ആദ്യദിനം രണ്ട് മീറ്റ് റെക്കോഡ്
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് ; വേഗത്തിൽ ഞെട്ടിച്ച് പ്രണവ്

എറണാകുളത്ത് നടക്കുന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക്--സിൽ പുരുഷൻമാരുടെ 100 മീറ്ററിൽ റെയിൽവേസിന്റെ പ്രണവ് പ്രമോദ് (നടുവിൽ) സ്വർണം നേടുന്നു /ഫോട്ടോ: വി കെ അഭിജിത്
ജെയ്സൺ ഫ്രാൻസിസ്
Published on Apr 22, 2025, 04:13 AM | 2 min read
കൊച്ചി : പുരുഷന്മാരുടെ അതിവേഗ ട്രാക്കിൽ പ്രണവ് പ്രമോദ് ഗുരവിന്റെ കിടിലൻ ഫിനിഷ്. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ 10.27 സെക്കൻഡിലാണ് 100 മീറ്റർ പൂർത്തിയാക്കിയത്. ദേശീയ റെക്കോഡുകാരൻ ഗുരീന്ദർവിർ സിങ്, ദേശീയ ഗെയിംസ് സ്വർണ ജേതാവ് അനിമേഷ് കുജുർ, മുൻ റെക്കോഡുകാരായ അംലൻ ബോർഗോഹെയ്‌ൻ, മണികണ്‌ഠ ഹോബ്ലിധർ എന്നിവരെ പിന്തള്ളിയാണ് മഹാരാഷ്ട്ര സ്വദേശിയും റെയിൽവേ താരവുമായ ഇരുപത്തിനാലുകാരന്റെ നേട്ടം.
ഡെറാഡൂണിൽ നടന്ന ദേശീയ ഗെയിംസിൽ ഒഡിഷയുടെ അനിമേഷിന് പിന്നിൽ രണ്ടാമതായിരുന്നു. അനിമേഷ് 10.32 സെക്കൻഡിൽ വെള്ളിയും കർണാടകയുടെ മണികണ്‌ഠ (10.35) വെങ്കലവും നേടി. ഗുരീന്ദർവിർ സിങ് അവസാനക്കാരനായി. നേരിയ വ്യത്യാസത്തിലാണ് പ്രണവിന് ഏഷ്യൻ മീറ്റിനുള്ള യോഗ്യത നഷ്‌ടമായത്. യോഗ്യതാസമയം 10.25 സെക്കൻഡായിരുന്നു. സെമിയിൽ മണികണ്‌ഠ 10.25 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് മീറ്റ് റെക്കോഡിട്ടിരുന്നു. ഏഷ്യൻ മീറ്റിന് യോഗ്യതയും നേടി. പക്ഷേ, ഫൈനലിൽ മികച്ച പ്രകടനം സാധ്യമായില്ല.
സ്വർണം പുണെയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ദാദയ്‌ക്ക് (അപ്പൂപ്പൻ) സമർപ്പിക്കുന്നതായി പ്രണവ് പറഞ്ഞു. ‘ദേശീയ ഗെയിംസിൽ ഉൾപ്പെടെ ഞാനെന്നും രണ്ടാമനായിരുന്നു. ആ സങ്കടവും ഇതോടെ മാഞ്ഞു. കുട്ടിക്കാലത്ത് സ്‌പോർട്‌സിനെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇല്ല. സ്‌കൂൾ ഗ്രൗണ്ടിൽ നാട്ടുകാർ വാഹനമോടിച്ച് രസിച്ചപ്പോൾ പൊലീസെത്തി അവരെ വിരട്ടിയോടിച്ചപ്പോഴാണ് അത് കളിക്കാനുള്ള സ്ഥലമാണെന്നുതന്നെ തിരിച്ചറിഞ്ഞത്’– -പ്രണവ് പറഞ്ഞു. പതിനെട്ടാം വയസിലാണ് പ്രൊഫഷണൽ രീതിയിൽ പരിശീലനം തുടങ്ങിയത്. നാട്ടിൽനിന്ന് 80 കിലോമീറ്റർ ദൂരം യാത്രചെയ്‌താണ് പരിശീലനം. പ്രമോദ് ഗുരാവ്സു–-വർണ ഗുരാവ് ദമ്പതികളുടെ മകനാണ്. പുണെയിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ്.
വനിതകളിൽ തെലങ്കാനയുടെ നിത്യഗാന്ധെയാണ് വേഗറാണി. 11.50 സെക്കൻഡിലാണ് സ്വർണം. തമിഴ്‌നാടിന്റെ അഭിനയ രാജരാജൻ (11.54) വെള്ളിയും കർണാടകയുടെ എസ് എസ് സ്‌നേഹ (11.62) വെങ്കലവും നേടി. ആർക്കും ഏഷ്യൻ മീറ്റ് യോഗ്യതയില്ല. 11.46 സെക്കൻഡാണ് മറികടക്കേണ്ടിയിരുന്നത്.
ആദ്യദിനം രണ്ട് മീറ്റ് റെക്കോഡ്
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ ആദ്യദിനം രണ്ട് മീറ്റ് റെക്കോഡ്. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ആർമിയുടെ സവാൻ ബർവാൾ 28 മിനിറ്റ് 57. 13 സെക്കൻഡിൽ പുതിയ സമയം കുറിച്ചു.100 മീറ്റർ സെമിയിൽ 10.25 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത കർണാടകയുടെ മണികണ്ഠ ഹൊബ്ലിദാറും മീറ്റ് റെക്കോഡിന് ഉടമയായി. ഇരുവരും ഏഷ്യൻ മീറ്റിനും അർഹത നേടി. 19 താരങ്ങൾ ദക്ഷിണകൊറിയയിൽ അടുത്തമാസം നടക്കുന്ന ഏഷ്യൻ മീറ്റിനുള്ള യോഗ്യത മറികടന്നിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് ഏഴ് താരങ്ങൾ ജാവലിൻത്രോയിലെ യോഗ്യതാദൂരമായ 75.36 മീറ്റർ താണ്ടി. പൊലീസിന്റെ സച്ചിൻ യാദവിനാണ്(83.86 മീറ്റർ) സ്വർണം. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് കിഷോർ കുമാർ ജെന നാലാമതായി.
വനിതകളുടെ 1500 മീറ്ററിൽ ഉത്തരാഖണ്ഡിന്റെ ലിലിദാസ് (4:10.88) ഒന്നാമതെത്തി. ഹരിയാനയുടെ പൂജ(4:12.56) വെള്ളി നേടി. ഇരുവരും ഏഷ്യൻ മീറ്റ് ടിക്കറ്റെടുത്തു. പുരുഷന്മാരിൽ ജെഎസ്‌ഡബ്ല്യു താരമായ യൂനസ് ഷായാണ്(3:41.93) വിജയി. ഏഷ്യൻ യോഗ്യതയും കരസ്ഥമാക്കി. വനിത പോൾവാട്ടിൽ തമിഴ്‌നാടിന്റെ പവിത്ര വെങ്കിടേഷ് നാല് മീറ്റർ താണ്ടി ജേതാവായി. മരിയ ജെയ്‌സൺ അഞ്ചാമതായി.
പുരുഷവിഭാഗം 400 മീറ്ററിൽ മലയാളി താരങ്ങളായ റിൻസി ജോസഫ്, ടി എസ് മനു, അമോജ് ജേക്കബ് എന്നിവർ ഫൈനലിലെത്തി. വനിതകളിൽ രുപാലിനൊപ്പം ഫൈനലിലെത്തിയ കേരളത്തിന്റെ ജിസ്‌ന മാത്യു, കെ സ്‌നേഹ, തമിഴ്‌നാടിന്റെ വിത്യ രാംരാജ്, ശുഭാ വെങ്കിടേഷ്, ഗുജറാത്തിന്റെ ദേവ്യനിബ മഹേന്ദ്രദാസ് എന്നിവർ യോഗ്യതാസമയം മറികടന്നു. ഇന്ന് 400 മീറ്റർ അടക്കം 10 ഇനങ്ങളിൽ ഫൈനൽ നടക്കും. ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിൻ, മുഹമ്മദ് അനീസ്, എസ് ആര്യ എന്നിവർ ഫൈനലിൽ ഇറങ്ങും.









0 comments