print edition കളരിപ്പയറ്റ് ആദ്യമായി ; മൂന്ന് ഇനങ്ങളിൽ മത്സരം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കളരിപ്പയറ്റ് മത്സരത്തിനൊരുങ്ങുന്ന കുട്ടികൾ ഫോട്ടോ: എ ആർ അരുൺരാജ്

ബിജോ ടോമി
Published on Oct 26, 2025, 12:30 AM | 1 min read
തിരുവനന്തപുരം
ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സ്‌കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സര ഇനമായി ഇന്ന് അങ്കത്തട്ടിലേറും. വലിഞ്ഞമർന്നും തിരിഞ്ഞുചാടിയും കറങ്ങിയും മറിഞ്ഞും അഭ്യാസികൾ വീറുകാട്ടും. മെയ്‌വഴക്കവും വടിവുകളും ചടുലതയുമെല്ലാം കോർത്തിണക്കിയ ചുവടുകൾ മത്സരാർഥിയുടെ വീറ് അളക്കും. വാളും ഉറുമിയും ഉൾപ്പെടെയുള്ള ആയുധഭ്യാസം ഇല്ലെങ്കിലും ചൂരൽവടി പ്രയോഗമുണ്ടാകും. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഇതാണ് യാഥാർഥ്യമാകുന്നത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയമാണ് വേദി. അണ്ടർ 17, 19 ആൺ – പെൺ വിഭാഗങ്ങളിലാണ് മത്സരം. ചുവടുകൾ, മെയ്‌പ്പയറ്റ്, നെടുവടിപ്പയറ്റ് എന്നിവയാണ് ഇനങ്ങൾ. ഇതിൽ നെടുവടിപ്പയറ്റ് ഗ്രൂപ്പ് ഇനമാണ്. സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നിയമാവലി അനുസരിച്ചാണ് മത്സരം.
ചുവടുകൾ
ചുവടുകൾ ഒന്നരമിനിറ്റിനകം ചെയ്‌തിരിക്കണം. മൂന്ന് ഒറ്റച്ചുവടും രണ്ട് കൂട്ടച്ചുവടുമാണ് മത്സരത്തിനായി ചെയ്യേണ്ടത്. ഇടവേളകളില്ലാതെ തുടർച്ചയായി ഒരുമിച്ചു ചെയ്യണം. ഒറ്റച്ചുവട് 12 ഇഞ്ച് വ്യാസമുള്ള വൃത്തത്തിനകത്തും കൂട്ടച്ചുവട് 15 അടി സമചതുരമായ കളത്തിനകത്തുമാണ്. ചുവടിൽ ഗതി, ചടുലത, കൃത്യമായ വിന്യാസം, ലക്ഷ്യം, സൂക്ഷ്‌മത, പ്രയോഗം, ബാലൻസ്, നോട്ടം, പൂർണത, ഊർജസ്വലത, മെയ്‌വഴക്കം, ശക്തി, ഭൃഗ്യഭംഗി എന്നിവ സമഞ്‌ജസമായി സമ്മേളിച്ചിരിക്കണം.
മെയ്‌പയറ്റ്
രണ്ട് മിനിറ്റാണ് സമയം. 36 അടിനീളവും 5 അടി വീതിയുമുള്ള കളത്തിനകത്തുവേണം മെയ്‌പയറ്റ് ചെയ്യാൻ. മെയ് വഴക്കവും അഭ്യാസ പാടവവും ചടുലതയുമെല്ലാം ഒത്തിണങ്ങണം. തുടവാരിയിൽ തൊഴുതമർന്ന് ഗജവടിവിൽ പൂർണമായി അമരണം. മലക്കംമറിയുമ്പോൾ ചക്രംപോലെ മറിഞ്ഞുവരണം. ബാലൻസ് അൽപ്പം പോലും തെറ്റുകയോ അമർന്ന് പോവുകയോ ചെയ്യരുത്. തിരിഞ്ഞു ചാടുമ്പോൾ കൃത്യതയും ബാലൻസും ഉണ്ടായിരിക്കണം.
നെടുവടിപ്പയറ്റ്
ഒരുമിനിറ്റാണ് സമയം. രണ്ടുപേർ ചേർന്ന് ടീമായി മത്സരിക്കും. ചൂരൽവടി ഉപയോഗിച്ചാണ് പയറ്റ്. ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും പ്രതിരോധത്തിനും പ്രാധാന്യം നൽകണം. വടിയുടെ നീളം പയറ്റുന്ന ആളിന്റെ നെറ്റി ഉയരം ഉണ്ടായിരിക്കണം. വടിക്ക് മുക്കാൽ ഇഞ്ച് വ്യാസം വേണം.









0 comments