ജാവലിൻ ഇനിയു പറക്കും: ദോഹ ഡയമണ്ട് ലീഗിൽ ചരിത്ര നേട്ടം

ദോഹ: ജാവലിൻ ത്രോയിൽ ഇനിയും മികച്ച പ്രകടനം സാധ്യമാവുമെന്ന് ഇന്ത്യയുടെ ഒളിമ്പ്യൻ നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിൽ പുരുഷവിഭാഗം ജാവലിൻ ത്രോയിൽ 90.23 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനം നേടിയിരുന്നു. 90 മീറ്റർ മറികടക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്. 11 പേർ പങ്കെടുത്ത മത്സരത്തിൽ മൂന്നാമത്തെ ത്രോയിലാണ് ദേശീയ റെക്കോഡ് പുതുക്കിയ ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബർ അവസാന ത്രോയിൽ 91.06 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി.
‘90 മീറ്റർ എന്ന ഭാരം ഒഴിഞ്ഞു. ഞാൻ ചിന്തിച്ചില്ലെങ്കിലും കുറേക്കാലമായി ആളുകൾ 90 മീറ്റർ എപ്പോഴാണെന്ന് ചോദിക്കുമായിരുന്നു. ഒടുവിൽ അത് സാധ്യമായി. ഇനി സ്വതന്ത്രമായി ജാവലിൻ എറിയാം. ഇനിയും കൂടുതൽ ദൂരം എറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ലക്ഷ്യം എന്തെന്ന് ചോദിച്ചാൽ ഉത്തരം 90 മീറ്റർ എന്നാണ്’–-നീരജ് പ്രതികരിച്ചു. ഈ സീസണിലെ ആദ്യമത്സരമായിരുന്നു. ദോഹയിലെ സുഹെയിം ബിൻ ഹമദ് സ്‌റ്റേഡിയത്തിൽ ആദ്യ ഏറ് 88.44 മീറ്ററായിരുന്നു. രണ്ടാമത്തെ ത്രോ സാധ്യമായില്ല. മൂന്നാമത്തേതിലാണ് കാത്തിരുന്ന ദൂരം പിറന്നത്. നാലാമത്തേത് 80.56 മീറ്ററാണ്.
അഞ്ചാമത്തേത് സാധ്യമായില്ല. അവസാന ത്രോ 88.20 മീറ്ററിൽ അവസാനിച്ചു. 26 അത്‌ലീറ്റുകളാണ് ഇതുവരെ 90 മീറ്റർ കടമ്പ താണ്ടിയിട്ടുള്ളത്. അതിൽ ഏഷ്യയിലെ മികച്ച മൂന്നാമത്തേതാണ്. ഈ സീസണിൽ ലോകത്തെ മികച്ച രണ്ടാമത്തെ ദൂരം. നീരജ് ഒന്നാംസ്ഥാനം ഉറപ്പിച്ചെന്ന് കരുതിയപ്പോഴാണ് ജർമൻതാരം ജൂലിയൻ വെബറുടെ മാരകമായ അവസാന ത്രോ വന്നത്. 83.82, 85.57, 89.06, 88.05, 89.94, 91.06 എന്നിങ്ങനെയാണ് വെബറുടെ ഏറുകൾ. നീരജിനെപ്പൊലെ ആദ്യമായാണ് 90 മീറ്റർ മറികടക്കുന്നത്. മറ്റൊരു ഇന്ത്യൻ താരമായ കിഷോർകുമാർ ജെന 78.60 മീറ്ററോടെ എട്ടാമതായി.
ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനാണ്(85.64) മൂന്നാംസ്ഥാനം. നാലാം തവണയാണ് ദോഹ ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്നത്. 2018ൽ ആദ്യ അവസരത്തിൽ 87.43 മീറ്റർ എറിഞ്ഞ് നാലാമതായിരുന്നു. 2023ൽ 88.67 മീറ്റർ താണ്ടി സ്വർണമണിഞ്ഞു. 2024ൽ 88.36 മീറ്ററോടെ രണ്ടാമതായി. 2022ൽ സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിൽ നേടിയ 89.94 മീറ്ററായിരുന്നു ഇതുവരെയുള്ള മികച്ച ദൂരം. കഴിഞ്ഞ അഞ്ചുവർഷമായി 90 മീറ്റർ ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞവർഷം നടന്ന പാരിസ് ഒളിമ്പിക്‌സിനുശേഷം പരിക്കിന്റെ പിടിയിലായിരുന്നു. വിശ്രമത്തിനും ചികിത്സക്കുംശേഷം അരക്കെട്ടിനുള്ള പരിക്ക് ഭേദപ്പെട്ടതായാണ് വിലയിരുത്തൽ. ഈവർഷം ആദ്യത്തോടെയാണ് പുതിയ സീസണിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയത്. വിവിധ ഡയമണ്ട് ലീഗുകൾ കൂടാതെ ലോക ചാമ്പ്യൻഷിപ്പ് സെപ്‌തംബറിലുണ്ട്. പോളണ്ടിൽ 23ന് നടക്കുന്ന ജാനുസ് കുസോസിൻസ്‌കി സ്‌മാരക മീറ്റിൽ നീരജ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് ജൂൺ 24ന് ഒസ്‌ട്രാവാ മീറ്റുണ്ട്. സെപ്‌തംബർ 13 മുതൽ 21വരെ ടോക്യോയിലാണ് ലോക ചാമ്പ്യൻഷിപ്പ്.
സെലെസ്‌നി വിജയക്കൂട്ട്
ദോഹ: നീരജ് ചോപ്ര 90 മീറ്റർ മറികടന്നത് പുതിയ കോച്ചിനുകീഴിൽ. ജാവലിൻത്രേയിലെ ലോക റെക്കോഡുകാരനായ ചെക്ക് താരം യാൻ സെലെസ്‌നി ഫെബ്രുവരിമുതൽ നീരജിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ‘ടെക്‌നിക്കിൽ’ വരുത്തിയ ചെറിയ മാറ്റങ്ങളാണ് വലിയ ത്രോ സാധ്യമാക്കിയത്. ജർമൻകാരനായ ക്ലോസ് ബർടോണിറ്റ്‌സിന്റെ കീഴിലാണ് നീരജ് ലോക നിലവാരത്തിലുള്ള അത്‌ലീറ്റായി രൂപപ്പെട്ടത്. 2019 മുതൽ 2024 പാരിസ് ഒളിമ്പിക്‌സ്‌വരെ കോച്ചായിരുന്ന അദ്ദേഹത്തിനൊപ്പമാണ് രണ്ട് വീതം ഒളിമ്പിക്‌സ്, ലോക മെഡലുകൾ സാധ്യമായത്.
പുതിയ കോച്ച് ചില്ലറക്കാരനല്ല. 1996ൽ സ്ഥാപിച്ച 98.48 മീറ്റർ ലോകറെക്കോഡ് ഇപ്പോഴും തകർക്കാനായിട്ടില്ല. മൂന്ന് തവണവീതം ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് സ്വർണം നേടിയ താരമാണ്. കഴിഞ്ഞ നാലുമാസമായി ദക്ഷിണാഫ്രിക്കയിലായിരുന്നു പരിശീലനം. പുതിയ കോച്ചിനുകീഴിൽ മികച്ച പ്രകടനം സാധ്യമാവുമെന്ന് നീരജ് പറഞ്ഞു. ദോഹ ഡയമണ്ട് ലീഗിൽ മത്സരത്തിന് തൊട്ടുമുമ്പ് കോച്ച് പറഞ്ഞത് ഈ രാത്രി 90 മീറ്റർ കടക്കാനാവുമെന്നാണ്. ആ പ്രതികരണം നൽകിയ ആത്മവിശ്വാസം നിർണായകമായി. 90 മീറ്റർ കടന്നപ്പോഴും പറഞ്ഞത് ഇനിയും രണ്ടോ മൂന്നോ മീറ്റർകൂടി എറിയാൻ പറ്റുമെന്നാണ്.
ദോഹ ഡയമണ്ട് ലീഗ്
1. ജൂലിയൻ വെർബർ (ജർമനി) 91.06 മീറ്റർ
2. നീരജ് ചോപ്ര (ഇന്ത്യ) 90.23 മീറ്റർ
3. ആൻഡേഴ്‌സൺ പീറ്റേഴ്‌സ്(ഗ്രനഡ) 85.64 മീറ്റർ
4. കെഷോൺ വാൽകോട്ട്(ട്രിനിഡാഡ്) 84.65 മീറ്റർ
5.അഹമ്മദ് സമി മുഹമ്മദ് ഹുസൈൻ (ഈജിപ്‌ത്) 80.95 മീറ്റർ
6. ഒളിവർ ഹെലാൻഡർ(ഫിൻലൻഡ്) 79.61 മീറ്റർ
7. യാകൂബ് വാദ്‌ലെജ്(ചെക്ക്) 79.60 മീറ്റർ
8. കിഷോർകുമാർ ജെന(ഇന്ത്യ) 78.60 മീറ്റർ
9. ജൂലിയസ് യെഗൊ(കെനിയ) 78.52 മീറ്റർ
10. റോഡെറിക് ജെൻകി(ജപ്പാൻ) 76.49 മീറ്റർ
11. മാക്‌സ് ഡെനിങ്(ജർമനി) 74 മീറ്റർ









0 comments