്റ വേദനയിൽനിന്നപ്പോൾ ആശ്വാസവാക്കുകൾ കേട്ടില്ല. വീടിനുമുന്നിൽ മേൽജാതിക്കാർ നൃത്തംവച്ച്‌ ആഘോഷിച്ചു. നെതർലൻഡ്‌സിലെ ആംസ്റ്റൽവീനിലെ വാഗനർ സ്‌റ്റേഡിയത്തിൽ ഇന്ത്യ–- ചൈന വനിതാ ഹോക്കി ലോകകപ്പ്‌ മത്സരത്തിൽ പൂൾ ബി മത്സരത്തിൽ 1–-1 സമനില നേടാൻ രാജ്യത്തെ സഹായിച്ച കതാരിയ അവർക്ക്‌ മുന്നിലില്ലായിരുന്നു.

ചരിത്രപുസ്‌തകത്തിൽ എത്രയോവട്ടം കതാരിയയുടെ പേര്‌ എഴുതിച്ചേർക്കപ്പെട്ടതും അക്രമികൾ മറന്നു. ‘ഞാൻ ഒരു ദളിതനാണ്‌. ബുദ്ധന്റെ പ്രബുദ്ധത, അംബേദ്‌കറുടെ അമർത്യത, കാൻഷി റാമിന്റെ ധൈര്യം എന്നിവ കാരണം മനുഷ്യത്വത്തിന്റെ സത്ത എന്നിൽ നിറഞ്ഞുനിൽക്കുന്നു’ എന്നായിരുന്നു ആക്രമണകാരികളായ ജാതിക്കോമരങ്ങളോട്‌ മറുപടിയായി വന്ദന ട്വീറ്റ്‌ ചെയ്‌തത്‌. ജാതിയുടെ പേരിൽ ഉന്നംവച്ച നിമിഷങ്ങൾ പലവട്ടമുണ്ടായി. അരക്ഷിതാവസ്ഥ വളർത്തി തളർത്തി ഭയപ്പെടുത്താൻ ശ്രമിച്ച നിമിഷങ്ങളേറെ. അസംബന്ധംമുതൽ വിചിത്രംവരെയാണ്‌ ദളിത്‌ ആക്രമണങ്ങൾക്ക്‌ പിന്നിലെ ഓരോ കാരണവും. ജാത്യാധിക്ഷേപത്തിനെതിരെ പരാതിപ്പെട്ടെങ്കിലും എഫ്‌ഐആർ എടുക്കാനോ അന്വേഷണത്തിനോ ആദ്യഘട്ടത്തിൽ പൊലീസ്‌ തയ്യാറായതുമില്ല. കളിക്കളത്തിനു പുറത്തെ മുറിവുകൾ ഏറെയാണ്‌. അത്തരം പ്രതിസന്ധികളെയൊക്കെ തരണം ചെയ്‌ത്‌ മുന്നേറി ചരിത്രത്തിന്റെ കായികക്കളത്തിൽ നിറയാൻ കഴിഞ്ഞു എന്നതുതന്നെയാണ്‌ കതാരിയയുടെ വിജയം. ദേശീയ ടീമിൽനിന്ന്‌ വിരമിച്ചാലും ഹോക്കി ഇന്ത്യൻ ലീഗിൽ ഈ പോരാട്ടപ്പറവ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home