ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്‌ക്ക് രണ്ടാം സ്ഥാനം

PHOTO: Facebook/Neeraj Chopra
സൂറിച്ച്: ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ഫൈനലിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് രണ്ടാം സ്ഥാനം. അവസാന ഏറിൽ 85.01 മീറ്റർ എറിഞ്ഞാണ് നേട്ടം. അഞ്ച് ശ്രമങ്ങൾ അവസാനിക്കുമ്പോൾ മൂന്നാമതായിരുന്നു. ആറാം ഏറിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ടിനെ (84.95) മറികടന്നാണ് രണ്ടാമതെത്തിയത്. 91.51 മീറ്ററിൽ ഇൗ വർഷത്തെ മികച്ച പ്രകടനം പുറത്തെടുത്ത ജർമനിയുടെ ജൂലിയൻ വെബെർ ചാമ്പ്യനായി.
നീരജ് ആദ്യ ശ്രമത്തിൽ 84.35 മീറ്ററാണ് എറിഞ്ഞത്. രണ്ടാം ശ്രമത്തിൽ 82 മീറ്റർ. പിന്നാലെ തുടർച്ചയായ മൂന്ന് ശ്രമങ്ങൾ ഫ-ൗളായി. വെബെർ ആദ്യ ഏറിൽ 91.37 മീറ്റർ കുറിച്ച് ആധിപത്യം നേടി. രണ്ടാമത്തെ ഏറിൽ ഒന്നാംസ്ഥാനവും ഉറപ്പാക്കി. നീരജ് ഇൗ വർഷം 90.23 മീറ്ററിൽ മികച്ചദൂരം സ്വന്തമാക്കിയിരുന്നു. ഡയമണ്ട് ലീഗിൽ തുടർച്ചയായ മൂന്നാം വർഷമാണ് നീരജ് റണ്ണറപ്പാകുന്നത്. പുരുഷൻമാരുടെ 100 മീറ്ററിൽ അമേരിക്കയുടെ ക്രിസ്‌റ്റ്യൻ കോൾമാൻ 9.97 സെക്കൻഡിൽ ഒന്നാമതെത്തി.
വനിതകളിൽ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ് (10.76) ജേതാവായി. പുരുഷ 400 മീറ്റർ ഹർഡിൽസിൽ നോർവെയുടെ ക്രിസ്‌റ്റ്യൻ വാർഹോം (46.70) ചാമ്പ്യനായി. പുരുഷ പോൾവോൾട്ടിൽ സ്വീഡന്റെ അർമാൻഡോ ഡുപ്ലന്റിസ് തുടർച്ചയായി അഞ്ചാം തവണയും കിരീടം ചൂടി. പുതിയ റെക്കോഡ് കുറിക്കാനായില്ലെങ്കിലും ആറ് മീറ്റർ ഉയരത്തിൽ ഒന്നാമതെത്താനായി.









0 comments