ടെൻസിങ് നോർഗെ ദേശീയ പുരസ്‌കാരനിറവിൽ മലയാളിയായ ജിതിൻ വിജയൻ
ഭൂമിയിലേക്കൊരു സ്വപ്‌നച്ചാട്ടം

സ്-കെെ ഡെെവിങ്ങിനിടെ ജിതിൻ വിജയൻ / പുരസ്‌കാരം രാഷട്രപതി ദ്രൗപതി മുർമുവിൽനിന്ന് സ്വീകരിക്കുന്നു

എസ് ശ്രീലക്ഷ്മി
Published on Jan 23, 2025, 12:05 AM | 1 min read
കൊച്ചി
ഉയരങ്ങളിലാണ് ജിതിൻ വിജയൻ തന്റെ സ്വപ്‌നങ്ങളെ കൊരുത്തിട്ടത്. ഭൂമിയിൽനിന്ന് 42,431 അടി ഉയരത്തിൽ സ്‌കൈഡൈവ് ചെയ്യുമ്പോൾ ദേശീയപതാകയും കൈയിൽ ചേർത്തുപിടിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനം വാനോളമെത്തിച്ച ജിതിനെ തേടി
ടെൻസിങ് നോർഗെ ദേശീയ സാഹസിക പുരസ്‌കാരവുമെത്തി. കരയിലോ കടലിലോ വായുവിലോ നടത്തുന്ന സാഹസിക കായികപ്രവൃത്തികളിൽ അസാധാരണ നേട്ടം കൈവരിക്കുന്നവർക്കുള്ള പരമോന്നത ദേശീയ പുരസ്‌കാരമാണിത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽനിന്ന് അംഗീകാരം ഏറ്റുവാങ്ങി.
കോഴിക്കോട് ബാലുശേരി സ്വദേശിയായ ജിതിൻ കൊച്ചിയിലാണ് താമസം.
2015ൽ പാരാഗ്ലൈഡിങ്ങിലൂടെയാണ് ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയത്. പിന്നീട് 2019ൽ ന്യൂസിലൻഡിൽവച്ച് ആദ്യമായി സ്‌കൈഡൈവിങ് ചെയ്തു. അതൊരു തുടക്കമായിരുന്നു. 2022ൽ സ്‌പെയ്‌നിൽനിന്ന് ലൈസൻസ് എടുത്തു. നിലവിൽ എട്ടോളം റെക്കോഡുകൾ ജിതിന്റെ പേരിലുണ്ട്.
"ദേശീയപതാകയുമായി എവറസ്റ്റിന് മുകളിൽ എത്തണമെന്നായിരുന്നു ആഗ്രഹം. അപകടകരമായ ട്രക്കിങ്ങായതിനാൽ കുടുംബം സമ്മതിച്ചില്ല. അങ്ങനെയാണ് പതാകയുമായി 42,431 അടി ഉയരത്തിൽനിന്ന് സ്‌കൈഡൈവ് ചെയ്യാൻ തീരുമാനിച്ചത്. നിരന്തര പരിശീലനം ആവശ്യമായിരുന്നു. അന്തരീക്ഷ മർദം കുറവായതിനാൽ ഇത്രയും ഉയരത്തിൽനിന്ന് ചാടുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായി. എന്നാൽ, സ്വപ്‌നസാക്ഷാൽക്കാരത്തിന്റെ 2.47 മിനിറ്റ് മറക്കില്ല ' –- നാൽപ്പത്തിരണ്ടുകാരൻ പറയുന്നു. യുഎസിൽവച്ചായിരുന്നു ഈ സ്‌കൈഡൈവ്.
കൊച്ചി ഇൻഫോപാർക്കിൽ ഐടി സംരംഭകനായ ജിതിന് കേരളത്തിൽ ഒരു എയർ സ്‌പോർട്‌സ് സെന്റർ തുടങ്ങണമെന്നാണ് ആഗ്രഹം. കുട്ടികളടക്കം നിരവധിപേർ എയർ സ്‌പോർട്‌സിനെക്കുറിച്ച് ചോദിച്ചറിയാറുണ്ട്. ആദ്യം ചെയ്യുമ്പോൾ പേടിയുണ്ടാകും. എന്നാൽ, ഒരുതവണ അതിനെ മറികടന്നാൽ പിന്നീട് പറന്നുയരാം –- ജിതിൻ പറയുന്നു.
കോഴിക്കോട് ബാലുശേരി പനായി മലയിലകത്തൂട്ട് വിജയൻ–-സത്യഭാമ ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മകൻ: സൗരവ്.








0 comments