കടമ്പകൾക്കുമീതെ വിത്യ

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോഡോടെ സ്വർണത്തിലേക്ക് കുതിക്കുന്ന തമിഴ്നാടിന്റെ വിത്യ രാംരാജ് ഫോട്ടോ/ സുനോജ് നെെനാൻ മാത്യു
എസ് ശ്രീലക്ഷ്‌മി
Published on Apr 24, 2025, 04:44 AM | 1 min read
കൊച്ചി : കടമ്പകൾക്കുമീതെ വിത്യ രാംരാജ് പറന്നിറങ്ങിയപ്പോൾ പുതിയ റെക്കോഡ് പിറന്നു. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിന്റെ മൂന്നാം ദിനം വനിതകളുടെ 400 മീറ്റർ ഹർഡിൽസിലാണ് പുതിയ സ്വർണസമയം – -56.04 സെക്കൻഡ്. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് ഏഷ്യൻ മീറ്റിനുള്ള യോഗ്യതയും ഇരുപത്താറുകാരി കരസ്ഥമാക്കി.
57.80 സെക്കൻഡായിരുന്നു യോഗ്യതാസമയം. 2019ൽ സരിതാബെൻ ഗെയ്‌ക്ക്‌വാദ് കുറിച്ച 57.21 സെക്കൻഡാണ് മായ്‌ച്ചത്. തമിഴ്‌നാട്ടുകാരിയുടെ രണ്ടാം മെഡലാണ്. 400 മീറ്ററിൽ വെള്ളിയുണ്ട്. കേരളത്തിന്റെ അനു രാഘവൻ (58.26) രണ്ടാമതെത്തിയെങ്കിലും ഏഷ്യൻ യോഗ്യത നേടാനായില്ല. തമിഴ്‌നാടിന്റെ ആർ അശ്വിനിക്കാണ് വെങ്കലം (1:02.41).
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ കർണാടകയുടെ പി യശസിന് നേരിയ വ്യത്യാസത്തിലാണ് ഏഷ്യൻ അത്‌ലറ്റിക്‌സ് യോഗ്യത നഷ്ടമായത്. 49.32 സെക്കൻഡിലായിരുന്നു ഫിനിഷിങ്. 49.19 സെക്കൻഡാണ് യോഗ്യതാ സമയം.
വനിതാ ട്രിപ്പിൾ ജമ്പിൽ മഹാരാഷ്ട്രയുടെ നിഹാരിക വസിഷ്‌ഠിനാണ് സ്വർണം (13.49 മീറ്റർ). ഏഷ്യൻ അത്‌ലറ്റിക്‌സിന് യോഗ്യത (13.68 മീറ്റർ) കിട്ടാത്തതിൽ നിരാശയുണ്ടെന്ന് നിഹാരിക പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തോളം പേർ പിന്തുടരുന്ന കണ്ടന്റ് ക്രിയേറ്റർ കൂടിയാണ്. ഇൻസ്റ്റഗ്രാം വരുമാനത്തിലൂടെയാണ് പരിശീലനത്തിനും മറ്റുമുള്ള തുക കണ്ടെത്തുന്നത്. മറ്റു സ്‌പോൺസർമാരില്ല. പരിശീലനത്തിന്റെ വീഡിയോകളെല്ലാം പങ്കുവയ്‌ക്കുമ്പോൾ നിരവധി പേരുടെ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും നിഹാരിക പറഞ്ഞു. ജെഎസ്ഡബ്ല്യുവിനായി മത്സരിച്ച മലയാളിതാരം സാന്ദ്രാ ബാബു വെള്ളിയും (13.48) കേരളത്തിന്റെ എൻ വി ഷീന വെങ്കലവും (13.25) നേടി. സമാപന ദിനമായ ഇന്ന് 13 ഇനങ്ങളിലാണ് ഫൈനൽ. ഹീറ്റ്‌സിൽ മലയാളിയായ പി മുഹമ്മദ് അഫ്‌സൽ, ഉത്തരാഖണ്ഡിന്റെ അനുകുമാർ, മഹാരാഷ്‌ട്രക്കാരൻ പ്രകാശ് ഗദാദെ എന്നിവർ ഏഷ്യൻ മീറ്റിന് ടിക്കറ്റെടുത്തു.









0 comments