Deshabhimani

സ്വർണനേട്ടത്തിൽ സന്തോഷമുണ്ട്‌, പക്ഷേ തൃപ്തനല്ല: നീരജ്‌ ചോപ്ര

NEERAJ CHOPRA
avatar
Sports Desk

Published on Jun 25, 2025, 05:18 PM | 1 min read

ഒസ്‌ട്രാവാ (ചെക്ക്‌): ഗോൾഡൻ സ്‌പൈക്ക്‌ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടത്തിൽ പ്രതികരണവുമായി ജാവലിൻ ത്രോ താരം നീരജ്‌ ചോപ്ര. സ്വർണ നേട്ടത്തിൽ സന്തോഷവാനാണെങ്കിലും തന്റെ പ്രകടനത്തിൽ തൃപ്‌തനല്ലെന്നാണ്‌ നീരജിന്റെ പ്രതികരണം. മീറ്റിൽ 85.29 മീറ്റർ എറിഞ്ഞാണ്‌ നീരജ്‌ സ്വർണം നേടിയത്‌. കഴിഞ്ഞ മാസം ദോഹയിൽ കുറിച്ച 90.23 മീറ്ററാണ്‌ നീരജിന്റെ മികച്ച ദൂരം.


മത്സരത്തിൽ സ്വർണം നേടിയതിൽ സന്തോഷമുണ്ടെങ്കിലും എന്റെ പ്രകടനത്തിൽ ഞാൻ തൃപ്തനല്ല. കുട്ടിയായിരുക്കുമ്പോൾ തന്നെ ഗോൾഡൻ സ്‌പൈക്ക്‌ മത്സരങ്ങൾ കാണാറുണ്ട്‌. യുസൈൻ ബോൾട്ട്‌, യാൻ ഷെലസ്‌നി എന്നിവർ ഗോൾഡൻ സ്‌പൈക്ക്‌ നേടുന്നതും കണ്ടിരുന്നു. അന്ന്‌ മീറ്റിൽ സ്വർണം നേടുന്നത്‌ സ്വപ്‌നം കാണുകയും ചെയ്തു.– മത്സരശേഷം നീരജ്‌ പറഞ്ഞു.


ചെക്ക്‌ റിപ്പബ്ലിക്കിൽ ജാവലിൻ ത്രോ ജനകീയമായ കായിക വിനോദമാണ്‌. ഇവിടെ മത്സരിക്കുമ്പോൾ കാണികളിൽ നിന്ന്‌ ലഭിക്കുന്ന പിന്തുണ വളരെ വലുതുമാണ്‌. ഈ കാണികളുടെ മുൻപിൽ വച്ച്‌ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കേണ്ടതായിരുന്നു.–നീരജ്‌ കൂട്ടിച്ചേർത്തു.


ചെക്ക്‌ റിപ്പബ്ലിക്കിലെ ഒസ്‌ട്രാവയിൽ നടന്ന ഗോൾഡൻ സ്‌പൈക്ക്‌ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിലെ നീരജിന്റെ ആദ്യ ത്രോ ഫൗളായിരുന്നു. രണ്ടാമത്തേത്‌ 83.45 മീറ്റർ. മൂന്നാമത്തേതാണ്‌ വിജയദൂരം താണ്ടിയത്‌. തുടർന്ന്‌ 82.17 മീറ്ററും 81.01 മീറ്ററും എറിഞ്ഞു. അവസാനത്തേത്‌ ഫൗളായി. ദക്ഷിണാഫ്രിക്കയുടെ ഡൗ സ്‌മിത്ത്‌ 84.12 മീറ്റർ എറിഞ്ഞ്‌ രണ്ടാമതെത്തി. ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ 83.63 മീറ്ററോടെ മൂന്നാമതായി. ഒമ്പതുപേരാണ്‌ മത്സരത്തിൽ പങ്കെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home