ജാവലിനിൽ മെഡൽപ്പോരിൽ പതറി ഇന്ത്യ ; സ്വർണം നിലനിർത്താനാകാതെ നീരജ് ചോപ്ര

ടോക്യോ: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര പുറത്ത്. 85 മീറ്ററിനപ്പുറം കണ്ടെത്താൻ താരത്തിനാകാഞ്ഞതോടെ അവസാന ആറ് പേരുടെ പട്ടികയിലേക്ക് മുന്നേറാൻ കഴിയാതെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ 83 മീറ്ററും രണ്ടാം ത്രോയിൽ 84.03 മീറ്ററും ദൂരമെറിഞ്ഞ് എട്ടാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും അവസാന ആറ് സ്ഥാനങ്ങളിലേക്ക് മുന്നേറാൻ സാധിച്ചില്ല.
ലോകവേദിയിൽ ഒരിക്കൽകൂടി പൊന്നണിയാനുള്ള നീരജ് ചോപ്രയുടെയും രാജ്യത്തിന്റെയും ആഗ്രഹങ്ങൾക്ക് വലിയയടിയാണ് വ്യാഴാഴ്ച ഏറ്റത്. ലോക അത്‌ലറ്റിക്‌സ് യോഗ്യതാ റൗണ്ടിൽ ആദ്യ ഏറിൽത്തന്നെ ഇരുപത്തേഴുകാരൻ ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. 84.85 മീറ്ററാണ് താണ്ടിയത്. ഫൈനലിലെത്താൻ വേണ്ടിയിരുന്നത് 84.50 മീറ്ററായിരുന്നു. മെഡൽപ്പോരിന് അർഹത നേടിയ ഇന്ത്യയുടെ സച്ചിൻ യാദവാണ് ഇക്കുറി ആശ്വാസമായത്. നീരജിന്റെ പുറത്താകൽ നിരാശപ്പെടുത്തിയെങ്കിലും 86.27 മീറ്റർ ദൂരമെറിഞ്ഞ് സച്ചിൻ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇതിനുമുമ്പ് ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിട്ടുണ്ട് സച്ചിൻ.
മുൻപ് രോഹിത് യാദവിനും(77.51) യാഷ്‌വീർ സിങ്ങിനും(77.51) യോഗ്യത നേടാനായിരുന്നില്ല. രണ്ട് ഗ്രൂപ്പിലായി 37 താരങ്ങൾ അണിനിരന്ന യോഗ്യതാ റൗണ്ടിനുശേഷം 12 പേരാണ് ഫൈനലിലെത്തിയത്. അതിൽ ഏഴ് പേർക്കാണ് നേരിട്ട് യോഗ്യത. അഞ്ച് പേർക്ക് മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവസരം കിട്ടി. നീരജ് അടക്കം ഏഴ് താരങ്ങൾ 90 മീറ്റർ മറികടന്നവരാണ്. എന്നാൽ, യോഗ്യതാ റൗണ്ടിൽ ആരും 90 മീറ്റർ എറിഞ്ഞില്ല. ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സിന്റേതാണ്(89.53) മികച്ച ദൂരം. പാകിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യൻ അർഷാദ് നദീം 85.28 മീറ്ററുമായി അഞ്ചാമതാണ്. നീരജിന് ആറാംസ്ഥാനം.
പാരിസ് ഒളിമ്പിക്‌സിൽ 92.97 മീറ്റർ എറിഞ്ഞ് അർഷാദ് സ്വർണം നേടിയിരുന്നു. നീരജ് 89.45 മീറ്ററുമായി രണ്ടാമതായി. കഴിഞ്ഞതവണ(2023) ബുഡാപെസ്‌റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് ചാമ്പ്യനായത്. അർഷാദ് വെള്ളിയും ചെക്ക് താരം യാകൂബ് വാദ്‌ലെ വെങ്കലവും സ്വന്തമാക്കി. പാരിസ് ഒളിമ്പിക്‌സിനുശേഷം ആദ്യമായാണ് നീരജും അർഷാദും മുഖാമുഖമെത്തിയത്. ഇന്ത്യയുടെ നാല് താരങ്ങൾ ഒരുമിച്ച് ജാവലിൻ ത്രോയിൽ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്നാൽ, രോഹിത് യാദവിനും യാഷ്‌വീറിനും ഫൈനലിലേക്ക് മുന്നേറാനായില്ല. രോഹിത് 28–ാം സ്ഥാനത്തും യാഷ്‌വീർ 30–ാം സ്ഥാനത്തും അവസാനിപ്പിച്ചു.
തിരിച്ചടിയായത് സ്വർണ തുടർച്ചയ്ക്കും
ജാവലിൻ ത്രോ സ്വർണം നിലനിർത്തുന്ന മൂന്നാമത്തെ താരമാകാനുള്ള നീരജ് ചോപ്രയുടെ പ്രതീക്ഷ കൂടിയാണ് മത്സരത്തോടെ അവസാനിച്ചത്. ചെക്ക് ഇതിഹാസ താരം യാൻ സെലൈസ്‌നിയും (1993, 1995) ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സും (2019, 2022) മാത്രമാണ് ഇൗ നേട്ടം കൈവരിച്ചിട്ടുള്ളത്. ലോക റെക്കോഡുകാരൻകൂടിയായ സെലെസ്‌നിയാണ് ഇപ്പോൾ നീരജിന്റെ കോച്ച്. ഇൗവർഷം സെലെസ്‌നിയുടെ കീഴിലാണ് 90 മീറ്റർ എന്ന കടമ്പ മറികടന്നത്. നീരജ് രണ്ടുതവണ ലോക മെഡൽ നേടിയിട്ടുണ്ട്. 2022ൽ അമേരിക്കയിലെ യൂജിനിൽ വെള്ളിയും(88.13 മീറ്റർ) 2023ൽ ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ സ്വർണവും(88.17) കരസ്ഥമാക്കി.









0 comments